രാജന്‍ പി ദേവിന്റെ മരുമകളുടെ ആത്മഹത്യ; മകന്‍ ഉണ്ണി പി ദേവിനെതിരെ അന്വേഷണം ആരംഭിച്ചു

പ്രശസ്ത നടന്‍ അന്തരിച്ച രാജന്‍ പി ദേവിന്റെ മരുമകള്‍ പ്രിയങ്ക ആത്മഹത്യ ചെയ്യാന്‍ കാരണം ഭര്‍ത്താവ് ഉണ്ണി പി ദേവ് ആണെന്ന് പ്രിയങ്കയുടെ കുടുംബം. ഉണ്ണി പി ദേവിന്റെ നിരന്തരമായ പീഡനമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്.

തിരുവനന്തപുരത്ത് വെമ്പായത്തുള്ള വീട്ടിലെ വെച്ചാണ് ബുധനാഴ്ച പ്രിയങ്ക തൂങ്ങി മരിക്കുന്നത്. മരിക്കുന്നതിന്റെ തലേ ദിവസം വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ ഉണ്ണിയ്ക്കെതിരെ പ്രിയങ്ക പരാതി നല്‍കിയിരുന്നു. കൂടാതെ, പ്രിയങ്കയുടെ സഹോദരനും പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ണി സ്ഥിരമായി തന്നെ മര്‍ദ്ദിച്ചിരുന്നു എന്ന് പ്രിയങ്ക പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. ഉണ്ണി പ്രിയങ്കയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധു രേഷ്മയും സമ്മതിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യമൊക്കെ വീട്ടുകാരോട് പ്രിയങ്ക ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ പീഡനം സഹിക്കവയ്യാതെ ആയപ്പോഴാണ് പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയതെന്ന് രേഷ്മ പറഞ്ഞു.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം കാര്യമായ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍, പിന്നീട് ഉണ്ണി ഓരോ ആവശ്യത്തിനായി പ്രിയങ്കയുടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. കൂടാതെ, പണവും ആവശ്യപ്പെടുമായിരുന്നു. അയാള്‍ ചോദിക്കുന്ന പണം മുഴുവന്‍ പ്രിയങ്കയുടെ അമ്മ അയച്ചു കൊടുക്കുമായിരുന്നു. ഈ പ്രശ്നങ്ങളൊന്നും തുടക്കത്തില്‍ ആരും അറിഞ്ഞിരുന്നില്ലെന്ന് രേഷ്മ പറയുന്നു.

“എല്ലാം വിറ്റ് തുലച്ച് ഒന്നും ഇല്ലാതെയായപ്പോള്‍ ചേച്ചിയെ ആ വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് അവള്‍ തന്നെ റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. വെമ്പായത്തെ വീട്ടില്‍ തിരിച്ചുവന്നതിന് ശേഷമാണ് ചേച്ചി പരാതി കൊടുത്തത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അതിനിടെ അവളുടെ ഫോണില്‍ ഏതോ ഒരു കോള്‍ വന്നു. അത് അവളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്. ഉണ്ണിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം,” രേഷ്മ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment