Flash News

‘പ്രേ ഫോർ ഇന്ത്യ’ മേയ് 16 മുതൽ; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേൾഡ് പ്രയർ

May 15, 2021 , മാർട്ടിൻ വിലങ്ങോലിൽ

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഉഴലുന്ന ഭാരതത്തിനായി പ്രാർത്ഥിക്കാൻ ‘പ്രേ ഫോർ ഇന്ത്യ’ എന്ന പേരിൽ ക്രമീകരിക്കുന്ന സപ്തദിന അഖണ്ഡ ദിവ്യകാരുണ്യ ആരാധനയ്ക്ക് മേയ് 16ന് തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മിനിസ്ട്രികളെ ഏകോപിപ്പിച്ച് ‘ശാലോം വേൾഡ് പ്രയർ ചാനൽ’ ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരും ധ്യാനഗുരുക്കന്മാരും നിരവധി വൈദികരും വിവിധ സമയങ്ങളിൽ നേതൃത്വം വഹിക്കും.

മേയ് 16 ഇന്ത്യൻ സമയം രാവിലെ 9.30മുതൽ (12 AM ET/ 5 AM BST/ 2 PM AEST) 23 രാവിലെ 9.30വരെ രാപ്പകൽ ഭേദമില്ലാതെ തുടരുന്ന ദിവ്യകാരുണ്യ ആരാധന SW PRAYER ചാനൽ ലോകമെങ്ങുമുള്ള വിശ്വാസീസമൂഹത്തിന് തത്‌സമയം ലഭ്യമാക്കും. തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാർത്ഥനകൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ദിവ്യബലി ഉൾപ്പെടെയുള്ള തിരുക്കർമങ്ങൾ 24 മണിക്കൂറും തത്‌സമയം ലഭ്യമാക്കാൻ കഴിഞ്ഞ ലോക്ഡൗൺ നാളുകളിൽ ‘ശാലോം വേൾഡ്’ ആരംഭിച്ച ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’.

മഹാമാരിയിൽനിന്നുള്ള സംരക്ഷണം, രോഗസൗഖ്യം എന്നിവ വിശേഷാൽ നിയോഗങ്ങളായി സമർപ്പിക്കുന്ന ആരാധനയിൽ രോഗികൾ, ആരോഗ്യപ്രവർത്തകർ, സർക്കാർ അധികാരികൾ എന്നിവർക്കായും പ്രത്യേകം പ്രാർത്ഥനകളുയരും. ഭാരതത്തിനു പുറമെ വിദേശ രാജ്യങ്ങളിൽനിന്നുള്ള മിനിസ്ട്രികളും ബിഷപ്പുമാരും വചനപ്രഘോഷകരും വൈദികരും ദിവ്യകാരുണ്യ ആരാധന നയിക്കുന്നു എന്നതുതന്നെയാണ് ഈ ശുശ്രൂഷയുടെ പ്രധാന സവിശേഷത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പ്രാർത്ഥനാശുശ്രൂഷകൾ.

ജീസസ് യൂത്ത് ഇന്റൻനാഷണൽ, അനോയിന്റിംഗ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രി (യു.എസ്.എ), കമ്മ്യൂണിറ്റി ഓഫ് ദ റിസൻ ലോർഡ് (ശ്രീലങ്ക), ഇമ്മാനുവൽ കമ്മ്യൂണിറ്റി (ഓസ്‌ട്രേലിയ), കാത്തലിക് ക്രിസ്റ്റ്യൻ ഔട്ട്‌റീച്ച് (കാനഡ), ബിഗ് ഹാർട്ട്‌ ഹാർവെസ്റ്റ് (യു.എസ്.എ), ഉർസുലൈൻ സിസ്റ്റേഴ്‌സ് (അയർലൻഡ്), പോർട്‌ലിഷ് ചർച്ച് (അയർലൻഡ്), ഡൽഹി ക്രുസേഡേഴ്‌സ്, ജീവൻ ജ്യോതി ആശ്രം എന്നിങ്ങനെ നിരവധി മിനിസ്ട്രികൾ വിവിധ സമയങ്ങളിൽ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകും. ഗോസ്പൽ സംഗീതരംഗത്ത് അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധേയരായ ‘MJM7’ ബാൻഡിന്റെ സാന്നിധ്യവുമുണ്ടാകും.

സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ, ഓസ്‌ട്രേലിയയിലെ കാൻബറ- ഗുൽബേൺ ആർച്ച്ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ്, ഹോബാർട്ട്- ടസ്മാനിയ ആർച്ച്ബിഷപ്പ് ജൂലിയസ് പോർട്ടിയസ്, അമേരിക്കയിലെ മിലിട്ടറി ഓർഡിനറിയേറ്റ് ബിഷപ്പ് നീൽ ബക്ഓൺ, അമേരിക്കയിലെ ബൈസന്റൈൻ ബിഷപ്പ് മിലൻ ലാച്ച് എസ്.ജെ, മയാമിയിലെ സെന്റ് അഗസ്റ്റിൻ രൂപതാ ബിഷപ്പ് ഫെലിപ്പ് ഡി ജീസസ് എസ്റ്റേവെസ്‌, ഷംഷബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉൾപ്പെടെ നിരവധി ബിഷപ്പുമാരുടെ സാന്നിധ്യം ഇതിനകം ഉറപ്പായിട്ടുണ്ട്.

കൂടാതെ ഫാ. ഡൊമിനിക് വാളന്മനാൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ വി.സി, ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. ജിൽറ്റോ ജോർജ് സി.എം.ഐ എന്നിവർക്കൊപ്പം ഭാരതത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധി സമർപ്പിത, അത്മായ ശുശ്രൂഷകരുടെയും സാന്നിധ്യമുണ്ടാകും. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നിയന്ത്രണാതീതമാകുകയും രോഗബാധിതരുടെ എണ്ണവും മരണനിരക്കും ദിനംപ്രതി കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഭാരതസഭയുടെ സേവനങ്ങൾ മനസിലാക്കിയിട്ടുള്ള വിദേശ രാജ്യങ്ങളിലെ സഭയും ‘പ്രേ ഫോർ ഇന്ത്യ’യിൽ അണിചേരും.

എല്ലാ ഡിജിറ്റൽ മീഡിയാ പ്ലാറ്റഫോമിലും യൂ ടൂബിലും (youtube.com/swprayerlive) ലഭ്യമാണ്. വെബ് സൈറ്റ് (www.swprayer.org)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top