Flash News

വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

May 10, 2021

രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക എന്നറിയപ്പെടുന്ന, മുതിര്‍ന്ന കമ്യൂണിസ്റ്റും മുന്‍മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 101 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.

ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ സ്വാധീനത്താൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയർന്ന പ്രതിഷേധവും പുന്നപ്ര–വയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്. പി, കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയത്. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി. അക്കാലത്താണ് ടി.വി. തോമസുമായുള്ള വിവാഹം. അതേ മന്ത്രിസഭയിൽ അംഗമായിരുന്നു ടി.വി.യും. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവിയും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടർന്ന് ടിവിയുമായി പിരിഞ്ഞു.

പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്. ആറുതവണ മന്ത്രിയായി. മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.

സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വവുമായുള്ള പിണക്കവും മൂലം 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിലായിരുന്ന അവര്‍ 2016-ല്‍ യുഡിഎഫുമായി ഇടഞ്ഞു മുന്നണി വിട്ടു. അവസാന കാലത്ത് സിപിഎമ്മുമായി അടുപ്പം പുലർത്തിയിരുന്നു. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഗൗരിയമ്മയെ സന്ദർശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. സിപിഎമ്മിന്റെ വനിതാ മതിലിൽ അടക്കം ഗൗരിയമ്മ പങ്കെടുത്തു. പാർട്ടിയിലേക്കു തിരിച്ചു വിളിക്കണമെന്ന തരത്തിൽ സിപിഎമ്മിൽ ചർച്ചകളും ഉണ്ടായിരുന്നു.

സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍ കെ. ആര്‍ ഗൗരിയമ്മയെക്കുറിച്ച്

കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തയായ വനിത എന്ന വിശേഷണം സഖാവ് K R ഗൗരിയമ്മയുടെ കാര്യത്തിൽ നൂറു ശതമാനം ശരിയായിരുന്നു. അവർ അക്ഷരാർത്ഥത്തിൽ ഒരു ഉരുക്കു വനിത തന്നെയായിരുന്നു. കരുത്തുറ്റ രാഷ്ട്രീയ നേതാവ്, മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ ശോഭിച്ച അവരുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ കേരളത്തിൻ്റെ വികസനക്കുതിപ്പിന് കളമൊരുക്കി. കൃഷി ഭൂമി കൃഷിക്കാരന് എന്ന എക്കാലത്തെയും ഉജ്വലമുദ്രാവാക്യം നെഞ്ചോട് ചേർത്ത സഖാവ് ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം കേരളത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. നവകേരള സൃഷ്ടിക്ക് ശിലപാകിയവരിൽ പ്രമുഖസ്ഥാനമാണ് അവർക്കുള്ളത്.

കാർക്കശ്യക്കാരിയായ തറവാട്ട് കാരണവരെപ്പോലെയായിരുന്നുവെങ്കിലും ഉള്ളു നിറയെ സ്നേഹവും വാത്സല്യവും അവർ കൊണ്ടു നടന്നു.

രാഷ്ട്രീയ കേരളം ഗൗരിയമ്മയ്ക്ക് ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ ഏറെയാണ്. കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ ചരിത്രം കുറിച്ച ധീരവനിത, വിപ്ലവനായിക, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത 10 തവണ നിയമസഭാംഗം… അങ്ങനെ നിരവധി അപൂർവതകളുടെ ഉടമയായ അവർ ആറ് സർക്കാരുകളിലായി 16 വർഷം മന്ത്രിയായി. അതും കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാൾ. റവന്യൂ, എക്സൈസ്, വ്യവസായം, ഭക്ഷ്യം, കൃഷി തുടങ്ങിയ വകുപ്പുകൾ അവരുടെ കൈകളിൽ ഭദ്രമായിരുന്നു.

പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്. വിസ്താര ഭയം കൊണ്ട് എല്ലാം എഴുതുന്നില്ല. ഇങ്ങനെയൊരാൾ ഇനിയിവിടെ ഉണ്ടാകുമോ എന്ന് സംശയമാണ്.

അവസാനമായി സഖാവിനെ കണ്ടത് നൂറാം പിറന്നാൾ ആഘോഷത്തിൻ്റെ സമയത്താണ്. പിറന്നാൾ ആഘോഷമൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ആലപ്പുഴയിലെ വീട്ടിൽ അവരെ കണ്ടത്. ഓർമ്മച്ചരടുകൾ കൂടിച്ചേർന്നും ഇഴപിരിഞ്ഞും അങ്ങനെ. കുറേ സമയമെടുത്താണ് സഖാവിന് എന്നെ ഓർമ്മ വന്നത്. പിന്നെ വർത്തമാനം തുടങ്ങി. ഒരുപാട് വിശേഷങ്ങൾ അന്ന് പങ്കുവെച്ചു. സഖാവ് ഗൗരിയമ്മയുടെ അനുഗ്രഹം തേടിയാണ് അന്ന് മടങ്ങിയത്.

പിന്നീട് നേരിൽ കാണാൻ കഴിഞ്ഞില്ല.

ഇന്നിതാ നൂറ്റിരണ്ടാം വയസ്സിൽ സഖാവ് ഗൗരിയമ്മ വിട പറഞ്ഞിരിക്കുന്നു. വലിയ സങ്കടമാണ് ആ മരണവാർത്ത കേട്ടപ്പോൾ ഉണ്ടായത്. പ്രിയപ്പെട്ട സഖാവിൻ്റെ ധീര സ്മരണകൾ നമുക്കെന്നും കരുത്തും പ്രചോദനവുമാണ്. സഖാവ് ഗൗരിയമ്മയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top