കോവിഡ് വാക്‌സിനേഷന്‍ ബോധവത്കരണ സെമിനാര്‍ ഏപ്രില്‍ 25 ഞായറാഴ്ച

ഫീനിക്‌സ്: അരിസോണയിലെ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (അസീന) കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 25 ഞാറാഴ്ച വൈകീട്ട് അരിസോണ സമയം 5:00 മണിക്ക് (MST) ആരംഭിക്കുന്ന ഈ വെര്‍ച്വല്‍ പരിപാടിയില്‍ മെഡിക്കല്‍ സേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. തോമസ് ചട്ടത്തില്‍ (ന്യൂയോര്‍ക്ക്) മുഖ്യപ്രഭാഷണം നടത്തും.

കോവിഡ് ആഗോളതലത്തില്‍ ഗുരുതരമായ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ വാക്‌സിനേഷന്‍ മാത്രമാണ് ഒരു പ്രതിവിധി. എന്നാല്‍ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചരണങ്ങളും സമൂഹത്തില്‍ നടക്കുന്ന ഒരുഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. അടിസ്ഥാനരഹിതമായതു മുതല്‍ ആശങ്കാജനമായതുവരെ പ്രചാരണങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളില്‍ അതിരുകടന്ന ആശങ്ക പടരുന്നുവോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ടു ബഹുജനങ്ങളില്‍ ശരിയായ അവബോധം സൃഷിടിച്ച് അവരുടെ സംശയ ദൂരീകരണമാണ് ഇതിനുള്ള ഏക പ്രതിവിധി.

മാര്‍ച്ച് 24 മുതല്‍ 16 വയസ്സിനു മുകളിലുള്ള ആര്‍ക്കും ആരിസോണയില്‍ വാക്‌സിന്‍ ലഭ്യമാണ്. സ്‌റ്റേറ്റ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഏകദേശം 28 ലക്ഷംപേര്‍ക്ക് ഇതിനോടകം വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിച്ചിട്ടുണ്ട്.

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും, ആശങ്കകള്‍ ദൂരീകരിക്കുന്നതിനും ആളുകളില്‍ വാക്‌സിനേഷനെ കുറിച്ച് കൂടുതല്‍ ബോധവത്കരണം നടത്താനും, കുത്തിവെപ്പ് സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ സെമിനാറിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതംചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അസീനയുടെ ഫേസ്ബുക്ക്‌പേജില്‍ (https://www.facebook.com/azina21) കൂടിയും സെമിനാറിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News