Flash News

അര്‍ഹയായിരുന്നെങ്കിലും മുഖ്യമന്ത്രിക്കസേര നിഷേധിക്കപ്പെട്ട കരുത്തുറ്റ വനിതാ നേതാവ്

May 11, 2021

കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി നിയമങ്ങൾ, ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച നേതാവ്, കേരളത്തിന്റെ ഗതിയെ മാറ്റിമറിച്ച പരിഷ്കാരങ്ങൾ, രാഷ്ട്രീയത്തിലെ ഉറച്ച ശബ്ദം, ഭയമില്ലാതെ ആരെയും നേരിടുന്ന സ്വഭാവം, ബ്യൂറോക്രാറ്റിക് അഹങ്കാരം നിർത്തിയ മന്ത്രി… ഇതെല്ലാമായിരുന്നു സഖാവ് ഗൗരിയമ്മയുടെ വ്യക്തിത്വം. ആധുനിക കേരളത്തെ കെട്ടിപ്പടുത്തതില്‍ പ്രധാന പങ്കു വഹിച്ച ഒരു നേതാവിനെയാണ് കേരളത്തിന് നഷ്ടമായത്. കേരളത്തിന് ലഭിക്കാതെ പോയ വനിതാ മുഖ്യമന്ത്രി കൂടിയാണ് കെ.ആര്‍ ഗൗരിയമ്മ.

1957ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്നു കെ.ആര്‍ ഗൗരിയമ്മ. ചരിത്രത്തില്‍ നിര്‍ണായകമായ പല നിയമങ്ങളും പരിഷ്‌കരണങ്ങളും അവരിലൂടെ കൂടിയാണ് കേരളത്തില്‍ നടപ്പിലായത്.

ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തെ പുരോഗമന വഴിയില്‍ നടത്തിച്ച സുപ്രധാന ഇടപെടലുകള്‍ക്ക് തുടക്കമിട്ടതിൽ പ്രധാനിയാണ് കെ.ആർ ​ഗൗരിയമ്മ.

ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ എക്‌സൈസ് വകുപ്പുകളുടെ ചുമതലയായിരുന്നു കെ.ആര്‍ ഗൗരിയമ്മക്ക്. പിന്നീട് വിവിധ സര്‍ക്കാരുകളിലായി അഞ്ച് തവണ കെ.ആര്‍ ഗൗരിയമ്മ മന്ത്രിയായി. കൃഷി, സാമൂഹ്യക്ഷേമം, വ്യവസായം, എക്‌സൈസ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

പതിനൊന്ന് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയിലുള്ള കെ.ആര്‍ ഗൗരിയമ്മയ്ക്ക് പക്ഷേ കേരളം ഒരു മുഖ്യമന്ത്രിക്കസേര നല്‍കാന്‍ വിസമ്മതിച്ചു.

ഉറച്ച രാഷ്ട്രീയ നിലപാടുകളായിരുന്നു കെ.ആര്‍ ഗൗരിയമ്മയുടേത്. അതിന് മുന്നില്‍ ആരെയും അവര്‍ ഗൗനിച്ചിരുന്നില്ല. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവ് ടി.വി തോമസ് സി.പി.ഐയില്‍ ചേര്‍ന്നെങ്കിലും ഗൗരിയമ്മ സി.പി.എമ്മിനൊപ്പം തന്നെ നിന്നു. പിന്നീട് അതേ സി.പി.ഐ.എമ്മില്‍ നിന്ന് തന്നെ ഗൗരിയമ്മ പുറത്താക്കപ്പെട്ടു.

പാര്‍ട്ടിക്കുള്ളില്‍ താന്‍ നടത്തിയ ആശയ സമരങ്ങളാണ് തന്നെ പുറത്താക്കിയതിന് കാരണമെന്ന് ഗൗരിയമ്മ തുറന്നടിച്ചു. ക്രൗഡ് പുള്ളറായിരുന്ന കേരളത്തിലെ വനിതാ നേതാവായിരുന്നു ഗൗരിയമ്മ.

അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ കേരളത്തില്‍ കോളിളക്കം തന്നെയുണ്ടായി, പ്രത്യേകിച്ച് ആലപ്പുഴയില്‍. കെ.ആര്‍ ഗൗരിയമ്മ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ നൂറ് അംഗങ്ങള്‍ പോലും ഉണ്ടാകില്ലെന്ന് അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഗൗരിയമ്മ രൂപീകരിച്ച ജെ.എസ്.എസില്‍ സി.പി.ഐ.എമ്മില്‍ നിന്നും പലരും പോയി.

യു.ഡി.എഫിനോട് ചേര്‍ന്ന് പിന്നെയും തെരഞ്ഞെടുപ്പുകളില്‍ അവര്‍ മത്സരിച്ചു. അവസാനകാലത്ത് സി.പി.ഐ.എമ്മിലേക്ക് തന്നെ ഗൗരിയമ്മ മടങ്ങിയെത്തി.

പ്രായധിക്യം മൂലം പൊതുവേദികളില്‍ നിന്ന് വിട്ട് നിന്ന കെ.ആര്‍ ഗൗരിയമ്മ പക്ഷേ പുതുവത്സര ദിനത്തില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത വനിതാമതിലില്‍ പങ്കെടുക്കാനെത്തി.

അനാരോഗ്യം കാരണം ദേശീയപാതയില്‍ നടന്ന വനിതാമതിലില്‍ ഗൗരിയമ്മയ്ക്ക് അണിചേരാനായില്ലെങ്കിലും വീടിനു പുറത്ത് നിന്ന് പെണ്ണിനോടുള്ള അനീതിയാണ് തന്നെ ഏറ്റവും അലട്ടിയതെന്ന് പറഞ്ഞ അവര്‍ സ്ത്രീകള്‍ വിവേചനത്തിനെതിരെ കൈകോര്‍ത്തു പിടിച്ച വനിതാ മതിലിനൊപ്പംചേര്‍ന്നു നിന്നു.

അനേകം സമരപോരാട്ടങ്ങൾക്കൊപ്പം നിന്ന് ​ഗൗരിയമ്മ ഒരുപക്ഷേ അവസാനമായി അണിചേർന്നത് സ്ത്രീകളുടെ അവകാശങ്ങൾക്കും വിവേചനങ്ങൾക്കും വേണ്ടിയുള്ള ആ പോരാട്ടത്തിനൊപ്പമായിരുന്നു ‘കേരം തിങ്ങും കേരളനാട് കെ.ആര്‍ ഗൗരി ഭരിച്ചീടും’ എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുഴങ്ങിയിരുന്നു. പക്ഷേ രാഷ്ട്രീയ കേരളം കരുത്തയായ വനിതയ്ക്ക് ആ മുദ്രാവാക്യം അന്വര്‍ത്ഥമാക്കാന്‍ അവസരം നല്‍കിയില്ല.

ഇച്ഛാശക്തിയുടെ മറുപേര്: ഡോ.തോമസ് ഐസക്ക്

ഗൗരിയമ്മയുടെ ഇച്ഛാശക്തിക്കും നിശ്ചയദാർഢ്യത്തിനും തെളിവായി ഭൂപരിഷ്കരണം മുതൽ എത്രയോ നടപടികൾ. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളിൽ മുൻനിരയിലായിരുന്നു അവരുടെ സ്ഥാനം. തീരുമാനമെടുത്തു വേഗത്തിൽ നടപ്പിലാക്കുന്നതിലുള്ള ഗൗരിയമ്മയുടെ നിശ്ചയദാർഢ്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം ഓർമയിലെത്തുന്നു. കേരള സർവകലാശാലക്കുമുന്നിൽ കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതാണ് വിഷയം.

സംഭവം ഇങ്ങനെ:

ഗൗരിയമ്മ റവന്യു മന്ത്രി. തലസ്ഥാനത്ത് ആശാന്റെ പ്രതിമ വേണമെന്ന ആവശ്യവുമായി ജോസഫ് മുണ്ടശേരിയും സംഘവും രംഗത്ത്. സർവകലാശാലക്കു മുന്നിൽ സ്ഥലവും അവർ കണ്ടുവെച്ചു. അപേക്ഷ റവന്യു മന്ത്രിയുടെ മുന്നിൽ. പക്ഷേ, സ്ഥലം അനുവദിക്കൽ അത്ര എളുപ്പമായിരുന്നില്ല. വിശദാന്വേഷണ(ക്വറി)ത്തിന്റെ രൂപത്തിൽ ഉടക്കുകൾ. കടലാസു പെരുകി ഫയൽ വീർത്തുവന്നതല്ലാതെ തീരുമാനമുണ്ടായില്ല. മുണ്ടശേരി ഒരുനാൾ ഉച്ചതിരിഞ്ഞ് മന്ത്രിയുടെ മുറിയിലേയ്ക്കു പാഞ്ഞ് രോഷവും സങ്കടവും ചൊരിഞ്ഞു.

എല്ലാം കേട്ട ഗൗരിയമ്മ ഒന്നേ ചോദിച്ചുളളൂ “മാഷ് എപ്പോ മടങ്ങിപ്പോകും?’ “വൈകുന്നേരത്തെ മലബാർ എക്സ്പ്രസിൽ’എന്ന് മറുപടി. മുണ്ടശേരി ഇറങ്ങിയയുടൻ ഗൗരിയമ്മ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെ വിളിച്ചു വരുത്തി പ്രതിമ സ്ഥാപിക്കാൻ സ്ഥലമനുവദിക്കാനുളള ബുദ്ധിമുട്ട് ആരാഞ്ഞു. ഓരോരോ തടസങ്ങൾ അവർ നിരത്തി. മന്ത്രി ഫയലെടുപ്പിച്ചു. വാമൊഴിയായി പറഞ്ഞ തടസങ്ങൾ ഫയലിൽ എഴുതാൻ ആവശ്യപ്പെട്ടു.

എതിർപ്പുകൾ ഓരോരുത്തരായി എഴുതി. ശേഷം ഫയൽ മന്ത്രിയ്ക്ക്. അവരുടെ വക രണ്ടേ രണ്ടു വാക്ക്‐ ഓവർ റൂൾഡ്. സ്ഥലം അനുവദിച്ചുള്ള ഉത്തരവ് വൈകുന്നേരത്തെ മലബാർ എക്സ്പ്രസിൽ പോകുന്ന മുണ്ടശേരിയുടെ കൈവശം നൽകണമെന്ന്‌ കർശന നിർദേശവും. അങ്ങനെ ആശാൻ പ്രതിമ യാഥാർഥ്യമായി. അതായിരുന്നു, ഗൗരിയമ്മ. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ. അടുത്തറിഞ്ഞവർക്കും കേട്ടറിഞ്ഞവർക്കും ഇച്ഛാശക്തിയുടെയും കാർക്കശ്യത്തിന്റെയും ആൾരൂപമായിരുന്നു ആ ധീര വ്യക്തിത്വം.

ദേശാഭിമാനി പ്രസിദ്ധീകരിച്ചത്‌


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top