മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മേക്കറും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

മലയാള സിനിമാ രംഗത്തെ ഹിറ്റ് മേക്കറും എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ ഡെന്നിസ് ജോസഫിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു.

അഗ്രജൻ, തുടർക്കഥ, അപ്പു, അതർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

ജി.കെ. എന്ന അനശ്വരകഥാപാത്രവും അമ്പരപ്പിക്കുന്ന ക്ലൈമാക്സും കൊണ്ട് ഇന്ത്യൻ സിനിമയിൽത്തന്നെ നാഴികക്കല്ലായിത്തീർന്ന ന്യൂഡൽഹി, വിൻസന്റ് ഗോമസ് എന്ന തകർപ്പൻ നായകവില്ലനിലൂടെ അധോലോകസിനിമകളുടെ തരംഗത്തിന് വമ്പൻ തുടക്കമിട്ട രാജാവിന്റെ മകൻ, നിറക്കൂട്ട്, അഥർവം, നമ്പർ 20 മദ്രാസ് മെയിൽ, ശ്യാമ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, സംഘം, നായർസാബ്, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ, ആകാശദൂത് തുടങ്ങി നിരവധി സൂപ്പർഹിറ്റുകളെക്കൊണ്ട് മലയാളസിനിമയുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് ഡെന്നീസ്.

കോട്ടയത്തിനടുത്ത് ഏറ്റുമാനൂരാണ് ഡെന്നിസ് ജോസഫ് ജനിച്ചത്. കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സംവിധായകന്‍ ജോഷിക്കൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ഒരുക്കിയത്. സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടുമായിരുന്നു.

മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ഔസേപ്പച്ചന്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News