ആരോഗ്യം ഇനി സ്വന്തം പോക്കറ്റിൽ; എയർ ടിവിയുമായി കൈകോർത്ത് മെഡിബിസ് ടിവി

ലോകത്തെ ആദ്യത്തെ ആരോഗ്യ സാറ്റലൈറ്റ് ചാനലായ മെഡിബിസ് ടിവിയും ഏറ്റവും ആധുനികമായ സ്ട്രീമിംഗ് സാങ്കേതികവിദ്യയിലൂടെ എളുപ്പത്തിൽ ടിവി ചാനലുകൾ മൊബൈലിലൂടെ ലഭ്യമാക്കുന്ന ‘എയർ ടിവി’ യും തമ്മിൽ കൈകോർത്തു. ഇതനുസരിച്ച് മൊബൈൽ ആപ്ലിക്കേഷനായ ‘എയർ ടിവി ലൈറ്റി’ ലൂടെ ഇനിമുതൽ മെഡിബിസ് ടിവി ലൈവ് ആയി കാണാനാവും. മെയ് മൂന്നിന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് മെഡിബിസ് ടിവി സ്ഥാപക ചെയർമാനും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ യുമായ ഡോ. സോഹൻ റോയ് ഓൺലൈനിലൂടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു . ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്ററിന്റേയും നാരായണ ടിവി എയർ ടിവി എന്നിവയുടെയും ചെയർമാനായ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത് . തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ ദേശീയ പ്രസിഡണ്ടുമായ പത്മശ്രീ മാർത്താണ്ഡ പിള്ള, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ഡോ. പി. ഗോപികുമാർ, പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ, കൊല്ലം മെഹന്ദിസ് ഫാഷൻസിന്റെ മാനേജിംഗ് ഡയറക്ടർ അഞ്ജലി ദേവി എന്നിവർ മുഖ്യാതിഥികളായിരുന്നു.

രണ്ടായിരത്തിപ്പതിമൂന്നു മുതൽ മികച്ച വാർത്താധിഷ്ഠിത പരിപാടികളിലൂടെ ആരോഗ്യ മേഖലയിൽ അന്തർദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ചാനലാണ് മെഡിബിസ് ടിവി. അന്താരാഷ്ട്ര പ്രശസ്തി നേടിയവരുൾപ്പെടെയുള്ള അഞ്ഞൂറിലധികം ഡോക്ടർമാരുമായുളള അഭിമുഖങ്ങളും ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ച നിരവധി പരിപാടികളും ചാനൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ ഡോക്ടേഴ്സിന്റെ സംഘടനയായ ‘ അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ ഒറിജിൻ ‘ എന്ന സംഘടനയുടെ ഇന്ത്യയിലെ ഈവന്റ് പാർട്ണർ കൂടിയായിരുന്നു മെഡിബിസ് ടിവി.

ലോകത്താകമാനം കൊറോണവൈറസ് വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ശക്തമായ ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഇപ്പോൾ എയർ ടിവിയുമായി കൈകോർക്കാൻ തീരുമാനിച്ചതെന്ന് മെഡിബിസ് ടിവിയുടെ ചെയർമാൻ ഡോ. സോഹൻ റോയ് പറഞ്ഞു.

ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്ററിന്റെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെയാണ് ഒറ്റിറ്റി പ്ലാറ്റ്ഫോമായ ‘എയർ ടിവി ലൈറ്റി’ ന് രൂപം നൽകിയതെന്ന് സ്ഥാപനത്തിന്റെ വൈസ് ചെയർമാൻ ബിജു ദേവരാജ് പറഞ്ഞു. “ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ യൂസർ ഇന്റർഫേസ് ആണ് ഈ പ്ലാറ്റ്ഫോമിന് ഉള്ളത്. നിലവിൽ അൻപത്തിയാറ് രാജ്യങ്ങളിലാണ് സാന്നിധ്യം അറിയിച്ചിട്ടുള്ളത്, അത് അടുത്ത രണ്ടുമാസത്തിനുള്ളിൽ നൂറ്റിയിരുപതിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. ചാനലുകളുടെ എണ്ണവും അടുത്ത അറുപത് ദിവസങ്ങൾക്കുള്ളിൽ മുന്നൂറ് കടത്താനാണ് ലക്ഷ്യമിടുന്നത്,” ബിജു ദേവരാജ് പറഞ്ഞു.

നിലവിൽ ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്‌, ന്യൂസ്‌ 18, മീഡിയവൺ, ടൈസ് നൗ, എൻ ഡി ടി വി, ഇന്ത്യ ടുഡേ, സി. എൻ എൻ, തുടങ്ങിയ ചാനലുകൾ തികച്ചും സൗജന്യമായി എയർ ടിവിയിലൂടെ കാണാൻ കഴിയും. കുറഞ്ഞ ഇന്റർനെറ്റ് ലഭ്യതയിലും സർഫിങ് ഇല്ലാതെ വളരെ വ്യക്തതയോടെ ചാനലുകൾ കാണാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ എളുപ്പത്തിൽ ചാനലുകളിൽനിന്ന് ചാനലുകളിലേക്ക് പോകാനും സാധിക്കും. ഉപയോക്താവിന് പ്രത്യേക രജിസ്ട്രേഷനും ആവശ്യമില്ല.

‘എയർടിവി ലൈറ്റ് ‘, നിലവിൽ ആൻഡ്രോയിഡ് മൊബൈലുകളിലേയ്ക്ക് പ്ലെ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഐ ഒ എസ് പ്ലാറ്റ്ഫോമുകളിലും ഉടൻതന്നെ ലഭ്യമാവും.

Print Friendly, PDF & Email

Related News

Leave a Comment