Flash News

അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു

April 22, 2021

സോളാർ തട്ടിപ്പ് കേസിൽ പ്രതിയായ സരിതാ എസ് നായര്‍ കോടതിയുടെ വാറണ്ടുകള്‍ നിരന്തരം അവഗണിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായി. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പോലീസാണ് തിരുവനന്തപുരത്തുള്ള സരിതയുടെ വസതിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയ കോടതി ഫെബ്രുവരി പത്തിനു അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് സരിത കോടതിയില്‍ ഹാജരാകാത്തതെന്നാണ് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തെരെഞ്ഞെടുപ്പു പ്രചാരണ രംഗത്തടക്കം യു.ഡി.എഫ് നേതാക്കളെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവനയിറക്കാനും മറ്റ് നടപടികള്‍ക്കും സി.പി.എം സരിതയെ ഉപയോഗിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

സോളാർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ്ജ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന പേരില്‍ 42.70 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്.

സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നാണിത്. വിധി പറയാനായി മാറ്റി വെച്ച കേസിലാണ് അറസ്റ്റ്. മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസ് മാറ്റിവെക്കുകയായിരുന്നു. അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു.

അറസ്റ്റിലായ സരിതയെ കോടതി റാമാന്റ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സരിതയെ അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കേസ് വീണ്ടും 27ന് പരിഗണിക്കും. കേസില്‍ സരിത രണ്ടാം പ്രതിയാണ്. ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി.

പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസിൽ നിന്ന് സഹായം പ്രതീക്ഷിച്ചത് കൊണ്ടാവണം ഇന്ന് അറസ്റ്റിലായ കേസിൽ സരിത എസ് നായർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാതിരുന്നത്.

നിലവില്‍ സി.പി.എം, സി.പി.ഐ പ്രദേശിക നേതാക്കളുടെ സഹായത്തോടെ സരിത നടത്തിയ തൊഴില്‍ത്തട്ടിപ്പും പുറത്തു വന്നിരുന്നു. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ബീവറേജസ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി സ്പര്‍ജന്‍ കുമാര്‍ എന്നിവരടക്കം വിഷയത്തില്‍ ആരോപണവിധേയരായി നില്‍ക്കുമ്പോഴാണ് സരിത അറസ്റ്റ് ചെയ്യപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top