കോവിഡ്-19 മഹാമാരിയില്‍ നിന്ന് കരകയറാൻ യുഎസിന് ഒരുപാട് ദൂരം പോകേണ്ടി വരും: വാണിജ്യ സെക്രട്ടറി

കൊറോണ വൈറസ് മഹാമാരി മൂലം ദശലക്ഷക്കണക്കിന് തൊഴിലുകള്‍ ഇല്ലാതായതിനാല്‍ നിരവധി അമേരിക്കക്കാർ ഇപ്പോഴും ജോലിയിലേക്ക് മടങ്ങാൻ പാടുപെടുകയാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഗിന റൈമോണ്ടോ പറഞ്ഞു.

“മഹാമാരിയിൽ നിന്ന് കരകയറാൻ നമ്മള്‍ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു” എന്ന് റൈമോണ്ടോ പറഞ്ഞു. “ഇപ്പോഴും ധാരാളം അമേരിക്കക്കാർ ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ 8 ദശലക്ഷം ജോലികൾ കുറയുകയും ചെയ്തു,” അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച തൊഴിൽ സംഖ്യ പ്രതീക്ഷിച്ചതിലും താഴെയായത് അതിന്റെ പ്രതിഫലനമാണെന്ന് റൈമോണ്ടോ അഭിപ്രായപ്പെട്ടു.

ഏപ്രിൽ മാസത്തിൽ 266,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ച ഒരു ദശലക്ഷം തൊഴിലുകളുടെ ഒരു ഭാഗമാണത്.

“നിരാശാജനകമായ ഏപ്രിൽ തൊഴിൽ റിപ്പോർട്ട് പ്രസിഡന്റ് ബൈഡന്റെ അമേരിക്കൻ ജോലികളും കുടുംബ പദ്ധതികളും പാസാക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, മറ്റ് മുൻഗണനകൾ എന്നിവയെക്കൂടാതെയാണിത്,” ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും കുറവ് മൂലം അമേരിക്കയില്‍ തൊഴിൽ വളർച്ച തടയാൻ സാധ്യതയുണ്ടെന്ന് ചില യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

തൊഴിലില്ലായ്മ ഇൻഷുറൻസ് ലഭിക്കുന്നതിനാൽ ആളുകൾ ജോലിയിലേക്ക് മടങ്ങാൻ മടിക്കുന്നു എന്ന റിപ്പബ്ലിക്കൻ വാദത്തെ റൈമോണ്ടോ നിരസിച്ചു.

“ആളുകൾ ജോലിക്ക് പോകാത്തതിന്റെ ഒന്നാം നമ്പർ കാരണം നിങ്ങൾ പറഞ്ഞതാണ്: ഭയം, അല്ലെങ്കിൽ അവർക്ക് ശിശു സംരക്ഷണം കണ്ടെത്താൻ കഴിയുന്നില്ല, അതുമല്ലെങ്കിൽ സ്കൂളുകൾ ഇപ്പോഴും അടച്ചിരിക്കുന്നു. കുട്ടികള്‍ വീടിനുള്ളില്‍ കഴിയുകയാണ്. മാതാപിതാക്കള്‍ ജോലിക്കു പോയാല്‍ കുട്ടികളുടെ സം‌രക്ഷണം ആര് ഏറ്റെടുക്കും,” യുഎസ് വാണിജ്യ സെക്രട്ടറി അഭിപ്രായപ്പെട്ടു.

മഹാമാരിയുമായി ബന്ധപ്പെട്ട ഫെഡറൽ തൊഴിലില്ലായ്മ ആനുകൂല്യ പദ്ധതികൾ ഈ വർഷം ജൂൺ അവസാനത്തോടെ അവസാനിപ്പിക്കണമെന്ന് സൗത്ത് കരോലിന റിപ്പബ്ലിക്കൻ ഗവർണർ ഹെൻറി മക്മാസ്റ്റർ ആവശ്യപ്പെട്ടു.

 

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment