Flash News

സെൽഫിയിൽ തെളിയുന്ന കേരള ബി.ജെ.പി: സുരേന്ദ്രൻ നായർ

May 8, 2021

ആംഗലേയ ശബ്ദകോശത്തിലും സാങ്കേതിക ശബ്ദതാരാവലിയിലും അടുത്തകാലത്ത് കടന്നുകയറിയ വാക്കാണ് സെൽഫി. കൊച്ചുകുട്ടികൾക്കു വരെ പരിചിതമായ ഈ സ്വയം പകർത്തലിനു വിധേയമായ കേരള ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് അനന്തര വിശേഷങ്ങളാണ് ഇവിടെ പങ്കു വെക്കുന്നത്.

ഹിന്ദുത്വം വിഭാവനം ചെയ്യുന്ന സമഗ്ര മാനവികത ലക്ഷ്യമിട്ടു 1951ൽ രൂപം കൊണ്ട ഭാരതീയ ജനസംഘത്തിന്റെ പുനരവതാരമായി 1980 ൽ അടൽ ബിഹാരി വാജ്‌പേയിയും എൽ.കെ. അദ്വാനിയും നേതൃത്വമെടുത്തു സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. നാല് പതിറ്റാണ്ടു പിന്നിട്ട പാർട്ടി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അംഗസംഖ്യയുള്ള (180 മില്യൺ) രാഷ്ട്രീയ പാർട്ടിയും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഇന്ത്യ മഹാരാജ്യവും 18 സംസ്ഥാനങ്ങളിൽ ഭരണ നിർവ്വഹണവുമുള്ള നിലയിൽ വളർന്നിരിക്കുന്നു.

പാർട്ടി രൂപീകരണത്തോടൊപ്പം തന്നെ കേരളത്തിലും സംസ്ഥാന കമ്മിറ്റി പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും ആദ്യത്തെ രണ്ടു ദശകങ്ങളിൽ കാര്യമായ സാന്നിധ്യമൊന്നും പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികൾ തമ്മിൽ നയപരമായി വലിയ വ്യത്യാസമില്ലാതെ അഴിമതിയിലും അധികാര ദുർവിനിയോഗത്തിലും പരസ്പരം ഒത്തുതീർപ്പിന്റെ വഴി സ്വീകരിച്ചപ്പോൾ ജനങ്ങൾ ഒരു മൂന്നാം സാധ്യതയെക്കുറിച്ചു ആലോചിച്ചുവെങ്കിലും അവരുടെ പ്രതീക്ഷക്കനുസരിച്ചു പ്രകടനം നടത്താനോ ഒരു ബദൽ രാഷ്ട്രീയ മുന്നണി കെട്ടിപ്പടുക്കാനോ ബി.ജെ.പിക്ക് കഴിഞ്ഞില്ല.

സ്വാതന്ത്ര്യ സമരകാലം മുതൽ തന്നെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകൾ മലയാളികൾ കൈകൊണ്ടിരുന്നു. സാക്ഷരതയിലും രാഷ്ട്രീയ ബോധത്തിലും വേറിട്ട വഴികളിലൂടെ പല മേഖലകളിലും ഇന്ത്യക്കുതന്നെ മാതൃകയായ മലയാളി കമ്മ്യൂണിസത്തെയും ക്രിസ്ത്യാനിറ്റിയെയും ഇസ്ലാം മതത്തെയും വളരെ മുന്നേ തന്നെ സർവാത്മനാ സ്വീകരിച്ചിരുന്നു. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും സങ്കീർണ്ണമാക്കിയ കേരളത്തിന്റെ യഥാർത്ഥ ജനസംഖ്യ ശാസ്ത്രമോ ജനകീയ പ്രശ്നങ്ങളോ തിരിച്ചറിയുന്നതിൽ ബി.ജെ.പി വിജയിക്കുന്നതായി കാണുന്നില്ല.

ഹിന്ദു മതത്തിൽ നിലനിന്ന ജാതി ചിന്തയുടെ ക്രൂരമായ വിവേചനങ്ങൾക്കെതിരെ മതത്തിനുള്ളിൽ നിന്നുതന്നെയുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളും അതിൽ ആവേശം കൊണ്ട ഉത്പതിഷ്ണുക്കൾ ചേർന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റ് ആശയങ്ങളും ചേർന്ന് കേരളത്തെ ഒരു മതേതര സമൂഹമായി പരിവർത്തനം ചെയ്തു. തൊട്ടുകൂടായ്മയുടെയും തീണ്ടലിന്റെയും തീഷ്ണത നേരിട്ടനുഭവിച്ച ഹിന്ദുക്കളിലെ ഒരു വലിയ വിഭാഗം മതവിശ്വാസം മാറ്റി വെച്ച് കമ്മ്യൂണിസ്റ്റ് ആയപ്പോൾ വിദേശത്തു നിന്നെത്തിയ മതങ്ങൾ അവശേഷിച്ചവരെ പ്രചാരണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും പരിവർത്തനം നടത്തി കൂടെക്കൂട്ടി. അങ്ങനെ അന്നുണ്ടായിരുന്ന മലയാളികൾ മതേതരർ, മതമില്ലാത്തവർ, മതവാദികൾ എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ഇതാണ് കേരളത്തിന്റെ ജനസംഖ്യ ശാസ്ത്രം.

ഭൂരിപക്ഷം മതേതരരോ മതമില്ലാത്തവരോ ആയിരിക്കുകയും മതമുള്ളവരിൽ ഭൂരിപക്ഷവും മതപരമായ രാഷ്ട്രീയത്തിൽ ബന്ധിതമായിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ഹിന്ദുത്വം മാത്രം പറഞ്ഞുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് കാലുറപ്പിക്കാൻ എളുപ്പമല്ല. ലക്ഷ്യത്തേക്കാളേറെ മാർഗത്തിനു പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലാണ് വർഗ സമരത്തെയും വിപ്ലവത്തെയുമൊക്കെ വഴിയിൽ ഉപേക്ഷിച്ചു ജനക്ഷേമ പരിപാടികളിലൂടെ മേല്പറഞ്ഞ മൂന്നു വിഭാഗങ്ങളേയും തരാതരം പോലെ കൂടെ നിർത്തി കമ്മ്യൂണിസ്റ്റുകാർ ഇക്കുറി വിജയം ഉറപ്പിച്ചത്.

കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിന് പിന്തുണ നല്‍കാന്‍ കേരളത്തിൽ നിന്നും ഒരു പ്രതിനിധി പോലും ഇല്ലാതിരിക്കെ സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുവേണ്ടി ആദ്യം അൽഫോൻസ് കണ്ണന്താനത്തെയും ഇപ്പോൾ യുവാവായ വി. മുരളീധരനെയും കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ തകർന്ന വ്യാവസായിക പിന്നോക്കാവസ്ഥക്കോ തൊഴിലിലായ്മക്കോ പരിഹാരമാകുന്ന ഏതെങ്കിലുമൊരു പദ്ധതി കേരളത്തിൽ കൊണ്ടുവരുന്നതിന് യാതൊരു ശ്രമവും നടത്താൻ കഴിയാതിരുന്ന കേന്ദ്രമന്ത്രി കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ റോളിൽ നിരന്തരം രാഷ്ട്രീയം പറഞ്ഞു കാലം കളയുകയല്ലേ ചെയ്യുന്നത്. സാധാരണക്കാരന്റെ നിത്യജീവിതത്തെ ബാധിക്കുന്ന ഇന്ധന വിലക്കയറ്റവും പാചകവാതക വില വർധനയും തുടങ്ങിയ വിഷയങ്ങളിൽ നടത്തുന്ന അനവസര ന്യായീകരണങ്ങളും ശബരിമല എയർപോർട്ട് നിർമാണാനുമതി വിഷയത്തിലെ മൗനവുമൊക്കെ അര്‍ത്ഥഗര്‍ഭമല്ലേ. ഭരണഘടനാ സ്ഥാപനമായ സി ആൻഡ് എ.ജി, ദേശീയ അന്വേഷണ ഏജൻസി, കേന്ദ്ര ഇന്റലിജൻസ് ബ്യുറോ, കസ്റ്റംസ് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളെ കേവലം രാഷ്ട്രീയ ലക്ഷ്യത്തോടെ ജനങ്ങളുടെ മുന്നിലും കോടതികളിലും അപഹാസ്യമാക്കിയതിൽ എന്ത് സമാധാനമാണ് ജനങ്ങളോട് പറയാൻ കഴിയുക.

കേന്ദ്ര മന്ത്രി ആയിരിക്കെ കേരളത്തിനുവേണ്ടി ചെയ്ത പ്രത്യേക പ്രവർത്തനങ്ങളുടെ ആദരം കൂടിയായിരുന്നു അദ്ദേഹത്തിന്റെ 2016 ലെ തെരഞ്ഞെടുപ്പ് വിജയം.

മഹാമാരിയുടെ പിടിയിലകപ്പെട്ടു കേരളം വലയുമ്പോൾ കേരളത്തോടൊപ്പം കേന്ദ്ര സർക്കാർ നിൽക്കുമ്പോളും സംസ്ഥാനത്തിന്റെ വീഴ്ചകൾ പർവ്വതീകരിച്ച് പത്രസമ്മേളനം നടത്താൻ സമയം കണ്ടെത്തുന്ന കേന്ദ്രമന്ത്രി കേരള മനസ്സറിയാൻ പരാജയപ്പെടുകയായിരുന്നില്ലേ.

അടിമുടി വിഭാഗീയത പിടിമുറുക്കിയിരിക്കുന്ന കേരള പാർട്ടിയിൽ കെ. സുരേന്ദ്രനെ പ്രസിഡന്റാക്കി തന്റെ ഗ്രൂപ്പ് താത്പര്യങ്ങൾക്കുവേണ്ടി അദ്ദേഹത്തെ ചട്ടുകമാക്കുകയല്ലേ ചെയ്യുന്നത്. തികഞ്ഞ സംഘാടക പാടവവും നേതൃ ഗുണവുമുള്ള സുരേന്ദ്രൻ ഒരു പരാജയമായതിനു കാരണം കേന്ദ്ര മന്ത്രിയുടെ നിയന്ത്രണമായിരുന്നുവെന്നു വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ തന്നെ പറയാതെ പറഞ്ഞിട്ടുണ്ട്.

പിണറായി വിജയനോടൊപ്പം നവോത്ഥാനമുണ്ടാക്കാൻ നാടു നിരങ്ങിയ വെള്ളാപ്പള്ളിയുടെ അഴിമതികൾക്കു സംരക്ഷണം നൽകാൻ അദ്ദേഹത്തിന്റെ മകനെ ബി.ജെ.പി പക്ഷത്തു നിർത്തി നടത്തുന്ന മുന്നണി നാടകം കഴക്കൂട്ടത്തു കടകംപ്പള്ളിക്കു ഗുണം ചെയ്യുകയും കുട്ടനാട്ടിൽ വോട്ട് വിഹിതം അമ്പതു ശതമാനം മറിച്ചു ഇടതിനെ വിജയിപ്പിക്കുകയുമല്ലേ ചെയ്തത്.

മെട്രോ ശ്രീധരനെപ്പോലെ ഒരു ടെക്നോക്രറ്റും ടി.പി സെൻകുമാർ, ഡോ. കെ. രാധാകൃഷ്ണൻ, സി.വി ആനന്ദ ബോസ് തുടങ്ങി അനേകം പ്രഗത്ഭരായ അംഗങ്ങളും ഉള്ള പാർട്ടി കേരളത്തിന്റെ അടുത്ത അഞ്ചു വർഷത്തെ ഒരു വികസന മാതൃക അവതരിപ്പിച്ചു ജനവിധി തേടിയിരുന്നുവെങ്കിൽ ബി.ജെ.പിയുടെ മുഖം തന്നെ മാറിയേനെ. അതിനു പകരം പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കൊണ്ടുവന്നു ശരണം വിളിപ്പിച്ചു മാത്രം വോട്ട് നേടാമെന്ന് കരുതിയത് ആരുടെ ബുദ്ധിയായിരുന്നു. ജനശ്രദ്ധ പിടിച്ചു പറ്റിയ ഒട്ടനവധി പദ്ധതികൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചും നടപ്പിലാക്കിയതും അവിടങ്ങളിൽ ഭരണം പിടിച്ചത് നാം കണ്ടതല്ലേ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top