Flash News

കോവിഡ്-19: രണ്ടാം തരംഗത്തേക്കാള്‍ അതിഭീകരമായിരിക്കും മൂന്നാം തരംഗം: വിദഗ്ധര്‍

May 13, 2021

കോവിഡ്-19 രണ്ടാം തരംഗം രാജ്യമൊട്ടാകെ അതിരൂക്ഷമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുമ്പോഴും മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയാണ് വിദഗ്ധര്‍. വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുന്നതുകൊണ്ടു തന്നെ മൂന്നാം തരംഗം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിലെ മുഖ്യ ശാസ്ത്ര ഉപദേശകന്‍ കെ വിജയരാഘവന്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ രാജ്യം നേരിടുന്ന വെല്ലുവിളിയേക്കാള്‍ അതിഭീകരമായിരിക്കും മൂന്നാം തരംഗമെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫ് ആന്‍ഡ് ഇന്‍ഡ്‌സ്ട്രിയല്‍ റിസേര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ശേഖര്‍ സി മാണ്ടെയും പറയുന്നു. ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള കേസ് പരിഗണിക്കവെ സുപ്രീംകോടതിയും മൂന്നാം തരംഗത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ഓക്‌സിജന്‍ കൂടുതല്‍ കരുതിവെയ്ക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

എങ്കിലും മൂന്നാം തരംഗം എത്തുമ്പോഴേയ്ക്കും എല്ലാ ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ചു കഴിയുമായിരിക്കും. അതുകൊണ്ട് മൂന്നാം തരംഗത്തെ മാനേജ് ചെയ്യാന്‍ പ്രയാസമുണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ഇപ്പോള്‍ മഹാരാഷ്ട്ര അടക്കമുള്ള മിക്ക സംസ്ഥാനങ്ങളും മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കത്തിലാണ്. രാജ്യം മൂന്നാം തരംഗത്തെ നേരിടാന്‍ പോകുന്നതേയുള്ളുവെങ്കില്‍ രാജ്യത്തെ ചില ജില്ലകളും നഗരങ്ങളും മൂന്നാമത്തെയോ നാലാമത്തെയോ കൊവിഡ് തരംഗത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയും ഉണ്ട്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നാലാം തരംഗമാണ് വരാന്‍ പോകുന്നത്. ഇവിടെ കൊവിഡ് ആദ്യം രൂക്ഷമായത് ജൂണിലാണ്. ദിവസം 3947 കേസുകള്‍. സെപ്തംബറില്‍ 4473 കേസുകള്‍ പുതിയതായി ഉണ്ടായി. നവംബറായപ്പോഴേയ്ക്കും അത് 8953 പ്രതിദിന കൊവിഡ് കേസുകള്‍ എന്ന നിലയിലായി. മധ്യപ്രദേശിലെ ഇന്‍ഡോറാണ് കൊവിഡ് മഹാമാരി രൂക്ഷമായി ബാധിച്ച ഒരു നഗരം. മൂന്നാം തരംഗത്തിലൂടെയാണ് ഇന്‍ഡോര്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

ഇതിന് മുമ്പ് 1918- 1919 കാലഘട്ടത്തില്‍ സ്‌പെയിനില്‍ തുടങ്ങിയ പകര്‍ച്ചവ്യാധി ലോകമെമ്പാടും പടര്‍ന്ന് പിടിച്ചത് മൂന്ന് തരംഗമായിട്ടായിരുന്നു. 2009ലെ എച്ച്1എന്‍1 മഹാമാരി രണ്ട് തരംഗമായിട്ടാണ് വ്യാപിച്ചത്.

ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കൊണ്ട് പ്രതിദിന കേസുകള്‍ കുറയ്ക്കാന്‍ പറ്റും. എന്നാല്‍ വാക്‌സിനേഷനാണ് ഫലപ്രദമായ മാര്‍ഗം. എത്രത്തോളം ആളുകള്‍ക്ക് കുത്തിവെയ്പ്പ് നല്‍കാന്‍ പറ്റുന്നുവോ അത്രത്തോളം കൊവിഡ് വ്യാപനത്തിന്റെ ചങ്ങല ഭേദിക്കാന്‍ കഴിയും. എന്നാല്‍ വാക്‌സിനേഷന്റെ ലഭ്യതക്കുറവ് ഈ പോംവഴിയെ പരാജയപ്പെടുത്തുന്നു. കുത്തിവെയ്പ്പ് കുറയുന്നതിന് അനുസരിച്ച് മൂന്നാം തരംഗം അതിവേഗം നമ്മളിലേക്ക് എത്തും.

ജനസംഖ്യയുടെ 15 ശതമാനം ആളുകള്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കിയ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ വെറും 2 ശതമാനം മാത്രമാണ്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും കുംഭമേളയും അതത് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. കൊറോണ വൈറസിന് സംഭവിച്ച ജനിതക വ്യതിയാനം, അതിതീവ്ര വ്യാപനത്തിന് കാരണമായി. ഇത്തരത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ വാക്‌സിനേഷന്‍ മൂലമോ ശരീരരത്തിന്റെ പ്രതിരോധ സംവിധാനം വഴിയോ സൃഷ്ടിക്കപ്പെട്ട പ്രതിരോധ ശേഷിയെ മറികടക്കുകയാണെങ്കില്‍ അത്തരം ആളുകളില്‍ മൂന്നാം തരംഗം കടുത്ത അപകടം വരുത്തും. അതുകൊണ്ട് ജനിത വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് എവിടെ നിന്നാണെന്ന് കണ്ടെത്തി ആ പ്രദേശത്ത് തന്നെ അതിനെ ഒതുക്കി നിര്‍ത്തണമെങ്കില്‍ വാക്‌സിനേഷന്‍ കൂടിയേ തീരു.

ശരിക്കും ഈ കൊവിഡ് മഹാമാരിയ്ക്ക് ഒരു അന്ത്യമുണ്ടോ എന്ന് പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ടാകും. അന്ത്യമുണ്ടാകില്ല, മറിച്ച് അത് കാലികമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ പ്രത്യേക ഋതുവില്‍ പടര്‍ന്നുപിടിയ്ക്കുന്ന പനിയായി കൊവിഡ്-19 മാറും. അതിനെതിരെ മനുഷ്യര്‍ പ്രതിരോധ ശേഷി ഉണ്ടാക്കിക്കൊണ്ടേയിരിക്കുക. അത്രമാത്രം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top