Flash News

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഏപ്രില്‍ 14 സൂം മീറ്റിംഗ് റിപ്പോര്‍ട്ട്

April 24, 2021 , ചാക്കോ കളരിക്കല്‍

2021 ഏപ്രില്‍ 14 ബുധനാഴ്ച രാത്രി 9:00 മണിക്ക് കെസിആര്‍എം നോര്‍ത് അമേരിക്ക സംഘടിപ്പിച്ച സൂം മീറ്റിംഗിന്റെ റിപ്പോര്‍ട്ട്:

വിവിധ രാജ്യങ്ങളില്‍നിന്നുമായി അനേകര്‍ ആ മീറ്റിംഗില്‍ പങ്കെടുത്തു. മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് കെസിആര്‍എം നോര്‍ത് അമേരിക്കയുടെ അനുഭാവിയും പ്രവര്‍ത്തകനുമായിരുന്ന ശ്രീ ജോസഫ് പടന്നമാക്കലിന്റെ ഒന്നാം ചരമ വാര്‍ഷികത്തെയും ശ്രീ ടോമി മെതിപ്പാറയുടെ മാതാവ് അന്നം മെതിപ്പാറ (ഷിക്കാഗോ)-യുടെ നിര്യാണത്തെയും അനുസ്മരിക്കുകയും മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആമുഖത്തിനുശേഷം ശ്രീ ആന്റ്റോ മാങ്കൂട്ടം ‘സീറോ-മലബാര്‍ കത്തോലിക്ക സഭയും ആനുകാലിക സംഭവങ്ങളും – ഒരു വിലയിരുത്തല്‍’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

റോമാ മാര്‍പാപ്പായ്ക്ക് കീഴ്വഴങ്ങി ജീവിക്കാന്‍ മാര്‍തോമ ക്രിസ്ത്യാനികളെ പരുവപ്പെടുത്തിയ 1599-ലെ ഉദയമ്പേരൂര്‍ സൂനഹദോസ് ചരിത്ര പശ്ചാത്തലം വിസ്തരിച്ചുകൊണ്ടാണ് ശ്രീ മാങ്കൂട്ടം തന്റെ വിഷയാവതരണം ആരംഭിച്ചത്. സീറോ-മലബാര്‍ കത്തോലിക്ക സഭയ്ക്ക് സ്വയംഭരണാധികാരം റോമില്‍നിന്ന് ലഭിച്ചശേഷം ദാരുണമായ രീതിയില്‍ സഭ അതിന്റെ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടെന്നും യേശുവിന്റെ സ്‌നേഹം, നീതി തുടങ്ങിയ മൂല്യങ്ങള്‍ സഭയ്ക്ക് കൈമോശം വന്നെന്നും അതിന് കാരണമായ അനേകം സമകാലിക സംഭവങ്ങളെ വിശദീകരിച്ചുകൊണ്ട് വിലയിരുത്തി.

പള്ളി ഭരണം
മാര്‍തോമ ക്രിസ്ത്യാനികളുടെ എക്കാലത്തെയും പള്ളിഭരണ പാരമ്പര്യമായിരുന്ന പള്ളി പൊതുയോഗത്തെയും സഭാ മഹായോഗത്തെയും (Synod) ഇല്ലാതാക്കി. പൊതുയോഗവും പുതിയതായി സ്ഥാപിച്ച പാരിഷ്‌കൗണ്‍സിലും വികാരിയെ ഉപദേശിക്കുന്ന സമതികളാക്കി. ഇടവക പള്ളികളുടെയും രൂപതകളുടെയും മറ്റു സഭാസ്ഥാപനങ്ങളുടെയും സാമ്പത്തിക സുതാര്യതയ്ക്കായി ചര്‍ച്ച് ട്രസ്റ്റ് ബില്‍ നിയമമാക്കിയേ തീരൂ.

അധികാര പ്രമത്തത
വത്തിക്കാന്റെ ഇടപെടലില്ലാതെ തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ആദ്യ മേജര്‍ ആര്‍ച്ച്ബിഷപ്പാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സമൂഹത്തില്‍ അദ്ദേഹത്തിനുള്ള മതിപ്പ് എന്തെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല. ധാര്‍മികമായി ദുര്‍ബലന്‍. 23 സ്വതന്ത്ര സഭകളിലെ വത്തിക്കാനില്‍നിന്നും നടപിടിക്ക് വിധേയനായ ഏക സഭാപിതാവ്. രാജാവായ കര്‍ദിനാള്‍. ഇന്‍കംടാക്‌സ് ഓഫീസില്‍ അഞ്ചരമണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായ വ്യക്തി. മൂന്നുകോടിയോളം രൂപ ശിക്ഷ (പെനാല്‍റ്റി) കൊടുത്ത ടാക്‌സ് വെട്ടിപ്പുകാരന്‍. 14 ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സഭാതലവന്‍. ഫ്രാങ്കോ ബലാല്‍സംഘകേസില്‍ പോലീസുചോദിച്ചാല്‍ ഞാന്‍ ഒന്നും കേട്ടില്ല അറിഞ്ഞില്ല എന്നേ പറയുകയുള്ളൂ എന്ന് പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രിയോട് അനുകമ്പയില്ലാതെ പറഞ്ഞ സഭാതലവന്‍. ഇത്രയൊക്കെ ആയാലും പദവിയില്‍ തുടരാന്‍ സഭാരാഷ്ട്രീയബലം തെളിയിച്ചത് വ്യക്തിപരമായി നേട്ടം; സഭയ്ക്ക് നഷ്ടം.

പൗരോഹിത്യ ലൈംഗിക അതിക്രമങ്ങള്‍
ബെനഡിക്ട് ഓണങ്കുളം കേസ്, തോമസ് കോട്ടൂര്‍/സ്റ്റെഫി കേസ്, റോബിന്‍ വടക്കുംചേരി കേസ്, ഫ്രാങ്കോ മുളക്കല്‍ കേസ് തുടങ്ങിയ പ്രമാദ ലൈംഗിക കേസുകള്‍, കട്ടപ്പന, പൊട്ടന്‍പ്ലാവ് സംഭവങ്ങള്‍, 30-ഓളം കന്ന്യാസ്ത്രികളുടെ ദുരൂഹമരണങ്ങള്‍-കിണറ്റില്‍, കുളത്തില്‍, വാട്ടര്‍ ടാങ്കില്‍, പാറമടയില്‍, തീ പിടിച്ച്-, വൈദികനും കന്യാസ്ത്രിക്കുംകൂടി കുട്ടി ജനിക്കുക, മഠങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അബോഷന്‍ തുടങ്ങി അനവധി സമകാലിക ലൈംഗിക കുറ്റകൃത്യങ്ങളെ എടുത്തുപറയുകയുണ്ടായി. കൊലപാതകങ്ങള്‍ ആത്മഹത്യയാക്കി മാറ്റുക, ദുരൂഹമരണങ്ങള്‍ സ്വാഭാവിക മരണങ്ങളാക്കുക, പുരോഹിത ലൈംഗിക കഴുകന്മാരുടെ വിഴുപ്പുകളെ അലക്കി വെളിപ്പിക്കുക, കുറ്റവാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ചിലവഴിക്കുക, കന്യാസ്ത്രിയെ ഭോഗിക്കുന്ന ‘പുണ്യകര്‍മം’ ചെയ്യുന്ന പുരോഹിതര്‍ക്ക് വിശുദ്ധ പദവി നല്കുകയുമെല്ലാം പൗരോഹിത്യത്തിന്റെ ധാര്‍ഷ്ട്യവും ക്രൂരവും ഹീനവുമായ പെരുമാറ്റങ്ങളാണ്.

സാമ്പത്തിക തട്ടിപ്പ്
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഫാ തോമസ് പീലിയാനിക്കല്‍, ഫാ ജോസഫ് പാംപ്ലാനി, കൂടാതെ നിരവധി ഇടവക വികാരിമാര്‍ എല്ലാം സീറോ മലബാര്‍ സഭയിലെ സാമ്പത്തിക തട്ടിപ്പില്‍ കുപ്രസിദ്ധി നേടിയ പുരോഹിതരാണ്. ക്രിസ്തുസന്ദേശത്തെ പ്രസംഗിക്കുന്നതിനുപകരം ക്രിസ്തു എന്ന ചിഹ്നം ഉപയോഗിച്ച് ആത്മീയ കച്ചവടം നടത്തി കോടികള്‍ സമ്പാദിച്ച് അരമനകളിലും പള്ളിമേടകളിലുമുള്ള ശീതീകരിച്ച മുറികളില്‍ കഴിയുന്നവരാണവര്‍. സമ്പത്തിന്റെ കുത്തൊഴുക്ക്, വിശ്വാസികളെ പിഴിയുക, മദ്യം, റിയല്‍ എസ്റ്റേറ്റ് കച്ചവടമെല്ലാം നടത്തി പണമുണ്ടാക്കുക. ആ പണംകൊണ്ട് ലൈംഗിക മ്ലേച്ഛതകളില്‍പ്പെട്ട പുരോഹിതരെ സംരക്ഷിക്കുക. യൂറോപ്പിലെ സഭയ്ക്ക് എന്തു സംഭവിച്ചോ അതാകാനാണ് സീറോ മലബാര്‍ സഭയിലെ പുരോഹിതരും മെത്രാന്മാരും കാട്ടിക്കൂട്ടുന്നത്.

കരിസ്മാറ്റിക് ധ്യാനപ്രസ്ഥാനം
ഫാ വര്‍ഗീസ് നായ്കംപറമ്പില്‍, ഫാ ഡൊമിനിക് വളമനാല്‍, ഫാ സേവ്യര്‍ ഖാന്‍ വട്ടായി, ഫാ ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ ജോര്‍ജ് പനക്കല്‍, കൃപാസനം ജോസഫ് അച്ചന്‍ തുടങ്ങിയ വൈദികര്‍ വിശ്വാസികളില്‍ ഭീതിയും പാപഭാരവും അടിച്ചുകയറ്റി അന്ധവിശ്വാസം പ്രചരിപ്പിച്ച് മന്ദബുദ്ധികളാക്കി സഭയെ നശിപ്പിക്കു ന്നു. പുരോഹിത അടിമകളായ വിശ്വാസികളെ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. സഭയുടെ അടിവേരിന് കാന്‍സര്‍ ബാധിക്കുന്നു. കൂര്‍മബുദ്ധിയും വക്രബുദ്ധിയുമുള്ള മെത്രാന്മാരും പുരോഹിതരും സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
കല്‍ദായവാദവും താമരകുരിശുവാദവും പൗരസ്ത്യ കാനോന്‍ നിയമം അടിച്ചേല്പിക്കലും ചങ്ങനാശേരി-എറണാകുളം ചേരിതിരിവും സഭയുടെ നാശത്തിലേയ്ക്കുള്ള വഴികളാണ്. മൂല്യബോധം നശിച്ച പുരോഹിതരെക്കൊണ്ട് ദൈവജനം ഇന്ന് സഹികെട്ടിരിക്കുന്നു.

ഞാറക്കല്‍ സംഭവവും സിസ്റ്റര്‍ ലിസി വടക്കേലിന്റെ അനുഭവവും കുറവിലങ്ങാട്ടു കന്യാസ്ത്രീകളുടെ വഞ്ചീസ്‌ക്വയര്‍ സമരവും സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ പുറത്താക്കല്‍ നടപടിയും മഠത്തിന്റെ ഉള്ളില്‍ നടക്കുന്ന മനുഷാവകാശ ലംഘനങ്ങളും പീഡനകഥകളും പ്രഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടുകേസും കുന്നോത്ത് സെന്റ് തോമസ് ഫൊറോനാപ്പള്ളിയിലും എറണാകുളം റിന്യൂവല്‍ സെന്റെറിലും നടന്ന ആള്‍ക്കൂട്ട വിചാരണയുമെല്ലാം സീറോ-മലബാര്‍ സഭ അധ:പതിക്കാന്‍ കാരണമായി. അധാര്‍മികളായ വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമെതിരായി നടപടികളില്ല, ന്യായീകരണമാണുള്ളത്. സഭാധികാരികളുടെയും പുരോഹിത ലൈംഗിക കഴുകന്മാരുടെയും വിഴുപ്പുകളെ അലക്കി വെളിപ്പിക്കുന്ന തത്രപ്പെടലിലാണ് സഭാനേതൃത്വം!

സഭാ നവീകരണ പ്രക്രിയ
ശാസ്ത്രബോധത്തോടെ ചിന്തിക്കാന്‍ ധൈര്യപ്പെടുന്നവന്‍ നവീകരണ ക്രിസ്ത്യാനിയാകും. പരിവര്‍ത്തനത്തെ പടപ്പാട്ടാക്കിയ നവീകരണക്കാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന യേശുവിന്റെ സന്ദേശത്തെ ആധാരമാക്കിയായിരിക്കണം.

വിഷയാവതരണത്തിനുശേഷം സുദീര്‍ഘമായ ചര്‍ച്ചകളും ചോദ്യോത്തരങ്ങളും നടന്നു. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന യോഗം മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജിന്റെ നന്ദിപ്രകടനത്തോടെ അവസാനിച്ചു.

അടുത്ത സൂം മീറ്റിംഗ് മെയ് 12, 2021 ബുധനാഴ്ച 09 PM (EST) (ഇന്ത്യയില്‍ സമയം മെയ് 13 വ്യാഴാഴ്ച രാവിലെ 6.30 മുതല്‍) നടത്തുന്നതാണ്. ആ മീറ്റിംഗില്‍ ‘സീറോ മലബാര്‍ അല്മായ സിനഡ്- സാധ്യതകള്‍’ എന്ന വിഷയത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് ‘സത്യജ്വാല’ എഡിറ്റര്‍ ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ അഭിപ്രായപ്പെടുകയും ആ അഭിപ്രായത്തോട് മീറ്റിംഗില്‍ സംബന്ധിച്ചവര്‍ യോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തു. ആയതിനാല്‍, ആഗോള തലത്തില്‍ സീറോ-മലബാര്‍ സഭയിലെ അല്മായ സംഘടനകളെയും പ്രസ്ഥാനങ്ങളെയുമെല്ലാം ഉള്‍പ്പെടുത്തികൊണ്ട് സുപ്രധാനമായ ആ മീറ്റിംഗ് നടത്തുന്നതാണ്. എല്ലാവര്‍ക്കും സ്വാഗതം.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top