Flash News

കൊറോണ വൈറസിന് ചാണക ചികിത്സ; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്ത്

May 11, 2021

കോവിഡ് -19 പൂര്‍ണ്ണമായി സുഖപ്പെടുമെന്ന്  വിശ്വസിച്ച് പശുവിന്റെ ചാണകം ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ചാണകം കൊണ്ടുള്ള ചികിത്സയുടെ ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും അത് മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി.

കൊറോണ വൈറസ് മഹാമാരി ഇന്ത്യയിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 22.66 ദശലക്ഷം കേസുകളും 246,116 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, യഥാർത്ഥ സംഖ്യ അഞ്ച് മുതൽ 10 മടങ്ങ് വരെ കൂടുതലാകാം. രാജ്യത്തുടനീളമുള്ള പൗരന്മാർ ആശുപത്രി കിടക്കകളോ ഓക്സിജനോ മരുന്നുകളോ കണ്ടെത്താൻ പാടുപെടുകയാണ്. സമയത്ത് ചികിത്സ ലഭിക്കാതെ നിരവധി പേരാണ് മരണപ്പെടുന്നത്.

ഗുജറാത്തില്‍ ചില വിശ്വാസികൾ ആഴ്ചയിൽ ഒരിക്കൽ ഗോശാലയില്‍ (പശു അഭയ കേന്ദ്രം) പോയി അവരുടെ ശരീരം ചാണകത്തിലും മൂത്രത്തിലും പൊതിയുന്നു. അത് അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നോ കൊറോണ വൈറസിൽ നിന്ന് കരകയറാൻ സഹായിക്കുമെന്നോ ഒക്കെയാണ് വിശ്വസിക്കുന്നത്.

പശു ജീവിതത്തിന്റെയും ഭൂമിയുടെയും ഒരു വിശുദ്ധ ചിഹ്നമാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി ഹിന്ദുക്കൾ തങ്ങളുടെ വീടുകൾ വൃത്തിയാക്കാനും പ്രാർത്ഥനാ അനുഷ്ഠാനങ്ങൾക്കും പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നത്. ഈ ചാണകത്തിന് ചികിത്സാ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉണ്ടെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു.

“ഡോക്ടർമാർ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നും അവർക്ക് ഭയമില്ലാതെ ജീവിക്കാമെന്നും അവര്‍ വിശ്വസിക്കുന്നു,” ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡില്‍ നിന്ന് കരകയറാൻ അദ്ദേഹത്തെ ചാണക ചികിത്സ സഹായിച്ചു എന്നും സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദു സന്യാസിമാർ നടത്തുന്ന ശ്രീ സ്വാമിനാരായൺ ഗുരുകുൽ വിശ്വവിദ്യ പ്രതിഷ്ഠനം എന്ന സ്കൂളിൽ അദ്ദേഹം സ്ഥിരമായി ജോലി ചെയ്യുന്നു.

ചാണക ചികിത്സയില്‍ പങ്കെടുക്കുന്നവർ ശരീരത്തിലെ ചാണകവും മൂത്രവും അടങ്ങിയ മിശ്രിതം ഉണങ്ങാന്‍ കാത്തിരിക്കുന്ന സമയം വരെ ഗോശാലയിലെ പശുക്കളെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ പൂജിക്കുകയോ ഒക്കെ ചെയ്യുന്നു. ഒപ്പം ഊര്‍ജ്ജ നില വർദ്ധിപ്പിക്കുന്നതിന് യോഗ പരിശീലിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ തേച്ചുപിടിപ്പിച്ചിട്ടുള്ള മിശ്രിതം പശുവിന്‍ പാല്‍ ഉപയോഗിച്ച് കഴുകിക്കളയുന്നു.

ഇന്ത്യയിലും ലോകത്തെമ്പാടുമുള്ള ഡോക്ടർമാരും ശാസ്ത്രജ്ഞരും കോവിഡ്-19നായി ബദൽ ചികിത്സകൾ നടത്തുന്നതിനെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് തെറ്റായ സുരക്ഷിതത്വബോധത്തിലേക്ക് നയിക്കുമെന്നും ആരോഗ്യ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുമെന്നും അവര്‍ പറയുന്നു.

“കോവിഡ് -19 നെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ചാണകമോ മൂത്രമോ പ്രവർത്തിക്കുന്നു എന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല, ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്,” ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞു.

“ഈ ഉൽ‌പ്പന്നങ്ങൾ‌ ഉപയോഗിച്ചാലോ കഴിച്ചാലോ ആരോഗ്യപരമായ അപകടസാധ്യതകളും ഏറെയാണ്. മറ്റ് രോഗങ്ങൾ‌ മൃഗങ്ങളിൽ‌ നിന്നും മനുഷ്യരിലേക്കും പടരാനുള്ള സാധ്യതയും കൂടുതലാണ്,” അദ്ദേഹം പറഞ്ഞു.

ആളുകൾ‌ ഈ ചികിത്സാ രീതിയില്‍ വിശ്വസിച്ച് ഗ്രൂപ്പുകളിൽ‌ ഒത്തുചേരുന്നത് വൈറസിന്റെ വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുമുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുകയാണെന്ന് അഹമ്മദാബാദിലെ മറ്റൊരു പശു അഭയകേന്ദ്രത്തിന്റെ ചുമതലയുള്ള മധുചരൻ ദാസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top