Flash News

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

May 15, 2021

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ‘സം‌പൂജ്യരായ’ ബിജെപി, ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ പഴി ചാരുകയും ചാനലിനെ ബഹിഷ്ക്കരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ ആഹ്വാനം.

പിണറായി വിജയനെ ചോദ്യം ചെയ്യുന്ന എല്ലാവരെയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുക എന്ന അജന്‍ഡയിലാണ് ഈ ഇടത് മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനമെന്നാണ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്.

കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

മലയാള മാധ്യമങ്ങളും ബിജെപിയും, പാര്‍ട്ടി പ്രവർത്തകർക്കുള്ള സന്ദേശം…

പ്രിയമുള്ളവരെ,

കോവിഡ് മാഹാമാരി വെല്ലുവിളി ഉയര്‍ത്തുന്ന ഈ സമയത്ത് നിങ്ങളെല്ലാവരും സുരക്ഷിതരായി ഇരിക്കാനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. നേരില്‍ പറയാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മൂലമാണ് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് ഈ സന്ദേശം നിങ്ങള്‍ക്ക് അയക്കുന്നത്…

കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങളില്‍ നിരവധി പേര്‍ കേരളത്തിലെ മാധ്യമങ്ങളോട്, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളോട് ബിജെപി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശങ്ങളായും അറിയിക്കുകയാണ്. ബംഗാളിലെ ഹിന്ദു വംശഹത്യയോട് മുഖം തിരിച്ചു നില്‍ക്കുകയും അതെക്കുറിച്ച് ചോദിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തക അങ്ങേയറ്റം ഹീനവും ധിക്കാരം കലര്‍ന്നതുമായ മറുപടി നല്‍കിയതുമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി ഇനി ബിജെപി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചാ പരിപാടികളിൽ ബിജെപി പ്രതിനിധികൾ പങ്കെടുക്കില്ല എന്നും തീരുമാനിച്ചിട്ടുണ്ട്.
ഇതോടൊപ്പം മാധ്യമങ്ങളെ സംബന്ധിച്ച മറ്റു ചില കാര്യങ്ങൾ കൂടി നിങ്ങളോട് പങ്കുവയ്ക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ നമ്മോടുള്ള സമീപനത്തെ സസൂക്ഷ്മം നിരീക്ഷിച്ചതില്‍ നിന്ന് മനസിലാക്കിയിട്ടുള്ള ചില കാര്യങ്ങളാണ്. ഒന്ന് ഇടുപക്ഷത്തിന്‍റെ, പ്രത്യേകിച്ച് സിപിഎമ്മിന്‍റെ ശക്തമായ സ്വാധീനമാണ് ഈ മാധ്യമസ്ഥാപനങ്ങളില്‍ പലതിനെയും നിയന്ത്രിക്കുന്നതെന്നത് നമുക്കെല്ലാമറിയാം. ഇവരെ ഉപയോഗിച്ചുള്ള അതിശക്തമായ പ്രചാരവേലയിലൂടെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയാണ് പിണറായി വിജയന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് എന്നതും പച്ചയായ യാഥാര്‍ഥ്യമാണ്.

കഴിഞ്ഞ രണ്ടുവര്‍ഷമായി , പ്രത്യേകിച്ചും കോവിഡ് തുടങ്ങിയതിന് ശേഷം എല്ലാ പ്രമുഖ ചാനലുകളിലെയും സിപിഎം ഫ്രാക്ഷന്‍റെ പ്രവര്‍ത്തനം ശക്തമായി. പിണറായി വിജയന് ഭരണത്തുടര്‍ച്ച നല്‍കുക എന്ന ലക്ഷ്യത്തോടെ, ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും ഇടപെടലുകളുണ്ടായി. ഇതിന് നേതൃത്വം നല്‍കുന്നത് പല പ്രധാന ചാനലുകളിലെയും പ്രമുഖരാണ്. ഇതെല്ലാം പലപ്പോഴും അതത് മാനേജ്മെന്‍റുകളുടെ അറിവോടെ പോലുമല്ല. എന്നു വച്ചാല്‍ ഡസ്‌ക് കേന്ദ്രീകരിച്ച് സിപിഎം ഏജന്‍റുമാരുടെ ഇടപെ‍‍ടല്‍ മുമ്പില്ലാത്തവിധം ഉണ്ടാകുന്നു. അത് പലതരത്തിലാവാം. പിണറായി വിജയന്‍റെ ആറുമണി വാര്‍ത്താസമ്മേളനത്തിന് നല്‍കുന്ന അമിതപ്രാധാന്യം, അല്ലെങ്കില്‍ തലക്കെട്ടുകളിലെ വാചകങ്ങളുടെ ഘടന എന്നിങ്ങനെ പലതും. ചോദ്യങ്ങൾ ചോദിക്കാൻ ലേഖകരെ നിശ്ചയിക്കൽ, അസുഖകരമായ ചോദ്യങ്ങൾ ഒഴിവാക്കുന്ന രീതി ഇതെല്ലാം ഡിസൈൻ ചെയ്തത് ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നായിരുന്നു. ക്യാപ്റ്റന്‍, ഇരട്ടച്ചങ്കന്‍ എന്നിങ്ങനെ പലതും കല്‍പ്പിച്ചുണ്ടാക്കിയത് ഇക്കൂട്ടരാണെന്ന് നമുക്കറിയാം. ഇവരില്‍ പലരും സര്‍ക്കാരില്‍ നിന്ന് അവിഹിതമായി പലതും കൈപ്പറ്റുന്നതായിപ്പോലും ചില റിപ്പോര്‍ട്ടുകള്‍ നമുക്ക് ലഭിച്ചിരുന്നു.

ഇനി ഇവരുടെ അജന്‍ഡ ബിജെപിയുടെ ശബ്ദം ഇല്ലാതാക്കുക എന്നതാണ്. തിരഞ്ഞെടുപ്പില്‍ സീറ്റൊന്നുമില്ലാത്ത ബിജെപിക്ക് ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുത് എന്നൊരു പ്രചാരണം ഇക്കൂട്ടര്‍ നടത്തുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും. തമാശയെന്തെന്നാല്‍, ബംഗാളില്‍ വട്ടപ്പൂജ്യമായതോടെ ദേശീയ പാര്‍ട്ടി പദവി ഏതു സമയത്തും നഷ്ടപ്പെട്ടാവുന്ന സിപിഎമ്മിനെ ദേശീയ ചാനലുകള്‍ ഒഴിവാക്കണമെന്ന് ഇവര്‍ പറയില്ല എന്നതാണ്. നോവലോ കവിതയോ എല്ലാം കോപ്പിയടിച്ച് ബുദ്ധിജീവികളായ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നതും നമുക്ക് കാണാം. വാസ്തവത്തില്‍ ടെലിവിഷന്‍ ചാനലുകളിൽ നമ്മുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കണം എന്നത് സിപിഎമ്മിന്‍റെ അജന്‍ഡയാണ്. അവര്‍ക്ക് വെല്ലുവിളിയാവുന്ന ചോദ്യങ്ങള്‍ ഒഴിവാക്കാനുള്ള തന്ത്രം. സി. പി. എമ്മിന്റെ ഏറാന്‍മൂളികളായ ചില അവതാരകരാണ് ഈ നീക്കത്തിന് ചുക്കാന്‍പിടിക്കുന്നതും. അവരില്‍പ്പലരുടെയും പല ഇടപാടുകളും ദുരൂഹമാണ്, ചിലരെങ്കിലും ജിഹാദി സംഘടനകളുടെ ഏജന്‍റുമാരാണെന്ന ആക്ഷേപം പോലുമുണ്ട്.

മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ഇത്തരക്കാരല്ല.കേരളത്തില്‍ ഇന്നും സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അവരെ മറക്കുന്നില്ല. പക്ഷേ ചെറുശതമാനം വരുന്ന സിപിഎം ഏജന്‍റുമാര്‍ ന്യൂസ് റൂമുകളുടെ നിയന്ത്രണം കൈക്കലാക്കിയിരിക്കുന്നു. കേരള പത്രപ്രവര്‍ത്തകയൂണിയന്‍പോലും ഇവരുടെ പിടിയിലാണ്. ഇതേ യൂണിയനാണ് രാജ്യത്തെ വലിയവിഭാഗം ജനതയെ അപമാനിച്ച മാധ്യമപ്രവര്‍ത്തകയ്കക് വേണ്ടി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളതും. ബിജെപിയിലാകെ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കുക, ഇല്ലാത്ത ഗ്രൂപ്പിസം പറഞ്ഞ് അണികളെ ആശയക്കുഴപ്പത്തിലാക്കുക തുടങ്ങിയ ഇവരുടെ തന്ത്രങ്ങളില്‍ വീഴരുത് എന്നാണ് എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്.

പിണറായി വിജയനെ ചോദ്യം ചെയ്യുന്ന എല്ലാവരെയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുക എന്ന അജന്‍ഡയിലാണ് ഈ ഇടത് മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം. ഉദാഹരണത്തിന് തിരഞ്ഞെടുപ്പ് വിശകലനത്തിനിടെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് കേന്ദ്രമന്ത്രി കേരളത്തിന് വേണ്ടി എന്തെങ്കിലും പോസിറ്റീവായി ചെയ്യുന്നുണ്ടോ, എപ്പോഴും വിമര്‍ശനമല്ലേ എന്നാണ്. വാസ്തവത്തില്‍ ആ മാധ്യമപ്രവര്‍ത്തകന്‍ പിണറായി വിജയനും സിപിഎമ്മും പറയുന്നത് ഏറ്റുപറയുകയാണ് ചെയ്യുന്നത്. അതേസമയം വന്ദേഭാരത് പോലൊരു വന്‍ ദൗത്യത്തെ മുന്നില്‍ നിന്ന് നയിച്ച, ആയിരക്കണക്കിന് മലയാളികളടക്കമുള്ളവരെ സുരക്ഷിതമായി നാട്ടിലെത്തിച്ച ഇതേ കേന്ദ്രമന്ത്രിയെക്കുറിച്ച് അന്ന് അദ്ദേഹം മിണ്ടിയിട്ടില്ല. സംസ്ഥനത്തെ മുതിർന്ന പല നേതാക്കളേയും പരിഹസിച്ചും കള്ളക്കഥകൾ പ്രചരിപ്പിച്ചും നിശബ്ദരാക്കാനുള്ള ഹീനമായ എത്രയെത്ര നീക്കങ്ങളാണ് നിത്യേനയെന്നോണം നടക്കുന്നത്‌.

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവെര സമൂഹത്തിന് മുന്നില്‍ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഈ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ നടത്തുന്നത് നമ്മള്‍ മനസിലാക്കണം. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നമ്മുടെ പ്രതിനിധികളോട് അവതാരകരില്‍ ചിലരെങ്കിലും കാണിക്കുന്ന അസഹിഷ്ണുതയ്കക് പിന്നിലും ഒളിഞ്ഞിരിക്കുന്ന ഈ ബിജെപി വിരുദ്ധ അജന്‍ഡയുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം. പൂർണമായ മാധ്യമ ബഹിഷ്ക്കരണം എന്നത് അവരുടെ ആഗ്രഹമാണ്, അതിന് നാം വഴങ്ങുന്നത് ചരിത്രപരമായ മണ്ടത്തരമാവും എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവരാണ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ പ്രതിനിധികളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന പ്രചാരണം നടത്തുന്നതും. കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കാനും മോദിവിരുദ്ധത പ്രചരിപ്പിക്കാനും ജിഹാദി സംഘങ്ങളുടെ പിന്തുണയുളള ചില മാധ്യമപ്രവര്‍ത്തകര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഇവരുടെ കൃത്യമായ പേരുവിവരങ്ങള്‍ നമുക്കുണ്ട്, സമയമാകുമ്പോള്‍ വെളിപ്പെടുത്താം. ചാനല്‍ മാനേജ്‌മെന്‍റുകള്‍ക്ക് ചില വിവരങ്ങള്‍ നമ്മള്‍ ഉടന്‍ കൈമാറും.

ഈ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ ചില്ലറക്കാരല്ല എന്നും മനസിലാക്കണം. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പിണറായി വിജയനെയും കെ.കെ.ശൈലജയെയും വന്‍താരങ്ങളാക്കാന്‍ പറ്റുന്ന എഴുത്തും ഇടപെടലും സാധ്യമാകുന്നവരുമാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരും ഈ സംഘത്തിന്‍റെ ഭാഗമാണ്. വന്‍തുക കൊടുത്ത് പിണറായി വിജയന്‍ കൊണ്ടു നടക്കുന്ന പിആര്‍ സംഘം ഇവരിലൂടെയാണ് അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂം ഇക്കൂട്ടരുടെ ഇടപെടല്‍ നമുക്ക് കാണാം. ബിജെപി നേതാക്കളിടുന്ന സമൂഹമാധ്യമ പോസ്റ്റുകളുടെ അടിയില്‍ വരുന്ന കമന്‍റുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുക. സംഘടിതമായ ആക്രമണം നടക്കുന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണ്. അങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതുകൊണ്ട് നമുക്ക് കണ്ണുതുറന്നിരിക്കാം,ന്യൂസ് റൂമുകള്‍ കേന്ദ്രീകരിച്ചും സമൂഹ മാധ്യമങ്ങളിലൂടെയും നടക്കുന്ന മോദിവിരുദ്ധ, ബിജെപി വിരുദ്ധ അജന്‍ഡകള്‍ തിരിച്ചറി‍ഞ്ഞ്, അത്തരക്കാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാം. മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കുകയാവട്ടെ നമ്മുടെ തന്ത്രം. അതുപക്ഷേ ജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മാധ്യമങ്ങളെ അകറ്റിനിര്‍ത്തിയാവരുത്. ദേശാഭിമാനി ലേഖകനോടു പോലും ആത്മബന്ധം പുലര്‍ത്താന്‍ മടികാട്ടാതിരുന്ന മാരാര്‍ജിയുടെ പാര്‍ട്ടിയാണിതെന്ന് ഓര്‍ക്കണം. ജനാധിപത്യത്തില്‍ വിമര്‍ശനങ്ങളിലൂടെയേ തിരുത്തലുകള്‍ സാധ്യമാവൂ എന്ന് മറക്കരുത്.

കേരളത്തിലെ മാധ്യമങ്ങളൊട്‌ എനിക്ക്‌ ഒന്നേ പറയാനുള്ളൂ. നിങ്ങൾ നിക്ഷ്പക്ഷത പാലിക്കണം. നിങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ വ്യക്തിപരമായ രാഷ്ട്രീയ ആഭിമുഖ്യം, തൊഴിലിൽ പ്രതിഫലിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ വിശ്വാസ്യതയുടെ കൂടി വിഷയമാണ്. ന്യൂസ്‌ ഡെസ്കുകൾ പാർട്ടി ഫ്രാക്ഷനായി പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തണം. ഇത്‌ മിനിമം മാധ്യമ ധർമ്മമാണ്‌. അത്‌ പാലിക്കും എന്ന് പ്രതീക്ഷിക്കുന്നു….

എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top