Flash News

സി എസ് ഐ സഭയുടെ മൂന്നാര്‍ കണ്‍‌വന്‍ഷന്‍; മോഡറേറ്റര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ്

May 6, 2021

കോവിഡ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ കണ്‍‌വന്‍ഷന്‍ നടത്തിയ സി എസ് ഐ സഭയ്ക്കെതിരെ കേസ്. കണ്‍‌വന്‍ഷന്‍ സംഘടിപ്പിക്കുകയും മറ്റു വൈദികരെ പങ്കെടുപ്പിച്ചതിനും സി എസ് ഐ സഭാ മോഡറേറ്റര്‍ എ ധര്‍മ്മരാജ് റസാലയുള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് കണ്‍‌വന്‍ഷന്‍ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ തന്നെ ഇങ്ങനെയൊരു കണ്‍‌വന്‍ഷന്‍ നടത്തിയതില്‍ വൈദികര്‍ക്കിടയില്‍ തന്നെ എതിരുപ്പുകളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇടുക്കി ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന സമയത്താണ് മൂന്നാര്‍ സി എസ് ഐ പള്ളിയില്‍ കണ്‍‌വന്‍ഷനും ധ്യാനവും സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാനൂറ്റി എണ്‍പതോളം വൈദികരാണ് അതില്‍ പങ്കെടുത്തത്.

കണ്‍‌വന്‍ഷനില്‍ പങ്കെടുത്ത ബിഷപ്പ് ഉള്‍പ്പടെ എണ്‍പതോളം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് വൈദികര്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികൾ സഭയ്‌ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രറ്ററിക്ക് പരാതി നൽകിയത് . തുടർന്ന് മൂന്നാര്‍ തഹസില്‍ദര്‍ പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തു മാത്രമായി 10 ദിവസങ്ങള്‍ക്കുള്ളില്‍ 9 ക്രൈസ്തവ പുരോഹിതര്‍ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആറ് പുരോഹിതരും, സിഎസ്ഐ സഭയില്‍ നിന്നുള്ള മൂന്നു പുരോഹിതരുമാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ്-19ന്റെ രണ്ടാം തരംഗം രാജ്യത്തെ വ്യാപകമായതിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പതിനഞ്ച് വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ ബിഷപ്പുമാരും ഉള്‍പ്പെടുന്നു. പുതുച്ചേരി മുന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി ആനന്ദാരായര്‍ ചൊവാഴ്ച കോവിഡ് മൂലം മരിച്ചു. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം വൈദികര്‍ ക്വാറന്റൈനിലും ചികില്‍സയിലുമാണ്. അവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അടുത്തിടെ മരണമടഞ്ഞ വൈദികരില്‍ ഏഴുപേര്‍ സിറോ മലബാര്‍ ചര്‍ച്ചിന് കീഴിലുള്ള തൃശൂര്‍ അതിരൂപതയില്‍ നിന്നുള്ളവരാണെന്ന് സിറോ മലങ്കര സഭയുടെ ഒദ്യോഗിക വക്താവ് ഫാ. ബോവാസ് മാത്യു പറഞ്ഞു. ‘ ഓര്‍ത്തഡോക്‌സ് സഭയിലെ രാജന്‍ ഫിലിപ്പ് എന്ന പുരോഹിതന്‍ ഒരു വീട്ടില്‍ ഒരു ശുശ്രൂഷയില്‍ പങ്കെടുക്കേണ്ടിവന്നതിനെത്തുടര്‍ന്ന് കോവിഡ് വന്ന് മരിച്ചു. ഓരോ രൂപതയെയും സഭയെയും പരിശോധിച്ചാല്‍ മരണങ്ങളുടെയും അണുബാധകളുടെയും എണ്ണം കൂടുതലായിരിക്കാം.

കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ മാത്രം, വിവിധ പള്ളികളില്‍ നിന്നും രൂപതകളില്‍ നിന്നുമുള്ള 15 ലധികം പുരോഹിതന്മാര്‍ കോവിഡ് ബാധയേറ്റിട്ടുണ്ട്. ഇവരില്‍ പലരും കേരളത്തില്‍ നിന്നുള്ളവരാണ്. ഏപ്രില്‍ 20 നും 23 നും ഇടയില്‍ 14 പുരോഹിതന്മാര്‍ കൊറോണ വൈറസ് അണുബാധയ്ക്ക് ഇരയായിട്ടുണ്ടെന്ന് കത്തോലിക്കാ സഭയെ കേന്ദ്രീകരിച്ചുള്ള ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘മാറ്റേഴ്‌സ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.

സേവനങ്ങളും പരിപാടികളും ഉള്ളപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ പുരോഹിതന്മാര്‍ക്ക് സഭ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സിറോ മലങ്കര പള്ളിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസിയുടെ മുന്‍ പ്രസിഡന്റുമായ കര്‍ദിനാള്‍ ബസെലിയോസ് ക്ലീമിസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top