ബെംഗളൂരു: ഇന്ത്യന്‍ കരസേനയുടെ ചരിത്രത്തില്‍ ആദ്യമായി ഓഫീസറല്ലാത്ത വനിതാ മിലിട്ടറി പോലീസുകാരുടെ ആദ്യ ബാച്ച് കരസേനയുടെ ഭാഗമായി. രണ്ട് മലയാളികളുള്‍പ്പെടെ 83 പേരുടെ പാസിംഗ് ഔട്ട് പരേഡില്‍ മിലിറ്ററി പൊലീസ് കോര്‍ കമാന്‍ഡന്റ് ബ്രിഗേഡിയര്‍ സി ദയാളന്‍ സല്യൂട്ട് സ്വീകരിച്ചു. തിരുവനന്തപുരം സ്വദേശിനികളായ എസ്ആര്‍ ഗൗരി, പിഎസ് അര്‍ച്ചന എന്നിവരാണ് പരിശീലനം പൂര്‍ത്തിയാക്കിയ മലയാളികള്‍.
കരസേനയില്‍ ഇതുവരെ ഓഫീസര്‍ തസ്തികകളില്‍ മാത്രമാണ് വനിതകളെ നിയോഗിച്ചിരുന്നത്. വിമന്‍ മിലിറ്ററി പൊലീസില്‍ ലാന്‍സ് നായിക് തസ്തികയിലാണ് ഇവരുടെ നിയമനം.
ലഫ്. കേണല്‍ ജൂലിയുടെ മേല്‍നോട്ടത്തില്‍ 2020 ജനുവരി ആറിന് തുടങ്ങിയ പരിശീലനം അവധി ഉള്‍പ്പെടെ 61 ആഴ്ച നീണ്ടു. മിലിറ്ററി പൊലീസിലെ പുരുഷന്മാര് ചെയ്യുന്ന എല്ലാ സേവനങ്ങള്‍ക്കും ഇനി വനിതകളെയും നിയോഗിക്കും.
കരസേനയിലെ ക്രമസമാധാന പാലനം, അച്ചടക്കം തുടങ്ങിയവയുടെ ചുമതല മിലിറ്ററി പൊലീസിനാണ്. ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, അതിര്‍ത്തിയിലെ പ്രശ്നബാധിത മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുക തുടങ്ങിയവയാണ് മിലിറ്ററി പൊലീസിന്റെ പ്രധാന ചുമതലകള്‍.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news