പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡ്-19 ബാധിതനായി തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്ത് നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരികരിക്കയായിരുന്നു.

മാടമ്പ് ശങ്കരന്‍ നമ്പൂതിരിയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന അപര നാമത്തില്‍ സാഹിത്യസിനിമാ ജീവിതം നയിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ ഗ്രാമത്തില്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനനം. ആദ്യ നോവലായ അശ്വത്ഥാമാവ് , കെ ആര്‍ മോഹനന്‍ സിനിമ ആക്കിയപ്പോള്‍ നായക വേഷം ചെയ്തു. പുരുഷാര്‍ത്ഥത്തിലും കഥാപാത്രമായി.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന സിനിമയുടെ തിരക്കഥയ്ക്ക് 2000ല്‍ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. ശാന്തം, കരുണം, പരിണാമം, ദേശാടനം, മകള്‍ക്ക് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതി. പൈതൃകം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായും എത്തി. ജയരാജ് ചിത്രങ്ങളിലാണ് കൂടുതലും മാടമ്പിനെ കഥാപാത്രമായി പ്രേക്ഷകര്‍ കണ്ടത്.

ആര്‍.എസ്.എസ് ബിജെപി സഹയാത്രികനായിരുന്ന മാടമ്പ് 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കള്‍.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment