Flash News

ഈദുൽ ഫിത്വർ അവധി ആഘോഷിക്കാം, ഷാർജയിലെ വിനോദ കേന്ദ്രങ്ങളിൽ

May 10, 2021 , നസീല്‍ മുഹമ്മദ്

അൽ മജാസ് വാട്ടർ ഫ്രണ്ട്

ഈദുൽ ഫിത്വർ അവധി ദിനങ്ങൾക്ക് നിറം പകരാൻ നിരവധി ആഘോഷപരിപാടികളൊരുക്കിയും പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ചും ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ. കുട്ടികൾക്ക് അറിവും ഹരവും പകരുന്ന പരിശീലനക്കളരികളും സൗജന്യപ്രദർശനങ്ങളും തൊട്ട് കുടുംബസമേതം പ്രകൃതികാഴ്ചകൾ ആസ്വദിച്ച് ആഡംബര ഹോട്ടലുകളിലെ താമസം വരെ നീളുന്ന ഈദ് വിരുന്നുകൾ ഷാർജ നിക്ഷേപവികസന വകുപ്പിന് (ഷുറൂഖ്) കീഴിലുള്ള വിവിധ വിനോദകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

അൽ മജാസ് വാട്ടർ ഫ്രണ്ട്

ഷാർജ നിവാസികളുടെയും യുഎഇയിലെ കുടുംബസഞ്ചാരികളുടേയും പ്രിയപ്പെട്ട വിനോദകേന്ദ്രമായ അൽ മജാസിൽ പെരുന്നാളവധിയുടെ മൂന്ന് ദിവസങ്ങളിൽ പ്രത്യേക കലാപ്രദർശനങ്ങളുണ്ടാവും. ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന നിയോൺ ആനിമേഷൻ ഷോ (മെയ് 13), ഡ്രംസ് ഷോ (മെയ് 14), മെയ്വഴക്കത്തിന്റെ അഭ്യാസപ്രകടനമരങ്ങേറുന്ന വീൽ അക്രോബാറ്റ് ഷോ (മെയ് 15) എന്നിങ്ങനെയാണ് പ്രദർശനങ്ങൾ. ഇതിന് പുറമേ മെയ് 13, 14 തീയതികളിൽ പ്രത്യേക പരേഡുകളും അരങ്ങേറും. വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്തുവരെയാണ് കലാപ്രദർശനമുണ്ടാവുക.

അൽ മുൻതസ പാർക്ക്

അൽ മുൻതസ പാർക്ക്

നവീകരണപ്രവർത്തനങ്ങൾക്കായി റമദാൻ മാസത്തിൽ അടച്ചിട്ടിരുന്ന അൽ മുൻതസയിലെ ‘പേൾ കിങ്ഡം’ വാട്ടർ തീം പാർക്ക് ഈദുൽ ഫിത്വർ അവധിയുടെ ആദ്യ ദിനം അതിഥികൾക്കായി തുറക്കും. എട്ട് പുതിയ ട്യൂബ് റൈഡുകളും പാർക്കിലുടനീളമുള്ള ഫോട്ടോ പോയിന്റുകളും കഫേയുമെല്ലാം പാർക്കിലെ പുതിയ വിശേഷങ്ങളാണ്. നിയോൺ വെളിച്ചത്തിന്റെ രസം പകരുന്ന റൈഡുകളാണ് മറ്റൊരു വിശേഷം. ടിക്കറ്റ് നിരക്കും പുതുക്കി നിശ്ചയിച്ചിട്ടുണ്ട് – മുതിർന്നവർക്ക് 150 ദിർഹംസും കുട്ടികൾക്ക് 120 ദിർഹംസുമാണ് പുതിയ നിരക്ക്. 80 സെന്റിമീറ്ററിന് താഴെ ഉയരമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

സിറ്റി ബസ് യാത്രയും ബോട്ട് സഞ്ചാരവും

ഷാർജ ന​ഗരക്കാഴ്ചകൾ ആസ്വദിച്ച് വിവിധ വിനോദകേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന ഇരുനില ബസ് യാത്രക്കും ഖാലിദ് തടാകത്തിലെ ബോട്ട് യാത്രക്കുമുള്ള ടിക്കറ്റുകൾക്ക് ഈദ് അവധി ദിനങ്ങളിൽ പ്രത്യേക ഓഫറുകളുണ്ട്. മുതിർന്നവർക്കുള്ള രണ്ട് ടിക്കറ്റുകളെടുത്താൽ രണ്ട് കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഷാർജയിൽ നിന്ന് ഖോർഫക്കാൻ വരെയുള്ള ഇരുനില ബസ് യാത്രക്കുള്ള ടിക്കറ്റിനും കിഴിവുകളുണ്ട് – മുതിർന്നവർക്ക് 120 ദിർഹംസും കുട്ടികൾക്ക് 100 ദിർഹംസുമാണ് നിരക്ക്.

അൽ നൂർ ദ്വീപ്

ചിത്രശലഭക്കാഴ്ചകൾക്കും പ്രകൃതിദൃശ്യങ്ങൾക്കും പ്രശസ്തമായ ഷാർജ അൽ നൂർ ദ്വീപിൽ പെരുന്നാളവധി ദിനങ്ങളിൽ ടിക്കറ്റുകളിൽ 30 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിലേക്കും ശലഭവീട്ടിലേക്കുമുള്ള ടിക്കറ്റിന് മുതിർന്നവർക്ക് 35 ദിർഹംസും കുട്ടികൾക്ക് 20 ദിർഹംസുമാണ് നിരക്ക്.

മെലീഹ ആർക്കിയോളജിക്കൽ സെന്റർ

വേറിട്ട പുരാവസ്തു കാഴ്ചകളും മരുഭൂ അനുഭവങ്ങളുമൊരുക്കുന്ന മെലീഹയിൽ കുട്ടികൾക്കായുള്ള പരിശീലനക്കളരികളിലും സാഹസിക പാക്കേജുകളും നിരവധി ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന മെലീഹയിലെ ആർക്കിയോളജി പരിശീലനകളരികളിൽ മുതിർന്നവർക്കുള്ള ഒരു ടിക്കറ്റെടുത്താൽ 12 വയസ് വരെ പ്രായമുള്ള ഒരു കുട്ടിക്ക് സൗജന്യമായി പങ്കെടുക്കാം.

സാഹസിക പാക്കേജുകളിൽ രണ്ട് ടിക്കറ്റെടുക്കുമ്പോൾ മൂന്നാമതൊരാൾക്ക് സൗജന്യമാണ്. വാനനിരീക്ഷണ പാക്കേജിലും ഇതേ ആനുകൂല്യം ലഭ്യമാണ്. മരുഭൂമിയിലൂടെയുള്ള ബ​ഗ്​​ഗി യാത്രക്ക് 50 ശതമാനം കിഴിവും കുതിരസവാരിക്ക് 30 ശതമാനം കിഴിവും ലഭിക്കും. കുതിര സവാരിയുടെ ടിക്കറ്റുകൾ 50 ദിർഹം തൊട്ട് തുടങ്ങുന്നുണ്ട്.

ഖോർഫക്കാൻ ബീച്ച്

മെയ് 13, 14 ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന നിരവധി കലാകായിക പ്രദർശനങ്ങളാണ് ഖോർഫക്കാൻ ബീച്ചിലെ പെരുന്നാൾ വിശേഷം. പരേഡുകളും ഡ്രം മാർച്ചുമെല്ലാം കടൽത്തീരത്തെ ആഘോഷത്തിന് നിറംപകരും.

വിനോദകേന്ദ്രങ്ങൾക്ക് പുറമേ ഷുറൂഖിന് കീഴിലുള്ള അൽ ബെയ്ത് ഹോട്ടലിലും കിങ്ഫിഷർ, അൽ ബദായർ, അൽ ഫയ റിട്രീറ്റുകളിലും പെരുന്നാളിനോടനുബന്ധിച്ച പ്രത്യേക നിരക്കുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനവും കലാപ്രദർശനങ്ങളുമെല്ലാം കോവിഡ് നിയന്ത്രണങ്ങളും പ്രോട്ടോകോളും പൂർണമായും പാലിച്ചാണ് ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും നിർബന്ധമാണ്. ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കും. സമൂഹസുരക്ഷ മുൻനിർത്തിയുള്ള ആരോ​ഗ്യസുരക്ഷാ നിർദേശങ്ങളെല്ലാം വന്നെത്തുന്ന അതിഥികളും പാലിക്കണമെന്ന് അധികൃതർ ഓർമപ്പെടുത്തുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top