അരിസോണ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ദേശീയ ഗാർഡിനെ വിന്യസിച്ചു

അരിസോണ: അരിസോണ ഗവർണർ ഡഗ് ഡ്യൂസി മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, പ്രാദേശിക നിയമപാലകരെ സഹായിക്കാൻ 250 നാഷണല്‍ ഗാർഡ് സൈനികരെ വിന്യസിക്കുകയും ചെയ്തു.

യുഎസ് അതിർത്തിയിലെ സ്ഥിതി അനിയന്ത്രിതമായതിനെത്തുടര്‍ന്ന് പ്രാദേശിക നിയമപാലകരും മേയർമാരും സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു എന്ന് റിപ്പബ്ലിക്കൻ ഗവർണർ ഡ്യൂസി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നാഷണൽ ഗാർഡ് സേവനത്തിന് 25 മില്യൺ ഡോളർ സംസ്ഥാനം അനുവദിക്കുമെന്ന് ഡ്യൂസി പറഞ്ഞു. എന്നാൽ വിന്യാസം എത്രത്തോളം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങളിൽ പലതും ഒഴിവാക്കുമെന്ന് ജനുവരിയില്‍ ജോ ബൈഡന്‍
പ്രതിജ്ഞയെടുത്തതിനെത്തുടർന്ന് മെക്സിക്കോയുടെ അതിർത്തിയിൽ കുടിയേറ്റക്കാരുടെ വേലിയേറ്റമായി എന്ന് ആരോപിക്കപ്പെടുന്നു.

അതിർത്തിയിലെ സ്ഥിതി “പ്രതിസന്ധി” എന്ന് വിശേഷിപ്പിച്ച് ഡ്യൂസി ബൈഡന്‍ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ വിമര്‍ശിച്ചു. “ഈ ഭരണകൂടം ഒന്നും ചെയ്യാൻ പോകുന്നില്ലെങ്കിൽ ഞങ്ങൾ ചെയ്യും,” ഡ്യൂസി പറഞ്ഞു.

അനധികൃതമായി അതിർത്തി കടക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം ഈ വർഷം അതിവേഗം കുതിച്ചുയര്‍ന്നതുമായി ബന്ധപ്പെട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് അരിസോണ. അതിർത്തിയിൽ പട്രോളിംഗ് ഏജന്റുമാർ മാർച്ചിൽ 168,000 പേരെ അറസ്റ്റുചെയ്തു. ഡിസംബറിൽ ഇത് 71,000 ആയിരുന്നു.

കഴിഞ്ഞ മാസം ടെക്സസ് അതിർത്തിയിൽ അഞ്ഞൂറോളം ദേശീയ ഗാർഡ് സൈനികരെ വിന്യസിച്ചിരുന്നുവെങ്കിലും സംസ്ഥാന ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, അരിസോണയിലെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ, ഡ്യൂസിയുടെ പ്രവർത്തനങ്ങൾ “അതിർത്തി കൂടുതൽ സൈനികവൽക്കരിക്കുകയും അനാവശ്യവും നീതിയുക്തവുമായ ഭയം ജനിപ്പിക്കുകയും ചെയ്യുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല” എന്ന് ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment