ഒളിവില്‍ കഴിയുന്ന സനു മോഹനെ മൂകാംബികയില്‍ കണ്ടതായി സൂചന; അന്വേഷണം ശക്തമാക്കി അന്വേഷണ സംഘം

കൊച്ചി: 26 ദിവസം മുമ്പ് എറണാകുളം മുട്ടാര്‍ പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ എന്ന പതിമൂന്നു വയസ്സുകാരി പെണ്‍കുട്ടിയുടെ പിതാവ് സനുമോഹന്‍ മൂകാംബികയിലെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്ന സനു മോഹന്‍ ജീവനക്കാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്നും മുങ്ങി. സനുമോഹനെ പിടികൂടാന്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്.

ലോഡ്ജിലെ ജീവനക്കാര്‍ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബില്‍ തുക പോലും നല്‍കാതെ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് ജീവനക്കാര്‍ കര്‍ണാടക പൊലീസിനെ വിവരമറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അവിടെ താമസിച്ചിരുന്നത് സനുമോഹനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നുണ്ട്.

പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങള്‍ പിന്നിടുകയാണ്. മരണത്തിലെ ദുരൂഹതകള്‍ നീക്കാനോ ഒളിവില്‍ പോയ പിതാവ് സനുമോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിരുന്നില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയില്‍ നിന്ന് കൊച്ചി സിറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്.

മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തി. ഇതേ ദിവസം പുലര്‍ച്ചെ സനു മോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ദുരൂഹത വര്‍ദ്ധിച്ചത്. മാര്‍ച്ച് 21ന് തന്നെയാണ് സനുമോഹന്‍ ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധുവീട്ടിലാക്കുന്നതും.

വൈഗ എന്ന പതിമൂന്നു വയസുകാരി അസാധാരണ കഴിവുള്ള കുട്ടിയായിരുന്നു. ബെല്ലി എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പൂനെയില്‍ സനുമോഹന്‍ താമസിച്ചിപ്പോഴുണ്ടായ ഇടപാടുകളും മറ്റുമാണ് പല പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. ഭാര്യ രമ്യയോട് സനുമോഹന്‍ പറഞ്ഞത് പല പ്രശ്‌നങ്ങളുമുണ്ടെന്നും തന്നെ ഗുണ്ടാസംഘം പിന്തുടരുന്നുണ്ടെന്നുമാണ്. ഏതുനിമിഷവും എന്തും സംഭവിക്കാം. താന്‍ എവിടെയാണെന്നുള്ളത് രഹസ്യമാക്കി വെക്കണം എന്നും ഭാര്യയോട് സനുമോഹന്‍ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment