ചൈനയുടെ റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോള്‍ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളെല്ലാം കത്തി നശിച്ചിരുന്നു. ലോങ് മാര്‍ച്ച് 5 ബി റോക്കറ്റ് പതനത്തില്‍ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ്ങിലെ അധികൃതര്‍ വ്യക്തമാക്കി.

”നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം 2021 മെയ് 9 ന് 10:24 ന് ലോംഗ് മാര്‍ച്ച് ബി യാവോ-2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. മാലിദ്വീപിനടത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്.” ചൈന അറിയിച്ചു.

റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നായിരുന്നു യുഎസ് പ്രതിരോധ മന്ത്രാലയ വക്താവ് മൈക്ക് ഹൊവാര്‍ഡ് നേരത്തെ പറഞ്ഞിരുന്നത്. 100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.

ഏപ്രില്‍ 29നാണ് ചൈന ലോങ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്‌നപദ്ധതിയായ ലാര്‍ജ് മൊഡ്യൂളാര്‍ സ്‌പേസ് സ്‌റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.

റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വീണേക്കുമെന്നാണ് ഭയപ്പെട്ടിരുന്നത്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങൾക്ക് റോക്കറ്റിന്റെ വരവിനെ സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. 100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റാണ് ലോംഗ് മാർച്ച് 5 ബി.

കഴിഞ്ഞ തവണ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന്, ഈ റോക്കറ്റിന്റെ നിരവധി അവശിഷ്ടങ്ങള്‍ ആകാശത്തിലൂടെ പറന്ന് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment