Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഐ എസ് ആര്‍ ഒ ചാരക്കേസ്; നമ്പി നാരായണനെ കുടുക്കാന്‍ തന്ത്രം മെനഞ്ഞത് രമണ്‍ ശ്രീവാസ്തവയാണെന്ന് ഫൗസിയ ഹസ്സന്‍

April 17, 2021

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയതും തന്ത്രം മെനഞ്ഞതും രമണ്‍ ശ്രീവാസ്തവയാണെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാലി സ്വദേശിനി ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തി. നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെയുള്ളവര്‍ തന്നെ വളരെയധികം നിര്‍ബ്ബന്ധിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറഞ്ഞു. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി പറയണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മകളെ തന്റെ മുമ്പിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഫൗസിയയുടെ പ്രതികരണം.

ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ ചോര്‍ത്തിക്കിട്ടാന്‍ നമ്പി നാരായണനും ശശികുമാറിനും ഡോളര്‍ നല്‍കിയെന്ന് വ്യാജമൊഴി നല്‍കാനാണ് തന്നെ നിര്‍ബന്ധിച്ചത്. ഇതിന് വിസമ്മതിച്ചപ്പോള്‍ ചോദ്യം ചെയ്യുന്ന പൊലീസുദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. തന്റെ മാറിലും കാലിലുമെല്ലാം അടിച്ചു. തന്റെ മുമ്പിലിട്ട് മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മംഗലാപുരത്ത് പഠിക്കുകയായിരുന്നു തന്റെ മകള്‍. ഗതികെട്ടാണ് ക്യാമറയ്ക്ക് മുമ്പില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കിയെന്നും ഫൗസിയ പറയുന്നു.

തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.

നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണം. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ട്. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുമ്പോള്‍ സഹകരിക്കുമെന്നും ഫൗസിയ പറഞ്ഞു. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top