ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പായതോടെ, രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് ബിജെപി ജയിക്കുമെന്ന് ഉറപ്പാക്കിയ നിയോജകമണ്ഡലങ്ങളായ നേമം, പാലക്കാട്, മഞ്ചേശ്വരം, തൃശൂര്‍ എന്നിവിടങ്ങളിലെ ഫലമറിയാനാണ്. എന്നാല്‍, ബിജെപി കേന്ദ്ര നേതൃത്വത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് കേരളം മറുപടി കൊടുത്തത്. ‘ആ താമരയ്ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് കേരളത്തിലില്ല’ എന്ന സന്ദേശമാണ് പ്രബുദ്ധ കേരള ജനത അവര്‍ക്ക് നല്‍കിയത്. ബി.ജെ.പിയുടെ വർഗീയ-ഫാസിസ്റ്റ് രാഷ്ട്രീയത്തെ കേരളത്തില്‍ നിന്ന് പുകച്ചു പുറത്തു ചാടിച്ചതിന്റെ ആവേശത്തിലാണ് കേരളമിപ്പോള്‍.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ബിജെപിയെ കെട്ടുകെട്ടിച്ച നാലു പേരാണ്. ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ഒരു ബി.ജെ.പി പ്രതിനിധിയെ അയച്ച നേമം മണ്ഡലം ബി.ജെ.പിയില്‍ നിന്ന് തിരിച്ചു പിടിച്ച സി.പി.എം സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആർപ്പുവിളികളാണ് ഉയരുന്നത്. ഒ. രാജഗോപാലിലൂടെയായിരുന്നു കേരളത്തിൽ ആദ്യമായി എൻ.ഡി.എ അക്കൗണ്ട് തുറന്നത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയാണ് ബിജെപി ഇത്തവണ നേമത്ത് മത്സരത്തിനിറക്കിയത്. എന്നാല്‍, അദ്ദേഹത്തെ ദയനീയമായി പരാജയപ്പെടുത്തിയാണ് ജനം വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയായ ബിജെപിക്ക് മറുപടി കൊടുത്തത്.
ബിജെപിയുടെ തുറുപ്പുചീട്ടായ മെട്രോമാൻ ഇ. ശ്രീധനെ നിലം തൊടാതെ തറപറ്റിച്ച ഷാഫി പറമ്പിലാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സൂപ്പർ താരം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ വീണ്ടും അങ്കത്തിനിറങ്ങിയ ഷാഫി പറമ്പിലിന് കടുത്ത വെല്ലുവിളിയാണ് ശ്രീധരൻ ഉയർത്തിയതെങ്കിലും അവസാന നിമിഷങ്ങളില്‍ ഷാഫി ജയിച്ചു കയറി. 3840 വോട്ടിന്റെ ലീഡിലാണ് ഇ ശ്രീധരന് ഷാഫിക്ക് മുന്നിൽ പാളം തെറ്റി വീഴേണ്ടി വന്നത്.
രണ്ട് മണ്ഡലങ്ങളിൽ മത്സരത്തിനിറങ്ങിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെയും വോട്ടർമാർ നിലം തൊടാന്‍ അനുവദിച്ചില്ല. കഴിഞ്ഞ തവണ 89 വോട്ടിന് സീറ്റ് നഷ്ടപ്പെട്ട മഞ്ചേശ്വരത്ത് വിജയം ഉറപ്പിച്ചായിരുന്നു സുരേന്ദ്രൻ മത്സരത്തിനിറങ്ങിയത്. എന്നാൽ മുസ്ലിം ലീഗിന്റെ കെ.എം അഷ്റഫ് 700 വോട്ടിന് സുരേന്ദ്രനെ പരാജയപ്പെടുത്തി. അഷ്റഫിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
ആദ്യഘട്ടങ്ങളിൽ ലീഡ് നിലനിർത്തിയ സുരേഷ് ഗോപിക്ക് തൃശൂർ കൊടുക്കേണ്ടെന്ന് തന്നെ കേരളം തീരുമാനിച്ചു. ലീഡ് നില മാറി മറിഞ്ഞപ്പോൾ കേരളത്തിന്റെ ശ്രദ്ധ തൃശൂരിലേക്ക് മാറി. പക്ഷേ എൽ.ഡി.എഫിന്റെ പി. ബാലചന്ദ്രന് മുന്നിൽ സുരേഷ് ഗോപിക്കും അടിപതറി. 1215 വോട്ടിന്റെ ലീഡിലാണ് ബാലചന്ദ്രൻ ജയിച്ചത്. വർഗീയത പറഞ്ഞ് വോട്ട് തേടിയ പൂഞ്ഞാറിലെ സ്ഥാനാർഥി പി.സി. ജോർജ്ജും ഇക്കുറി പരാജയപ്പെട്ടു. പൂജ്യത്തിന് ഇത്ര ഭംഗിയുണ്ടായിരുന്നോ എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചോദിക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news