അഫ്ഗാന്‍ തലസ്ഥാനത്തിനടുത്ത് പള്ളിയിൽ സ്‌ഫോടനം; പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈദുൽ ഫിത്വര്‍ അവധി ദിനത്തിന്റെ രണ്ടാം ദിനമായ ഇന്ന് (വെള്ളിയാഴ്ച) പ്രാർത്ഥനയ്ക്കായി ആരാധകർ ഒത്തുകൂടിയ സമയത്താണ് കാബൂളിന് വടക്ക് ഷക്കർദാര ജില്ലയിലെ ഒരു പള്ളിക്കുള്ളിൽ സ്‌ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു. “പള്ളിയിലെ ഇമാം ഉൾപ്പെടെ 12 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു,” കാബൂൾ പോലീസ് വക്താവ് ഫെർദാവ് ഫ്രാമുർസ് പറഞ്ഞു.

തീവ്രവാദ ആക്രമണത്തിന് ഉത്തരവാദികൾ ആരാണെന്ന് വ്യക്തമല്ല. യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ ആഴ്ചകളോളം അക്രമങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങൾ ആചരിക്കുന്നതിനായി താലിബാൻ തീവ്രവാദികൾ വാഗ്ദാനം ചെയ്ത മൂന്ന് ദിവസത്തെ വെടിനിർത്തലിനിടെയാണ് ഇത് സംഭവിച്ചത്.

മുസ്ലീം പുണ്യമാസമായ റമദാൻ അവസാനിക്കുന്നതിന്റെ ഭാഗമായി താലിബാനും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും തമ്മിൽ ധാരണയായിരുന്നു. അഫ്ഗാനിസ്ഥാനിൽ 20 വർഷത്തോളം നീണ്ട പോരാട്ടത്തിലെ നാലാമത്തെ താൽക്കാലിക വിരാമമാണിത്.

വെടിനിർത്തൽ പ്രഖ്യാപനം നടത്തിയിട്ടും അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച നടന്ന നാല് വ്യത്യസ്ത ബോംബാക്രമണങ്ങളിൽ ഒരു ഡസനോളം സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാബൂളിൽ നടന്ന കൂട്ടക്കൊലയ്ക്ക് രണ്ട് ദിവസത്തിന് ശേഷമാണ് താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചത്. സയീദ്-ഉൽ-ഷുഹാദ ഹൈസ്കൂളിന് സമീപം നടന്ന ബോംബ് സ്ഫോടനത്തിൽ 63 വിദ്യാർത്ഥികള്‍ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റമദാൻ നോമ്പിന്റെ ആരംഭം മുതൽ 200 സിവിലിയന്മാർ കൊല്ലപ്പെടുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പറയുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment