കൾച്ചറൽ ഫോറത്തിൻറെ തണലിൽ തോമസ് ഇനി നാടിന്‍റെ കുളിരിലേക്ക്

തോമസ് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞിയോടൊപ്പം

ദോഹ: പതിനൊന്ന് വർഷത്തിലേറെയായി നാടണയാനാവാതെ നെഞ്ചു നീറിയ തോമസ് നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട റാന്നി സ്വദേശിയായ തോമസിൻറെ ദുരിതങ്ങള്‍ കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാലത്തെ ഭക്ഷ്യകിറ്റ് വിതരണത്തിനിടയിലാണ് കൾച്ചറൽ ഫോറത്തിൻറെ ശ്രദ്ധയിൽ പെടുന്നത്.

അസുഖം മൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട തോമസിനെ കൾച്ചറൽ ഫോറം കൂടെകൂട്ടുമ്പോൾ അദ്ദേഹത്തിന് പാസ്പോര്‍ട്ട്, ഖത്തർ ഐഡി തുടങ്ങിയ യാത്രാ രേഖകളൊന്നും ഇല്ലായിരുന്നു. ബിസിനസ് തകർച്ചയെത്തുടർന്ന് മൂന്ന് മില്യണ്‍ റിയാലിന്റെ സാമ്പത്തിക ബാധ്യതയടക്കം എട്ടോളം യാത്രാ നിരോധന കേസുകളും തോമസിന്‍റെ പേരില്‍ നിലവിലുണ്ടായിരുന്നു.

ഒരോ കേസിനെ കുറിച്ച് പഠിക്കുകയും തോമസിന്റെ നിരപരാധിത്വവും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതോടൊപ്പം രേഖകൾ കോടതി, പബ്ലിക് പ്രോസിക്യൂഷൻ തുടങ്ങിയ ഖത്തറിലെ നിയമ, പോലിസ് സംവിധാനങ്ങളിൽ സമയാസമയം സമർപ്പിക്കുവാനും കൾച്ചറൽ ഫോറം കമ്യൂണിററി സർവീസിന് സാധിച്ചു. ഇങ്ങിനെ ഒരു വർഷത്തോളം നീണ്ട കൾച്ചറൽ ഫോറത്തിൻറെ പരിശ്രമങ്ങൾക്കൊടുവിലാണ് സാമ്പത്തിക ബാധ്യതയുൾപ്പെടെയുള്ള കേസുകളും യാത്രാ നിരോധനവും നീക്കാനായതും തോമസിന്‍റെ രേഖകള്‍ വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങാനായതും.

ജീവിതം വഴിമുട്ടിയ സമയത്ത് ആശ്വാസമായി കടന്നെത്തിയ കൾച്ചറൽ ഫോറത്തിൻറെ ഭാരവാഹികൾക്ക് ഹൃദയം നിറയെ നന്ദി അർപ്പിച്ചുകൊണ്ടാണ് തോമസ് നാട്ടിലേക്ക് മടങ്ങിയത്. പ്രയാസപ്പെടുന്നവന് കൈത്താങ്ങായതിന്റെ ചാരിതാര്‍ത്ഥ്യം കൾച്ചറൽ ഫോറത്തിനുണ്ടെന്നും, കേസുകളും മറ്റും തീർക്കാനായി കൾച്ചറൽ ഫോറത്തിന് സഹായമേകിയ ഇന്ത്യൻ എംബസി, ഐ സി ബി എഫ് ,ഐ സി സി തുടങ്ങിയവർക്കും നന്ദി അറിയിക്കുന്നതായും, തോമസിന്‍റെ പ്രശ്നങ്ങളിലുടനീളം ഇടപെട്ട കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അറിയിച്ചു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment