Flash News

കാലചക്രം തിരിയുന്നത് എങ്ങോട്ട് ?

April 17, 2021 , കുരിയാക്കോസ് മാത്യു

കാലാകാലങ്ങളിൽ പ്രകൃതിയിലും കാലത്തിലുമാണ്ടാകുന്ന മാറ്റങ്ങൾ നോക്കി ലോകത്തിന്റെ ഗതി വിഗതികളെക്കുറിച്ച് മനസ്സിലാക്കുവാൻ പഴയ തലമുറയിൽ ജീവിച്ചിരുന്ന നമ്മുടെ ഒട്ടുമുക്കാലും ആൾക്കാർക്ക് അറിയാമായിരുന്നു. എന്നാൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക്, പ്രത്യേകിച്ച് വിവരസാങ്കേതികവിദ്യയും മറ്റെല്ലാ ആധുനിക അറിവുകളുമുള്ള നമുക്ക് നമ്മുടെ സ്വന്തം സഹജീവികളെ, എന്തിന് സ്വന്തം സഹോദരങ്ങളെയും, മാതാപിതാക്കളുയും ബന്ധുമിത്രങ്ങളെയും ഒന്നും തിരിച്ചറിയാത്ത വിധത്തിൽ നാം എത്തിച്ചേർന്നിരിക്കുകയാണ്. പ്രധാനമായും ഇതിന് മൂന്ന് കാരണങ്ങളാണ്. അതിൽ ഒന്നാമത്തെ കാരണം ഇന്ന്, നമ്മിൽ കൂടുതൽ പേര്‍ക്കും എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു എന്നുള്ളതാണ്. കുടുംബ ബന്ധങ്ങള്‍ ഇന്ന് മുക്കാലും പരാജയത്തിലാണ്. ഒരിക്കലും കേട്ടിട്ടില്ലാത്ത വിധത്തിൽ വിവാഹ മോചനങ്ങളും, വിവാഹേതര ബന്ധങ്ങളും കൂടി വരുന്നു. കാരണം ആർക്കും ആരുടെയും സഹായം കൂടാതെ ജീവിക്കാൻ പറ്റുന്ന രീതിയിലേക്ക് നാം എത്തിക്കഴിഞ്ഞു. രണ്ടാമത്തേത് നമുക്കിന്ന് പണത്തിനോടും മറ്റു കാര്യങ്ങളോടുമുള്ള ഭ്രമം വർധിച്ചു. ഇനിയുള്ള മറ്റൊരു പ്രധാന കാരണം, നമ്മുടെയൊക്കെ ഹൃദയത്തെ ബാധിച്ചിരിക്കുന്ന ആത്മീയാന്ധതയാണ്.

പട്ടിണിയിലും ദാരിദ്ര്യത്തിലുമൊക്കെ ഒക്കെ ജീവിച്ചിരുന്നവരാണൂ നമ്മളിൽ കുറെ പേരെങ്കിലും. അക്കാലത്ത് ഉള്ളതുകൊണ്ട് മറ്റുള്ളവർക്കുകൂടി കൊടുക്കാനും സഹായിക്കാനും സ്നേഹിക്കാനുമൊക്കെ നമുക്കറിയാമായിരുന്നു. ഇന്ന് നാം അതെല്ലാം മറന്നു. കാരണം, സുഖസൗകര്യങ്ങൾ വർദ്ധിച്ചതുതന്നെ. ഒരു കിലോ അരി വാങ്ങിക്കാൻ പോലും കഴിവില്ലാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു നമ്മളിൽ പലർക്കും. നാം എന്തേ അതെല്ലാം ഇത്രയും വേഗത്തിൽ വിസ്മരിച്ചുപോകുന്നു? കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് നമ്മളും എങ്ങോട്ടോ പൊയ്ക്കൊണ്ടിരിക്കുകയാണോ?, ചക്കക്കുരുവും, വാട്ടു കപ്പയും ഉണക്ക മീനും തിന്നു ശീലിച്ച നമുക്കിന്ന് കെ.എഫ്.സിയും, ചീസ് ബർഗറും എന്ന് വേണ്ട എല്ലാ തരത്തിലുള്ള ഭക്ഷണവും ലഭിക്കും. ഒരു സൈക്കിൾ വാങ്ങാൻ പോലും കൊതിച്ച കാലമുണ്ടായിരുന്നു നമ്മളില്‍ പലര്‍ക്കും. ഇന്ന് നമുക്ക് ഔഡി, ബെന്‍സ്, ബി‌എം‌ഡബ്ല്യൂ മുതലായ ആഢംബര വാഹനങ്ങള്‍ വാങ്ങാൻ നമുക്ക് പലർക്കും സാധിക്കും. പക്ഷേ നാം നമ്മുടെ ബന്ധങ്ങൾക്ക്‌ ഒരു വിലയും കൊടുക്കാറില്ല.

എവിടേക്കെന്നോ എങ്ങോട്ടെണോ ഇല്ലാതെ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സൂപ്പര്‍സോണിക് വിമാനം പോലെ പറക്കുകയാണ് നമ്മുടെ ജീവിതം. ഇന്നോ നാളെയോ ഞാനോ നിങ്ങളോ ആര് നമ്മെ വിട്ടു പിരിയുമെന്ന് ആർക്കറിയാം. അഹന്തയും സ്വാർഥതയും കൈമുതലാക്കിയ നമുക്ക് എന്നാണ് ഇനി തിരിച്ചറിവ് ഉണ്ടാകുന്നത്. വരുംതലമുറയെ വഴിയിൽ വെച്ച് കണ്ടാൽ ഒരു ഹായ് പറയുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

മില്ല്യൺ കണക്കിന് പണമുണ്ടാക്കി ഒരു ഭിക്ഷക്കാരൻ മരിക്കുന്നതിലും കഷ്ടമായി ജീവിതം അവസാനിച്ച പലരുടെയും ചരിത്രം നമുക്കറിയാം. എന്തിനോ ഏതിനോ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാമെല്ലാം. എങ്ങോട്ടെന്നറിയാത്ത യാത്ര, ഈ യാത്രക്കിടയിൽ നമ്മുടെ ഉറ്റവരെയും ഉടയവരെയും ബന്ധുമിത്രങ്ങളെയും സ്നേഹിതരെയും തിരിച്ചറിയാൻ സാധിച്ചെങ്കിൽ എത്രയോ ധന്യമായിരുന്നു നമ്മുടെ യാത്ര. ആഴത്തിൽ മനസ്സിൽ മുറിവേൽപ്പിച്ചു മറ്റ് പലരെയും വേദനിപ്പിക്കുന്നു. വാക്കുകള്‍ കൊണ്ടും പ്രവർത്തികൊണ്ടും പലരും യേശുവിനെ ക്രൂശിച്ചതിലും കഷ്ടമായി ക്രൂശിക്കുന്നു. ഇതാണോ നമ്മുടെ ജീവിതം? ഇതാണോ നമ്മുടെ സംസ്കാരം?

കോറോണയും ചാരിത്രത്തിലൊരിക്കലും കാണാത്ത പ്രളയവും നമ്മൾ കണ്ടു, അനുഭവിച്ചു. ഇനിയും ഇതിലും വലിയ മഹാമാരികളും നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള അതിഭയങ്കരമായ കഷ്ടങ്ങളും വരില്ല എന്ന് ആർക്കറിയാം. ഒരു നിമിഷം ചിന്തിക്കൂ… ജീവിത കടലിൻ ഓളങ്ങളിൽ മുങ്ങിത്താണ് ലക്ഷ്യമില്ലാതെ യാത്ര ചെയ്‌ത്‌ ജീവിതം അർത്ഥശൂന്യമായി പോകാതെ നമ്മുടെ ഉറ്റവരേയും ഉടയവരെയും സഹോദരങ്ങളെയും സ്നേഹിതരെയും, ജീവിതത്തിൽ പ്രയാസപ്പെടുന്നവരെയും, ദുരിതം അനുഭവിക്കുന്നവരെയും, ദാരിദ്ര്യം, പട്ടിണി ഇവയൊക്കെയും മൂലം നട്ടം തിരിയുന്നവരെയും കൂടി നമ്മോടു ചേർത്ത് പിടിച്ച്, അവർക്കു കൂടി താങ്ങായി തണലായി തീർന്നാൽ നമ്മുടെ ജീവിതത്തോണി തിരമാലകളിൽ പെട്ട് മുങ്ങിപ്പോകാതെ, ആ ടൈറ്റാനിക് കപ്പൽ മഞ്ഞു മലയിൽ ഇടിച്ചു തകർന്നതുപോലെ തകരാതെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇടയാക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top