Flash News

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഭാഷാ സാഹിത്യ ചര്‍ച്ച മെയ് 8-ന് സൂം വഴി നടത്തി

May 14, 2021 , എ.സി. ജോര്‍ജ്

ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും, ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം മേയ് എട്ടാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി സൂം വഴി നടത്തി. സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് യോഗ നടപടികള്‍ നിയന്ത്രിച്ചു. തോമസ് വര്‍ഗീസ് മോഡറേറ്ററായിരുന്നു. എ.സി ജോര്‍ജ്‌ വെര്‍ച്വല്‍ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു.

ഭാഷാസാഹിത്യ ചര്‍ച്ചയിലെ ആദ്യത്തെ ഇനം “ഉണര്‍ത്തുപാട്ട്’ എന്ന ശീര്‍ഷകത്തില്‍ ടി.എന്‍ സാമുവല്‍ എഴുതിയ കവിതാപാരായണമായിരുന്നു. കാലഹരണപ്പെട്ട അബദ്ധജഡിലങ്ങളായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരാചാരങ്ങളെയും ഇന്നും മുതുകിലേറ്റികൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷം ജനത്തെയും നോക്കികൊണ്ട് അവര്‍ക്കൊരു ഉണര്‍ത്തു പാട്ടെന്ന രീതിയില്‍ കവി പാടി.

“അരയാലിന്‍ ചോട്ടിലിരുന്നു നാം പാടിയ
പെരുമാളിന്‍ കഥയല്ല ഈ ജീവിതം…’’

മേലുദ്ധരിച്ച വരികളിലൂടെ ആരംഭം കുറിച്ച കവിത ലോകത്തു ഇന്നുകാണുന്ന അന്ധവിശ്വാസങ്ങളെ, മതതീവ്രവാദികള്‍ മുറുകെ പിടിക്കുന്ന അര്‍ത്ഥമില്ലാത്ത മാനവനെ ദ്രോഹിക്കുന്ന അനാചാരങ്ങളെയും വിഘടന, യുക്തി- ബുദ്ധിരഹിത ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കുമെതിരെ കവിയും കവിതയും വിരല്‍ ചൂണ്ടുകയാണ്. ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെപോലും ഒരു പരിധിവരെ ഉണര്‍ത്താന്‍ ഇത്തരം കൃതികള്‍ അല്പമെങ്കിലും സഹായകരമാകും എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.

മെയ് മാസത്തില്‍ ആഘോഷിക്കുന്ന അഖില ലോക മാതൃദിനത്തെയും, നഴ്‌സസ് ദിനത്തെയും ആധാരമാക്കിയും ആശംസ അര്‍പ്പിച്ചുകൊണ്ടും ഈശോ ജേക്കബ് പ്രഭാഷണം നടത്തി. പുരാണ ഇതിഹാസ കഥകളിലെ സ്ത്രീ സങ്കല്‍പ്പങ്ങളെയും, പ്രത്യേകമായി അതിലെ എല്ലാ മാതാക്കളുടെ ജീവിതത ത്വങ്ങളെയും ആദര്‍ശങ്ങളെയും ത്യാഗസുരഭിലമായ ജീവിതകഥകളെയും വരച്ചുകാട്ടികൊണ്ടായിരുന്നു പ്രഭാഷണം ആരംഭിച്ചത്. നിഷ്കളങ്കയായ കാളിദാസന്റെ ശകുന്തള, വ്യാസന്റെ മഹാഭാരതത്തിലെ ഗാന്ധാരി തന്റെ നൂറുമക്കളും മഹാഭാരത യുദ്ധത്തില്‍ ഒന്നൊന്നായി മരിച്ചു വീഴുമ്പോഴുണ്ടായ ഹൃദയഭേദകമായ അവരുടെ അനുഭവം, അതുപോലെ ബൈബിളില്‍ വിവരിക്കുന്നു. യേശുവിനെ കുരിശില്‍ തറച്ചു കൊല്ലുമ്പോള്‍ അമ്മയായ മേരി അനുഭവിക്കുന്ന മനോവ്യഥ എല്ലാം പ്രസംഗത്തില്‍ പരമാര്‍ശിക്കപ്പെട്ടു. എല്ലാവരുടെയും ജീവിതത്തില്‍ അമ്മമാര്‍ക്കുള്ള സ്ഥാനം വളരെ ഉറക്കെ ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഈശോ ജേക്കബ് പ്രഭാഷണം അവസാനിപ്പിച്ചത്. അതുപോലെ തന്നെ ആരോഗ്യ രംഗത്ത് എന്നുമെന്നും മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ ത്യാഗസുരഭിലമായ കര്‍മ്മങ്ങളെ അനുസ്മരിക്കാനും മുഖ്യ പ്രഭാഷകനോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ശ്രദ്ധിച്ചു.

യോഗത്തില്‍ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ, അനില്‍ ആഗസ്റ്റിന്‍, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, പൊന്നു പിള്ള, ജോസഫ് പൊന്നോലി, ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോസഫ് തച്ചാറ, അല്ലി നായര്‍, തോമസ്‌ വര്‍ഗീസ്, സുകുമാരന്‍ നായര്‍, നൈനാന്‍ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് ശ്രീമതി പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top