മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചിക്കാഗോ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ “അമേരിക്കന്‍ ഡ്രീം’ പിന്തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നവരുടെ മുന്‍നിരയിലാണ് മലയാളികളുടെ സ്ഥാനമെന്ന് ഇല്ലിനോയ്‌സ് സ്റ്റേറ്റ് സെനറ്റര്‍ വില്ലിവാളം പറഞ്ഞു. കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തതും, പരസ്പരം വളര്‍ത്തുവാനുള്ള മനസും ആവാം ഇതിനു പ്രധാന കാരണം. അസോസിയേഷനുകള്‍ വഴിയായും മറ്റും ആളുകളെ ഏകോപിപ്പിക്കുവാനും, സമസ്ത മേഖലയിലും അവരുടെ വളര്‍ച്ചയ്ക്കായി വിഭവങ്ങള്‍ ഉപയോഗിക്കുവാനുമുള്ള മലയാളികളുടെ നേതൃപാടവം പ്രശംസാവഹമാണെന്ന് സെനറ്റര്‍ കൂട്ടിച്ചേര്‍ത്തു.

ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചിക്കാഗോയില്‍ നിന്നുള്ള സിറിയക് കൂവക്കാട്ടിലിന് ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോ (കെസിഎസ്) ഏര്‍പ്പെടുത്തിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, അമേരിക്കന്‍ പൊതുസമൂഹത്തിലും സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വം കൂടുതല്‍ ഇന്ത്യന്‍ വംശജരെ, വിശേഷിച്ചും ചെറുപ്പക്കാരെ അമേരിക്കന്‍ പൊതുസമൂഹത്തിന്റെ നേതൃത്വത്തിലേക്ക് എത്തിക്കുവാന്‍ കാരണമാകട്ടെ എന്നു അദ്ദേഹം ആശംസിച്ചു.

കെസിഎസ് പ്രസിഡന്റ് തോമസ് പൂതക്കരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെസിഎസിന്റേയും, കെസിസിഎന്‍എയുടേയും മുന്‍ പ്രസിഡന്റുമാര്‍, ചിക്കാഗോയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകളുടെ നേതാക്കന്മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെസിസിഎന്‍എ ട്രഷറര്‍ ജെയ്‌മോന്‍ കട്ടിണശേരില്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവരേയും യോഗം ആദരിച്ചു. ലിന്‍സണ്‍ കൈതമല യോഗത്തിന് സ്വാഗതവും, ഷിബു മുളയാനികുന്നേല്‍ കൃതജ്ഞതയും അര്‍പ്പിച്ച് സംസാരിച്ചു. കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുതന്നെ സംഘടിപ്പിക്കപ്പെട്ട ചടങ്ങുകള്‍ക്ക് കെസിഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് ആനമല, ആല്‍ബിന്‍ ഐക്കരോത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment