ഇഡിയ്ക്കെതിരെ കേസെടുത്ത ക്രൈം ബ്രാഞ്ച് പുലിവാല് പിടിച്ച പോലെയായി; ക്രൈം ബ്രാഞ്ചിനെതിരെ ഇഡി തിരിയുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തതെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും വിചാരണക്കോടതിയായ പി.എം.എല്‍.എ കോടതിക്കു കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശം.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനുള്ള ശ്രമമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ക്രൈംബ്രാഞ്ച് അന്വേഷണത്തെ കാണുന്നത്. കേന്ദ്രത്തിന് അനുകൂലമായി ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ അതേക്കുറിച്ചുള്ള അന്വേഷണമായിരിക്കും നടക്കുക. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്നു മൊഴി നല്‍കിയ വനിത പൊലീസ് ഉദ്യോഗസ്ഥയെ മുതല്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വരെ അന്വേഷണത്തിനായി ഇ.ഡി വിളിച്ചുവരുത്തിയേക്കും.

കിഫ്ബിയിലെ ഉന്നതരെ രണ്ട് തവണ വിളിപ്പിച്ചിട്ടും ഹാജരായിരുന്നില്ല. വരും ദിവസങ്ങളില്‍ വീണ്ടും നോട്ടിസ് നല്‍കി ഇവരെ വിളിപ്പിക്കും. അതിന് ശേഷമാകും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുക.

Print Friendly, PDF & Email

Leave a Comment