Flash News

സീറോ-മലബാർ അല്‍മായ സിനഡ്

May 14, 2021 , ചാക്കോ കളരിക്കൽ

(കെസിആർഎം നോർത്ത് അമേരിക്ക ഏപ്രിൽ 14 ബുധനാഴ്ച സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ ചാക്കോ കളരിക്കൽ നടത്തിയ ആമുഖ പ്രസംഗം)

എല്ലാവർക്കും നമസ്കാരം

ഇന്നത്തെ ഈ യോഗം നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നാണ്. കാലങ്ങളായി സഭാ നവീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നിരവധി ആൾക്കാർ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് ആഗോള അല്മായ കൂട്ടായ്മ. ലോകം മുഴുവൻ ചിതറിക്കിടക്കുന്ന സീറോ-മലബാർ കത്തോലിക്ക സഭയിലെ അംഗങ്ങളെ സംഘടിപ്പിച്ച് ഒരു ആഗോള അല്മായസിനഡ് യാഥാർത്ഥ്യമാക്കുക എന്ന ആശയത്തിൻറെ സാധ്യതകളെപ്പറ്റി, നാം ഇന്ന് ഉറക്കെ ചിന്തിക്കുകയാണ്. ഇന്ന് സഭയിൽ അനവധി സ്വതന്ത്ര സംഘടനകളുണ്ട്. ആ സഘടനകളുടെ വൈവിദ്ധ്യമാർന്ന ചിന്താഗതികളെ ഉൾക്കൊണ്ടുകൊണ്ടുതന്നെ ഒരു ആഗോള അല്മായ കൂട്ടായ്മ അഥവ അല്മായ സിനഡ് സാധ്യമോ എന്ന നിലപാടിലേക്ക് നാമിപ്പോൾ എത്തിനിൽക്കുന്നു. ഈ വിഷയം ചർച്ച ചെയ്യാനുള്ള അവസരം KCRM നോർത്ത് അമേരിക്കയ്ക്ക് ലഭിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്, അല്‍മായ സിനഡിന്റെ അനിവാര്യത, ലക്ഷ്യം, മാർഗനിർദേശങ്ങൾ, സാധ്യത എന്നിവയെ സംബന്ധിച്ച് ആമുഖമായി ഏതാനും ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.

കത്തോലിക്കാ സഭയിലെ അനേക സ്വതന്ത്ര സംഘടനകളുടെ നായകരും സഭാനവീകരണരംഗത്തെ പ്രഗത്ഭരായ പ്രവർത്തകരും പങ്കെടുക്കുന്ന ഈ ചർച്ചാ സമ്മേളനത്തിൽ നിങ്ങൾക്കെല്ലാവർക്കും നിരവധി ആശയങ്ങൾ പങ്കുവെയ്‌ക്കാനുണ്ടാകും. അത് മനസ്സിലാക്കികൊണ്ടുതന്നെ വളരെ ചുരുക്കമായി എൻറെ മനസ്സിൽ ഉദിക്കുന്ന ചില കാര്യങ്ങൾ ചർച്ചയ്ക്ക് ഒരു പ്രാരംഭമായി പറയട്ടെ.

ആഗോള അല്‍മായ സിനഡിനെപ്പറ്റി നാം എന്തുകൊണ്ട് ചിന്തിക്കുന്നു? അതിനുത്തരം പലതാണ്. സീറോ-മലബാർ സഭയെ സംബന്ധിച്ചു പറഞ്ഞാൽ, സഭയ്ക്ക് സ്വയം ഭരണാധികാരം ലഭിച്ചപ്പോൾ, ആ സഭയുടെ പൂർവ പാരമ്പര്യങ്ങളും പൈതൃകവും എന്താണെന്ന് നിർണയിക്കാതെ ആരാധനാക്രമങ്ങൾ കല്‍ദായ രീതിയിലും സഭാ ഭരണം പാശ്ചാത്യരീതിയിലുമാക്കി. അതുസംബന്ധമായി പഠനങ്ങളോ ആലോചനകളോ നടന്നില്ല. കല്‍ദായവത്ക്കരണം, കൽദായ ലിറ്റർജി നടപ്പിൽ വരുത്തുക, മാനിക്കേയൻ കുരിശുവണക്കം അടിച്ചേല്പിക്കുക, റോമൻ പൗരസ്ത്യസഭകളുടെ കാനോൻ നിയമം അപ്പോസ്തലസഭയായ സീറോ-മലബാർ സഭയിലും നടപ്പിലാക്കുക, പള്ളി യോഗങ്ങളെ വികാരിയെ ഉപദേശിക്കുന്ന സമതികളാക്കി തരംതാഴ്ത്തുക തുടങ്ങിയ സഭാപരിഷ്‌ക്കാരങ്ങൾ, മെത്രാന്മാരിൽ നിന്നും വൈദികരിൽ നിന്നും സാധാരണ വിശ്വാസികളിൽ നിന്നും ഉണ്ടായ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ട്, ഏതാനും ചില മെത്രാന്മാരുടെ ഇംഗിതങ്ങൾ പൗരസ്ത്യ തിരുസംഘത്തിൻറെ ഒത്താശയോടെ സഭയിൽ നടപ്പാക്കുകയാണ് ചെയ്തത്.

അക്കാലത്ത് സഭയിലെ പ്രഗത്ഭരായ, അതായത്, പ്രഫസറും ഗവർണറുമായിരുന്ന കെ എം ചാണ്ടി, ലുവൈൻ ചാക്കോ എന്നറിയപ്പെടുന്ന പ്രഫസർ പി റ്റി ചാക്കോ, വൈസ് ചാൻസിലർ ആയിരുന്ന എം വി പൈലി, പ്രഫസർ ജോസഫ് പുലിക്കുന്നേൽ തുടങ്ങിയ ഒൻപതു പേർ കൂടി സഭയുടെ പൈതൃകം എന്തെന്ന് പഠിച്ചതിനു ശേഷമേ സഭയിൽ മാറ്റങ്ങൾ വരുത്താവൂ എന്നു കാണിച്ച ഒരു നിവേദനം അന്നത്തെ സഭാതലവൻ കർദിനാൾ മാർ ആന്റണി പാടിയറയ്ക്ക് നൽകിയിട്ട് അതിന് ഒരു മറുപടി പോലും കിട്ടിയില്ലെന്ന് സംസാരത്തിനിടയിൽ ഒരിക്കൽ പുലിക്കുന്നേൽ സാർ പറഞ്ഞത് ഇന്നും ഞാൻ ഓർമിക്കുന്നു. സഭയിലെ 99% വരുന്ന അല്‍മായര്‍ സഭയുടെ ഭാഗമാണെന്നു ചിന്തിക്കാൻ പോലും സഭാധികാരത്തിന്റെ ധാര്‍ഷ്ഠ്യം അവരെ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാൽ അത് ഒരു അധികപ്പറ്റാകുകയില്ല.

മെത്രാന്മാരുടെ ആശീർവാദത്തോടെ, കഴിഞ്ഞ 30 വർഷങ്ങളായി കരിസ്മാറ്റിക് പ്രസ്ഥാനം അഴിഞ്ഞാടികൊണ്ടിരുന്നു. അല്‍മായരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് അവരെ പുരോഹിത അടിമകളാക്കി പാടേ നശിപ്പിച്ചുകളഞ്ഞു.

ഇതിനിടെ സഭ മുതലാളിയായി; കോടീശ്വരിയായി. ആവശ്യത്തിലധികം കല്‍ദായ വാദികളും അഹങ്കാരികളും സമ്പത്തിൽ മാത്രം കണ്ണും നട്ടിരിക്കുന്ന വൈദികരെ, അല്‍മായരെ മെരുക്കാൻ മാത്രമായി, വടവാതൂർ സെമിനാരി സൃഷ്ടിച്ചു വിട്ടു. അവരിൽ ചില നല്ല കള്ളന്മാർ മേല്പട്ടക്കാരുമായി. ഇന്നത്തെ സഭാധികാരികൾ രാജകൊട്ടാരങ്ങളിൽ വസിക്കുന്നവരും ധിക്കാരികളും ധൂർത്തരും ലൈംഗികതയിൽ മുഴുകി കഴിയുന്നവരും സുഖജീവിതം നയിക്കുന്നവരും ആഡംബര ദേവാലയങ്ങളെ പ്രേമിക്കുന്നവരുമാണ്. ഇത്തരക്കാർ സഭയിലെ സമർപ്പിത വൈദികരെ അപ്രശസ്തരാക്കുന്നു. ഏതു സംഘടനയുണ്ടോ അതിൻറെയെല്ലാം തലപ്പത്ത് വികാരിയച്ചനോ, മെത്രാനോ എകെസിസി-യുടെ തലപ്പത്തും മെത്രാൻ! പോസ്റ്ററുകളിൽ വൈദികരുടെയോ മെത്രാന്മാരുടെയോ ചിത്രം മാത്രം!

സ്വയം ഭരണാധികാരം ലഭിച്ച സഭ വളരുകയല്ല, തളരുകയാണ് ചെയ്യുന്നതെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഈ പോക്കിന് തടയിടലായിരിക്കണം നമ്മുടെ ലക്ഷ്യം. പള്ളി പള്ളിക്കാരുടെ സ്വത്താക്കണം; പള്ളി സ്വത്തുക്കൾ പള്ളി പൊതുയോഗത്താൽ സുതാര്യതയോടെ ഭരിക്കപ്പെടണം. നമ്മുടെ പൂർവീകർ സ്വരുമിച്ച സഭാസ്വത്തുക്കൾ തന്നിഷ്ട പ്രകാരം വിറ്റു തുലയ്ക്കാൻ ഭാവിയിലെങ്കിലും ഒരു മെത്രാനെയും അനുവദിച്ചു കൂടാ. അത് പ്രായോഗികമാകണമെങ്കിൽ സഭാ ഭരണരീതിയിൽ ഒരു അടിസ്ഥാന മാറ്റം ആവശ്യമാണ്; സമഗ്രമായ ഒരു അല്‍മായ ഐക്യത്തിൽ കൂടിയേ അതു സാധ്യമാകൂ. എന്നുവെച്ചാൽ, അല്‍മായ ശാക്തീകരണം കൂടിയേ തീരൂ എന്നു ചുരുക്കം. അല്‍മായ സിനഡിൻറെ അനിവാര്യതയും ലക്ഷ്യവും പ്രസക്തിയും ഇവിടെയാണ്.

ഈ നിർദ്ദിഷ്ട സിനഡിനെ സംബന്ധിച്ച ചില മാർഗ്ഗ നിർദ്ദേശങ്ങൾ പറയട്ടെ:

Catholic Church Citizens Council (CCCC) എന്ന് തൽകാലം ഈ സിൻഡിനെ നമുക്ക് വിളിക്കാം. ഈ കൗൺസിൽ അഥവാ സിനഡ്, സഭാംഗങ്ങളായ വ്യക്തികളുടെയും സംഘടനകളുടേയും ആഗോളതല കൂട്ടായ്മയായിരിക്കണം. അടിസ്ഥാനപരമായി യേശുവിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവരായിരിക്കുമല്ലോ ഇതിലെ എല്ലാ അംഗങ്ങളും. ഓരോരുത്തരുടെയും ഇപ്പോഴുള്ള സ്ഥാനത്തിനതീതമായി, നാനാത്വത്തിൽ ഏകത്വമായി, റീത്തുകളുടെയും വർഗങ്ങളുടെയും സംസ്കാരങ്ങളുടെയും മറ്റു വിഭാഗീയ ചിന്താഗതികൾക്കും അതീതമായ ഒരു കൂട്ടായ്മയായിരിക്കണം ആഗോള അല്‍മായ സിനഡ്.

കത്തോലിക്കാ സഭയേയും അതിന്റെ പഠനങ്ങളെയും ഈ കൗൺസിൽ ബഹുമാനിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ അതേസമയം സഭാംഗങ്ങൾക്ക് നീതിയും ന്യായവും ലഭ്യമാക്കുവാൻ വേണ്ടി പ്രവർത്തിക്കുകയും, സഭാധികാരികളുടെ അധികാര മനോഭാവത്തെയും കടന്നുകയറ്റത്തെയും നിഷേധിക്കുകയും ചെയ്യുന്ന വിഷയത്തിന്, കൗൺസിൽ മുൻ‌തൂക്കം കൊടുക്കുന്ന ഒരു പ്രവർത്തന രീതിയായിരിക്കണം സിനഡ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക സഭയുടെയോ റീത്തിന്റേയോ ഭാഗമായിട്ടോ നിയന്ത്രണത്തിലോ ആയിരിക്കുകയില്ല സിനഡ് പ്രവർത്തിക്കേണ്ടത്. ഇന്റര്‍നെറ്റിലൂടെയും ദൃശ്യ-അച്ചടി മാധ്യമങ്ങളിലൂടെയും നീതിക്കു വേണ്ടി ശബ്ദമുയർത്തുകയും പാർശ്വവത്ക്കരിക്കപ്പെട്ട നിസ്സഹായരെ സഹായിക്കുകയും, അവർക്ക് സംരക്ഷണവും നിയമ സഹായങ്ങളും ലഭ്യമാക്കാനുതകുന്ന പരസ്നേഹ പ്രവർത്തികൾ എല്ലാം സംഘടനയുടെ ലക്ഷ്യമായിരിക്കണം. ഓരോരുത്തരും ജീവിക്കുന്ന രാജ്യങ്ങളുടെ നിയമങ്ങൾ പാലിക്കുന്നതോടൊപ്പം അംഗങ്ങളുടെ മാന്യമായ പെരുമാറ്റശൈലിയും ആഗോള സിനഡിന്റെ മുഖമുദ്രയായിരിക്കണം.

സിനഡു സംബന്ധമായി ആശയങ്ങൾ ഹൃസ്വമായി പങ്കുവെയ്ക്കാൻ അവസരമുണ്ടെങ്കിലും ഈ സിൻഡിന്റെ ആവശ്യമേയില്ല എന്ന അഭിപ്രായമുള്ളവരുണ്ടെങ്കിൽ അവർക്കുള്ളതല്ല ഈ പരിപാടിയെന്ന് വിനയപൂർവം അറിയിക്കട്ടെ.

എന്നെ സംബന്ധിച്ചിടത്തോളം ആഗോള അല്‍മായ സിനഡ് സാധ്യമോ എന്ന ചോദ്യത്തിന് യഥാർത്ഥത്തിൽ പ്രസക്തിയില്ല. കാരണം, ഇന്നത്തെ സഭാ ചുറ്റുപാടിൽ അത് അനിവാര്യമാണ്; സാധ്യമാണ്. ലോകമെമ്പാടുമുള്ള സ്വതന്ത്ര അല്‍മായ പ്രസ്ഥാനങ്ങളെയും സഭാസ്നേഹികളും സഭാ നവീകരണരംഗത്ത് ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ടുമിരിക്കുന്ന വ്യക്തികളെയും സഭാധികാരികളുടെ ഇന്നത്തെ പോക്കിൽ അസംതൃപ്തരായവരെയും കണ്ടെത്തി ഏകോപിപ്പിച്ചാൽ, അല്‍മായ സിനഡ് വിജയകരമായി സംഘടിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഏതാനും പേർ നായകത്വം ഏറ്റെടുക്കാനുള്ള നന്മനസ്സു കാണിച്ചാൽ മാത്രം മതി. അവരെ ഈ യോഗത്തിൽ വെച്ചു തന്നെ തെരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിക്കുമെന്നുള്ള പ്രത്യാശയോടെയും ഈ സംരഭത്തിന് എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ടും എന്റെ വാക്കുകൾ ഞാൻ അവസാനിപ്പിക്കുന്നു. എന്നെ ശ്രവിച്ചുകൊണ്ടിരുന്ന നിങ്ങൾ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top