ലോകം ആദരിച്ച ശൈലജ ടീച്ചറെ ഞങ്ങള്‍ക്ക് വേണം; ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് ഉജ്ജ്വല വിജയം

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരികയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോക ശ്രദ്ധ നേടുകയും ചെയ്ത ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അരലക്ഷത്തിലധികം ഭൂരിപക്ഷത്തോടെ വിജയക്കൊടി നാട്ടി. നിപ്പയും കൊവിഡും തകര്‍ത്തെറിഞ്ഞപ്പോള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമാതൃക ലോകശ്രദ്ധയിലെത്തിച്ച ആരോഗ്യമന്ത്രി കൂടിയാണ് കെ.കെ.ശൈലജ.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ അത്രതന്നെ തന്നെ സ്വീകാര്യതയും ജനകീയതയുമുള്ള കാബിനറ്റ് അംഗം. കൂത്തുപറമ്പ് ഘടകക്ഷിക്ക് നല്‍കിയപ്പോള്‍ മട്ടന്നൂരിലേക്ക് മണ്ഡലം മാറേണ്ടി വന്ന കെ.കെ. ശൈലജ ഇക്കുറി തിരുത്തിയത് കേരളത്തിലെ ജനവിധിയുടെ ചരിത്രം തന്നെയാണ്.

പിണറായി വിജയന്‍ മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൂടിയായിരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ.പി ജയരാജന്‍ കഴിഞ്ഞ വട്ടം മട്ടന്നൂരില്‍ വിജയിച്ചത് 43,381 വോട്ടുകള്‍ നേടിയാണ്. ഭൂരിപക്ഷം കുത്തനെ വര്‍ധിപ്പിച്ചെന്നതിനപ്പുറം അഞ്ച് വര്‍ഷക്കാലം ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ.ശൈലജ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ ചരിത്രനേട്ടം.

മട്ടന്നൂരില്‍ നിന്ന് ജനവിധി നേടിയ കെ.കെ ശൈലജ 61000ത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് വീണ്ടും നിയമസഭയിലെത്തുന്നത്. കെ.കെ ശൈലജ കൈകാര്യം ചെയ്ത സാമൂഹിക നീതി വകുപ്പും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു കെ.കെ ശൈലജ വിജയിച്ചത്. തൊട്ട് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. സഭയിലും പുറത്തും ലിംഗവിവേനത്തിനെതിരെ ശബ്ദമുയര്‍ത്തിയ നേതാവ് കൂടിയാണ് കെ.കെ ശൈലജ. കെ.എം.ഷാജി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തുറന്നടിച്ച് കെ.കെ ശൈലജ നടത്തിയ പ്രസംഗം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.

2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.കെ ശൈലജയെ ആദരിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യുഎന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment