Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം കേരളത്തിന്റെ സ്ഥിതി?

April 30, 2021 , എ.സി ജോര്‍ജ്

ഇനി ഏതാനും മണിക്കൂറുകള്‍ക്കകം കേരളാ ഇലക്ഷന്‍ ഫലപ്രഖ്യാപനമുണ്ടാകും. കൂട്ടലും കിഴിക്കലും സര്‍വ്വെകളുമായി വോട്ടെടുപ്പ് കഴിഞ്ഞു, ചങ്കിടിപ്പോടെ ആകാംക്ഷയോടെ വ്യക്തികള്‍ക്കും രാഷ്ട്രീയ മുന്നണികള്‍ക്കും ഇപ്രാവശ്യം ഒരു നീണ്ട കാത്തിരിപ്പിനു ശേഷമായിരിക്കും ഫലം പുറത്തുവരിക. ഇതിനിടയില്‍ കൊറോണ എന്ന മഹാമാരിയുടെ താണ്ഡവമാടലും. ഇരുമുന്നണികളും സാധാരണരീതിയില്‍ മാറി മാറി ഭരിക്കുന്നു കേരളത്തില്‍ ഇത്തവണ ഇടതു മുന്നണിക്ക് അവര്‍ ആഗ്രഹിക്കുന്ന മാതിരി ഒരു തുടര്‍ഭരണം കിട്ടിയാല്‍ എന്തു സംഭവിക്കും?. ഇടതുമുന്നണിയിലെ, പാര്‍ട്ടിയിലെ ചോദ്യം ചെയ്യാനാകാത്ത ഒരു ഡിക്‌റ്റേട്ടര്‍ ഭരണ കര്‍ത്താവായി ശ്രീ പിണറായി വിജയന്‍ മാറുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നു നിഷ്പക്ഷമതികള്‍ പോലും അഭിപ്രായപ്പെടുന്നു. ഈ ഭരണകൂടത്തിനെതിരെ കണ്ടതും കേട്ടതും അധികസത്യവും ചില അസത്യ ആരോപണങ്ങളായ പ്രളയ ഫണ്ടു തട്ടിപ്പ്, സ്വര്‍ണ്ണകടത്ത്, സ്വജനപക്ഷപാതം, അഴിമതി, ധൂര്‍ത്ത്, പിന്‍വാതില്‍ നിയമനങ്ങള്‍, കൊള്ള, കൊലയാളികളെ രക്ഷിച്ചെടുക്കല്‍ തുടങ്ങിയവ ജനങ്ങള്‍ വിശ്വസിച്ചില്ല. അതവര്‍ വെള്ളപൂശി തള്ളിക്കളഞ്ഞു എന്നല്ലെ അര്‍ത്ഥം. അല്ലെങ്കില്‍ അതവര്‍ കാര്യമാക്കിയില്ല. അവരെ ഭക്ഷ്യകിറ്റെന്ന ചെപ്പടി വിദ്യയില്‍ വീഴ്ത്തുകയും ചെയ്തു. തല്‍ഫലമായി സംഭവിക്കാന്‍ പോകുന്നത് പിണറായിയും പാര്‍ട്ടിയും അതിശക്തമായി മേല്‍ സൂചിപ്പിച്ചതിന്റെ പതിന്മടങ്ങ് അക്രമവും അനീതിയും, അഴിമതിയും നടത്തി അഹങ്കാര പ്രമത്തതയോടെ കേരളം അടക്കി ഭരിച്ചു ഭരിച്ചു മുടിയ്ക്കാനുള്ള സാധ്യതയല്ലെയെന്നു പലരും ശങ്കിക്കുന്നു. അതോടെ പ്രായേണ അവരുടെ പാര്‍ട്ടിയും മുന്നണിയും തകര്‍ച്ചയിലേക്കു നീങ്ങി. പശ്ചിമബംഗാളില്‍ പാര്‍ട്ടിക്കു വന്ന ഗതി ഉണ്ടാകുമെന്നും പലരും പ്രവചിക്കുന്നു.

അതുപോലെ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണി ഇപ്രാവശ്യം പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ, അതുപോലെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ എല്ലാം അന്തഛിദ്രം വര്‍ദ്ധിക്കും. തല്‍ഫലമായി ആ പാര്‍ട്ടിയിലെ പലരും എതിര്‍ചേരിയിലേക്ക് ചേക്കേറുകയോ എന്തെങ്കിലുമൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കാലുമാറ്റം നടത്തുകയോ ചെയ്യും. മുതിര്‍ന്ന നേതാക്കളടക്കം പലരും ബി.ജെ.പിയുടെ കെണിയിലും ചാക്കിലും കയറുകയും ചെയ്യും. അതുകൂടാതെ യു.ഡി.എഫുകാര്‍ തോല്‍വിയുടെ ഉത്തരവാദിത്വം അന്യോന്യം കൈചൂണ്ടി കെട്ടിവയ്ക്കുകയും ചെയ്യും. എന്നാല്‍ അല്ലറ ചില്ലറ ജയങ്ങളുടെ കാരണക്കാരായവരും, പിന്നെ പാര്‍ട്ടിയുടെ പല എട്ടുകാലി മമ്മൂഞ്ഞുമാരും ആ വിജയങ്ങളുടെ അവകാശവാദവുമായി പാര്‍ട്ടിയിലും മറ്റും കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടാനായി കുതികാല്‍ വെട്ടും ചരടുവലികളുമായി രംഗത്തുണ്ടാകും. ശേഷിച്ചതും ശോഷിച്ചതുമായ യു.ഡി.എഫ് മുന്നണിയും, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും ചേര്‍ന്ന് ഭരണകക്ഷിയായ എല്‍.ഡി.എഫിനെ എതിര്‍ത്ത് പല ഘട്ടങ്ങളിലായി സമ്മര്‍ദത്തിലാക്കുകയും ചെയ്യും. എന്നാല്‍ സ്വയം കൃത അനര്‍ത്ഥങ്ങളിലും ദുര്‍ഭരണത്തിലുംപെട്ട് ഒരു പക്ഷെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ഒരു അവസ്ഥ സംജാതമായി. ബി.ജെ.പിയുടെ കേന്ദ്രഗവണ്‍മെന്റ് ഒരു പ്രസിഡന്റ് ഭരണം പോലും ഏര്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാകുന്നില്ല. കേരള ഭരണചരിത്രത്തിലും പ്രസിഡന്റു ഭരണം പുത്തരിയല്ലല്ലോ.

തെരഞ്ഞെടുപ്പു ഫലത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിയ്ക്കാത്ത സാഹചര്യമുണ്ടായാല്‍ ഒപ്പം ബി.ജെ.പി മുന്നണിക്കും ട്വന്റി ട്വന്റിക്കും കുറച്ചു സീറ്റുകള്‍ കിട്ടിയാല്‍ അവരായിരിക്കും ഏതു മുന്നണി അധികാരത്തില്‍ വരണമെന്നു നിശ്ചയിക്കുക. എന്നാല്‍ ഏറ്റവും ലേറ്റസ്റ്റായി പുറത്തുവന്ന നിരവധി സര്‍വ്വേഫലങ്ങള്‍ അനുസരിച്ച് യു.ഡി.എഫ് മുന്നണിക്കു മുന്‍തൂക്കം വരികയൊ യു.ഡി.എഫ് ഫലം തൂത്തുവാരികയോ ചെയ്താല്‍ സംഗതി ആകെ മാറും. കോണ്‍ഗ്രസ് ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വിതരണം ചെയ്ത പോലെ തന്നെ മന്ത്രിമാരെ നിശ്ചയിക്കേണ്ടി വരും.പ്രാദേശിക സാമുദായിക സന്തുലതയും ഒക്കെ ഒരു കീറാമുട്ടി മാതിരി മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ യു.ഡി.എഫിനു നേരിടേണ്ടി വരും. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും ചാടിവരാതിരിക്കില്ല. ഒപ്പം ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദത്തിനായിട്ടുണ്ടാകും. രണ്ടു കൂട്ടരും ആവര്‍ത്തിച്ചു പറയുന്നതാകട്ടെ എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാകും. എന്നാല്‍ കാര്യമായ ഒരു കമാന്റിംഗ് പവ്വറുമില്ലാത്ത ഡല്‍ഹിയില്‍ നിന്നുള്ള ആ ഹൈക്കമാന്റിനു വേണ്ടി കാര്യങ്ങള്‍ തീരുമാനിച്ച് പങ്കിട്ടെടുക്കുന്നത് കേരളത്തിലെ ഗ്രൂപ്പുകളും മുസ്ലീം ലീഗും ചേര്‍ന്നുമായിരിക്കും. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ ഉമ്മന്‍ചാണ്ടി ഒന്നു പിറകിലോട്ടു മാറി സഹകരിച്ച് ചെറുപ്പവും, കൂടുതല്‍ ഊര്‍ജ്ജസ്വലനുമായ, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിപദം നിരുപാധികം വിട്ടു കൊടുക്കുകയാണെങ്കില്‍ കളം അല്പം കൂടെ ശുഭകരമാകുമായിരുന്നു. ഇരുവരും രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിട്ടെടുക്കാനും സാധ്യത കാണുന്നുണ്ട്. അതും ഈ മുന്നണിയുടെ ഭരണത്തിനു ഒട്ടും ആശാസ്യകരമായി തോന്നുന്നില്ല.

കോണ്‍ഗ്രസിലെ കരുണാകരപുത്രന്‍, കെ. മുരളീധരനു മാത്രം നിലവിലെ എം.പി സ്ഥാനം നിലനിര്‍ത്തികൊണ്ടുതന്നെ നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കി. അവിടെ നിന്നെങ്ങാനും കെ. മുരളീധരന്‍ ജയിക്കാനിടയായാല്‍, യു.ഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും വെട്ടി ഒരു മുഖ്യമന്ത്രി കസേരയ്ക്കു അദ്ദേഹം നോട്ടമിടും. അതു കിട്ടാത്ത പക്ഷം ആഭ്യന്തരമന്ത്രിപദമെങ്കിലും ഉറപ്പാക്കും. ഒരു കാലത്തു കോണ്‍ഗ്രസില്‍ നിന്നുപുറത്തു ചാടി ഡിക്ക് പാര്‍ട്ടിയൊണ്ടാക്കീ സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് അവഹേളിച്ച മുരളീധരനാണ് ഗതിയില്ലാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തി കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കായി പോരാടാന്‍ പോകുന്നത്. പലപ്രാവശ്യം തോറ്റിട്ടും അദ്ദേഹത്തിന്റെ സഹോദരി പത്മജ വേണുഗോപാലിനും തൃശൂരില്‍ മത്സരിക്കാന്‍ സീറ്റു നല്‍കി എന്നതും അത്ഭുതമാണ്. അതിനാല്‍ യു.ഡി.എഫ് വിജയിച്ചാല്‍ കൂടുതല്‍ വിചിത്രസംഭവങ്ങളുടെ സാധ്യതകള്‍ കൂടുതലായിരിക്കും എന്നു മാത്രം.

ഏതായാലും മന്ത്രികസേരകളും പദവികളും വീതം വക്കുമ്പോള്‍ കിട്ടാതിരിക്കുന്ന അസംതൃപ്ത വിഭാഗം യു.ഡി.എഫ് മുന്നണി ഭരണത്തിനു തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കും. ഈ യു.ഡി.എഫ് ഭരണമുന്നണി നിരന്തരം അപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന എല്‍.ഡി.എഫ് ബി.ജെ.പി മുന്നണികളില്‍ നിന്ന് സമരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നേരിടേണ്ടിവരും. ഇപ്പോഴത്തെ പോലെ അപ്പോഴും കേന്ദ്രത്തില്‍ നിന്ന് തികഞ്ഞ അവഗണന കേരളവും യു.ഡി.എഫും നേരിടേണ്ടി വരും. ഘടകകക്ഷിയായ പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസിലും അനവധി അസംതൃപ്തരുടെ എതിര്‍പ്പും കാലുമാറ്റവും പ്രതീക്ഷിക്കാവുന്നതാണ്.

ഏതു മുന്നണി അധികാരത്തില്‍ വന്നാലും നിലവിലെ പല കുറ്റാരോപണങ്ങളും, കുറ്റങ്ങള്‍ തന്നെയും അന്വേഷണത്തിനുപോലും വിധേയമാകാതെ മറവിയുടെ മാറാലകളില്‍ വരികയോ എതിര്‍ചേരിയില്‍ തന്നെയാണെങ്കിലും ഇരുചേരികളുടെയും ഒത്തുകളിയുടെ ഭാഗമായി നിഷ്പ്രഭമോ അപ്രത്യക്ഷമോ ആയിതീരും. അങ്ങനെ വരുമ്പോഴാണ് പാവപ്പെട്ട വോട്ടറന്മാരെ വെറും വിഡ്ഢികളും കഴുതകളും ആക്കിയല്ലൊ എന്ന് പൊതുവെ പറയുന്നത്. ആരു വന്നാലും കോരനെന്നും കുമ്പിളില്‍ തന്നെ കഞ്ഞി എന്നും പറയുന്നു. തോല്‍ക്കാനായി ജനിച്ച വോട്ടറന്മാര്‍ പലപ്പോഴും ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന രീതിയില്‍ മാത്രം മാറി മാറി മുന്നണികള്‍ പരീക്ഷിക്കുന്നു. ഇതൊക്കെയല്ലെ മേയ് 2 ലെ ഫലപ്രഖ്യാപനത്തിനുശേഷം സംഭവിക്കാന്‍ പോകുന്ന ചുരുക്കമായ സാധ്യതകള്‍??


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top