“ഇന്നലെ രാത്രി സംസാരിച്ചപ്പോള്‍ ഇന്ന് നീ ഈ ലോകത്തോട് യാത്ര പറയുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല”; അന്തരിച്ച ഡെന്നീസ് ജോസഫിനെ സ്മരിച്ച് സം‌വിധായകന്‍ പ്രിയദര്‍ശന്‍

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച, എക്കാലത്തേയും ഹിറ്റ് മേക്കറും തിരക്കഥാകൃത്തും സം‌വിധായകനുമായ ഡെന്നീസ് ജോസഫിന്റെ അകാല നിര്യാണം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചു. ഇന്നലെ രാത്രി നടന്ന സംസാരത്തെക്കുറിച്ച് സം‌വിധായകന്‍ പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമാണ്…”ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്…” പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥ രചിച്ചത്.

തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന തിരക്കഥാകൃത്തിന്റെ വിയോഗത്തിൽ മോഹൻലാലും മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തി

മമ്മൂട്ടിയുടെ പ്രതികരണം: ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു

“എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…” മോഹന്‍ലാല്‍ കുറിച്ചു.

സംവിധായകരായ ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ്, രഞ്ജിത് ശങ്കര്‍ നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, നടി മഞ്ജു വാര്യര്‍ തുടങ്ങിയവരും ഡെന്നീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മലയാള സിനിമയ്ക്ക് വിലപ്പെട്ട തിരക്കഥാകൃത്തായിരുന്നു: രൺജി പണിക്കർ

മലയാള സിനിമയിൽ വലിയ ഹിറ്റുകൾ നൽകിയ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ് എന്ന് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ . മലയാളത്തിലെ വിലയേറിയ തിരക്കഥാകൃത്ത് എന്ന് അദ്ദേഹത്തെക്കുറിച്ച് പറയേണ്ടി വരും. വളരെ ചെറിയ പ്രായത്തിലായിരുന്നു അദ്ദേഹം തിരക്കഥാ രചന തുടങ്ങിയത്. മുഖ്യധാരാ സിനിമകൾക്കൊപ്പം വ്യത്യസ്തമാർന്ന തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് അദ്ദേഹത്തിന്റെ വാഴ്ച തന്നെയായിരുന്നു നടന്നിരുന്നത്. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ ആദരവോടെയാണ് സിനിമ പ്രേമികൾ കാണുന്നത്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment