Flash News

കേന്ദ്ര ഏജന്‍സി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി; ഇഡിക്കെതിരെ ഫയല്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

April 16, 2021

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ചിന് അന്വേഷണമേല്പിച്ച് അവര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത ഇഡിയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് വന്നതോടെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്രൈം ബ്രാഞ്ചിനും മുട്ടിടി തുടങ്ങി. അനാവശ്യമായി തങ്ങളെ കോടതി കയറ്റിയ പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോലീസിനെതിരെ കേസെടുക്കാനാണ് ഇഡിയുടെ നീക്കം.

ഇഡിയ്ക്കെതിരെ കേസെടുക്കാന്‍ മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ച പോലീസ് അസ്സോസിയേഷന്‍ നേതാവ്, വനിതാ പോലീസിന്റെ മൊഴി രേഖപ്പെടുത്തിയ സൈബർ സെൽ എസ്പി, ചില ജയിൽ ഉദ്യോഗസ്ഥർ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവര്‍ക്കെതിരെ ഇ ഡി കേസെടുക്കുമെന്ന സൂചനയുണ്ട്. അങ്ങനെ വന്നാല്‍ ഈ ഉദ്യോഗസ്ഥരെല്ലാം കുടുങ്ങാനും സാധ്യതയുണ്ട്. ശക്തമായ നീക്കമാണ് ഇഡിയുടെ ഭാഗത്തുനിന്ന് നടക്കുന്നത്. ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ അങ്കലാപ്പും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. കേസെടുത്താല്‍ അതില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമാവില്ല. മാത്രവുമല്ല, സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്യും.

ഇഡിക്കെതിരെ കേസെടുത്താല്‍ അത് തിരിഞ്ഞുകൊത്തും എന്ന് നേരത്തേതന്നെ സംസ്ഥാന പൊലീസ് മേധാവിയടക്കമുളള പൊലീസ് ഉന്നതര്‍ക്ക് വ്യക്തമായി അറിവുണ്ടായിരുന്നതാണ്. അതുകൊണ്ടുതന്നെ ഡി ജി പി ഉള്‍പ്പടെയുള്ള പൊലീസ് ഉന്നതരില്‍ പലരും തൊപ്പിയും തടിയും സുരക്ഷിതമാക്കിയിരുന്നു. ഇഡിക്കെതിരെ കേസെടുത്താല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഡി ജി പി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ അറിയിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കേസെടുക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചശേഷം അതേ നാണയത്തില്‍ അവര്‍ക്കു മറുപടി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
കാര്യങ്ങള്‍ പന്തിയല്ലെന്ന് വ്യക്തമായതോടെ ഇഡിക്കെതിരായ അന്വേഷണ ഉത്തരവില്‍ ഡിജിപി ഒപ്പിട്ടില്ല. പകരം ഒപ്പിട്ടതാകട്ടെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസെടുത്തത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി മറ്റൊരു പ്രതി സന്ദീപ് നായര്‍ ജയിലില്‍നിന്ന് കത്തെഴുതിയിരുന്നു. ഇതിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹൈക്കോടതി കേസുകൾ റദ്ദാക്കിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും. സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top