കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ നിരീക്ഷണ സര്‍വേയില്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം

ഹൂസ്റ്റണ്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. നടത്തിയ സര്‍‌വ്വെയില്‍ യുഡി‌എഫിന് മുന്‍‌തൂക്കം.

ഏപ്രില്‍ 23-ാം തീയതി സൂം വെര്‍ച്വലിലൂടെ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത് അന്തിമ സര്‍വ്വെ ഫലം പ്രഖ്യാപിച്ചു. യു.ഡി.എഫ് – 73, എല്‍.ഡി.എഫ് – 65, എന്‍.ഡി.എ – 1, ട്വന്റി ട്വന്റി – 1, എന്നിങ്ങനെയാണ് സീറ്റ് വിജയനില കണ്ടെത്തിയത്. ഏതൊരു അഭിപ്രായ സര്‍വ്വെ വോട്ടെടുപ്പ് എന്ന രീതിയില്‍ മാത്രം ഈ പ്രഖ്യാപനത്തെയും കണ്ടാല്‍ മതി എന്ന് ഡിബേറ്റ് ഫോറം വാളണ്ടിയേഴ്‌സ് അഭിപ്രായപ്പെട്ടു.

വെര്‍ച്വല്‍ (സൂം) അവലോകന നിരീക്ഷണ യോഗത്തില്‍ വൈവിധ്യമേറിയ രാഷ്ട്രീയ ആശയ സംഘടനകളുടെ ഒരു സൗഹൃദ വേദിയായി മാറി. ഇലക്ഷന്‍ വരുന്നു എന്ന ബോധ്യമായതോടെ ഭരണകക്ഷിയായ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് പണമെടുത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും അനുകൂലമായ ഏതാണ്ട് സകല മീഡിയായേയും പാട്ടിലാക്കി സര്‍ക്കാരിന്റെ നേട്ടങ്ങളെയും നയങ്ങളെയും ഊതിവീര്‍പ്പിച്ച് പബ്ലിസിറ്റി-പബ്ലിക് റിലേഷന്‍-പരസ്യങ്ങളുടെ പെരുമഴയിലൂടെ പൊതുജനത്തെ കൈയ്യിലെടുക്കുകയായിരുന്നു. പ്രതിപക്ഷം കണ്ടെത്തിയതും ആരോപിച്ചതുമായ സര്‍ക്കാരിന്റെ അഴിമതി, അക്രമം, ഖജനാവു ധൂര്‍ത്തടിക്കല്‍, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങള്‍ ഒന്നും പൊതുജനങ്ങള്‍ കാര്യമായി ഗൗനിച്ചതായി കണ്ടില്ലാ. സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റും, മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും വൈകുന്നേരങ്ങളിലുള്ള പ്രസ്മീറ്റ് വാര്‍ത്താവായനകളിലും ജനം വിശ്വസിക്കുകയും ആശ്വാസം കണ്ടെത്തുകയും ചെയ്തു. പ്രളയ ഫണ്ടു തട്ടിപ്പ്, പോലീസിന്റെ അഴിഞ്ഞാട്ടം എല്ലാം ജനം കാര്യമായെടുത്തില്ല.

അതിനിടയിലാണ് മറ്റേത് മുന്നണിയേക്കാളും പാര്‍ട്ടിയേക്കാളും മുന്നിലായി അവര്‍ സീറ്റു വിഭജനം നടത്തിയത്. പലവട്ടം മത്സരിച്ചവരേയും പല
വമ്പന്മാരേയും ഒഴിവാക്കി സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും മറ്റു മുന്നണികളേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം കൊടുത്ത് സീറ്റു വിഭജനം പൂര്‍ത്തിയാക്കിയത് അവര്‍ക്കൊരു നേട്ടമായി. അടുപ്പക്കാര്‍ക്കും, സ്വന്തക്കാര്‍ക്കും കുറച്ചു സീറ്റുകള്‍ നല്‍കിയതിന്റെ പൊട്ടലുംചീറ്റലും അവര്‍ ഏകാധിപത്യപരമായി അടിച്ചൊതുക്കി. അങ്ങനെ ആകെ ഭരണകക്ഷിയായ എല്‍.ഡി.എഫിന് ഒരു ഭരണതുടര്‍ച്ചയെന്നു തന്നെയെന്ന് മീഡിയാകള്‍ വിധി എഴുതിയെന്ന് അവലോകനയോഗത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

യു.ഡി.എഫിലെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലുള്ള സീറ്റു പങ്കുവയ്ക്കല്‍ യു.ഡി.എഫിനു ക്ഷീണമായി. എങ്കിലും മറ്റ് ഏതു ഇലക്ഷനേക്കാളും യുവജനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സ്ഥാനാര്‍ത്ഥികള്‍ യു.ഡി.എഫിന് ആത്മവിശ്വാസം പകര്‍ന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യു.ഡി.എഫിന്റെ പ്രചരണ രംഗമാകെ ഉഴുതു മറിച്ചു. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് കണ്ടെത്തി ഉന്നയിച്ച സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ, വികസന മുരടിപ്പ്, തീവെട്ടിക്കൊള്ള, സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, ആഴക്കടല്‍ കരാര്‍ എല്ലാം യു.ഡി.എഫിന്റെ ആവനാഴിയിലെ അസ്ത്രങ്ങളായി എല്‍.ഡി.എഫിന്റെ കോട്ടകള്‍ തകര്‍ത്തു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ വളരെ പെട്ടെന്നാണ് യു.ഡി.എഫിന് അനുകൂലമായി കാറ്റു വീശാന്‍ തുടങ്ങിയത്. എങ്കിലും ട്വന്റി ട്വന്റിയുടെ സാന്നിദ്ധ്യം പ്രത്യേകം എറണാകുളം ജില്ലയില്‍ യു.ഡി.എഫിന് ക്ഷീണമായിരിക്കുമെന്നും സംവാദ പ്രക്രീയയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യോഗാവസാനമാണ് കേരളാ ഡിബേറ്റ് ഫോറം സര്‍വ്വേ ഫലം വ്യക്തമാക്കിയത്.

ഇതിനിടയില്‍ ബി.ജെ.പിയുടെ എന്‍.ഡി.എയും പ്രചാരണതന്ത്രത്തില്‍ ഒരു വന്‍മുന്നേറ്റമാണ് നടത്തിയത്. പൊതുവെ ഒരു വര്‍ഗ്ഗീയ കക്ഷിയായ ബി.ജെ.പിയുടെ വോട്ടു നിലവാരം വര്‍ദ്ധിപ്പിക്കുമെങ്കിലും അധികം സീറ്റുകള്‍ നേടാന്‍, ഭരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്നാണ് പലരും പറഞ്ഞത്.

രാഹുല്‍ ഗാന്ധിയും, പ്രിയങ്കാഗാന്ധിയും ഒന്നും ആരുമല്ല. അവര്‍ വെറും ബഫൂണുകളാണ്. അവരെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിയ്ക്കണം, കേരളത്തില്‍ ഒരു മുന്നണിയും ഭരിയ്‌ക്കേണ്ടാ. കേരളത്തിനു വേണ്ടത് ഒരു പ്രസിഡന്റ് ഭരണമോ, പട്ടാള ഭരണമോ ആണ്. രണ്ട് മുന്നണികളും മാറി മാറി ഭരിച്ചു, കേരളത്തെ മുടിച്ച് കുട്ടിച്ചോറാക്കി എന്ന് ഒന്നു രണ്ടു നിഷ്പക്ഷവാദികള്‍ മീറ്റിംഗില്‍ പറയുകയുണ്ടായി.

വെര്‍ച്വല്‍ യോഗത്തിന്റെ മോഡറേറ്ററായി എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചു. എഴുത്തുകാരും, മാധ്യമ പ്രവര്‍ത്തകരും, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരുമായ പി.പി ചെറിയാന്‍, അലക്‌സ് എസ്തപ്പാന്‍, ജീമോന്‍ റാന്നി, മാത്യു ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍, ജോര്‍ജ് നെടുവേലി, സണ്ണി വള്ളിക്കളം. സജി പള്ളിപ്പുറം, കുഞ്ഞമ്മ മാത്യു, മേഴ്‌സി ജോസഫ്, റവറന്‍ പി.വി. ചെറിയാന്‍, മാത്യു ഏബ്രഹാം, അന്നമ്മ ജോണ്‍, ഏബ്രഹാം ഡെന്‍വര്‍, സനല്‍ ഗോപി, എന്‍.കെ.മത്തായി, ചെറിയാന്‍ ഡാനിയേല്‍ തുടങ്ങിയവര്‍ തങ്ങളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി കൊണ്ടു സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment