Flash News

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫ് തന്നെ

May 17, 2021 , എ.സി. ജോര്‍ജ്

കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും അന്തഃഛിദ്രതയും ഗ്രൂപ്പിസവും ആണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇടതുമുന്നണി പി.ആര്‍ വര്‍ക്കുകളും അവരുടെ തെരഞ്ഞെടുപ്പു പ്രചാരണവുമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴും യു.ഡി.എഫുകാര്‍ ഗ്രൂപ്പു തിരിഞ്ഞ് പടല പിണക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകളും തര്‍ക്കങ്ങളുമായി തമ്മില്‍ തല്ലുകയായിരുന്നു. സ്വന്തമായും, സ്വന്തം ഗ്രൂപ്പിലെ പിണിയാളുകള്‍ക്ക് സീറ്റ് ഉറപ്പിക്കാനുമായിരുന്നു യു.ഡി.എഫിലെ കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും ശ്രമിച്ചത്. ഗത്യന്തരമില്ലാതെ ഏതാനും ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും കോണ്‍ഗ്രസ് അവസാനം മത്സരിക്കാന്‍ അവസരം കൊടുത്തുവെന്ന് മേനി പറയാമെങ്കിലും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളോ, കോണ്‍ഗ്രസ് യു.ഡി.എഫ് പാര്‍ട്ടി മെഷിനറി തന്നെയോ തയ്യാറായില്ലായെന്നതാണ് പരമാര്‍ത്ഥം. പലപ്പോഴും സ്ഥാനാര്‍ഥി തങ്ങളുടെ ഗ്രൂപ്പില്‍ പെട്ടവരല്ലെന്നു കണ്ടപ്പോള്‍ പല ഗ്രൂപ്പു പ്രവര്‍ത്തകരും നിഷ്ക്രിയരോ, ചിലര്‍ പരോക്ഷമായി എല്‍.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നതല്ലെ സത്യം. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിലെ ‘എ’ ‘ഐ’ ഗ്രൂപ്പുകാര്‍ തരംപോലെ കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ മറിച്ച് എല്‍.ഡി.എഫിനു നല്‍കി. എ – ഐ ഗ്രൂപ്പുകാര്‍ തമ്മിലുള്ള വൈരം അത്രമേല്‍ ആഴത്തിലായിരുന്നു. എല്‍.ഡി.എഫ് ജയിച്ചാലും ശരി കോണ്‍ഗ്രസിലെ ‘എ’ കാര്‍ തോല്‍ക്കണമെന്നു ‘ഐ’കാരും ‘ഐ’ കാര്‍ തോല്‍ക്കണമെന്ന് ‘എ’കാരും ആഗ്രഹിച്ചു തമ്മില്‍ തല്ലി. തല്‍ഫലമായിട്ടു മാത്രമാണ് എല്‍.ഡി.എഫ് ജയിച്ചത്. അല്ലാതെ എല്‍.ഡി.എഫിന്‍റെയോ പിണറായിയുടെയോ ഒരു ഭരണ നേട്ടങ്ങള്‍ കൊണ്ടോ ഒന്നുമായിരുന്നില്ലാ അവര്‍ക്കു ഭരണതുടര്‍ച്ച കിട്ടിയത്. തമ്മില്‍ തല്ലുന്ന ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കോണ്‍ഗ്രസിനും മുന്നണിക്കും വോട്ടു കൊടുത്ത് വിജയിപ്പിച്ചാലും ഭരണത്തില്‍ കയറിയാലും അവിടെ മുഖ്യമന്ത്രി പദത്തിനുവേണ്ടി കോണ്‍ഗ്രസ് എയിലെ ഉമ്മന്‍ചാണ്ടിയും ഐയിലെ രമേശ് ചെന്നിത്തലയും പിന്നെ തരംമാതിരി ചാഞ്ചാടുന്ന കെ. മുരളീധരനും കേന്ദ്രത്തില്‍ നിന്നെത്തുന്ന കെ.സി വേണുഗോപാല്‍ തുടങ്ങിയവരുമൊക്കെയായി പടയും, പടലപിണക്കങ്ങളും ഒക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ വോട്ടറന്മാര്‍ക്ക് സംശയമില്ലായിരുന്നു.

അതുപോലെ മറ്റു മന്ത്രിപദങ്ങളും താക്കോല്‍ സ്ഥാനങ്ങളും ഗ്രൂപ്പടിസ്ഥാനത്തില്‍ മാത്രം വീതം വയ്ക്കേണ്ടി വരുമായിരുന്നു. ഇതെല്ലാം വോട്ടറന്മാര്‍ കാണാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. ഇതിനെല്ലാം അപ്പുറം കോണ്‍ഗ്രസില്‍ നിന്നും അനേക പ്രാവശ്യം അനേക പദവികളും ആനൂകൂല്യങ്ങളും നേടിയിട്ടും മതിവരാതെ ഒരുതരം കൊതികെറുവോടെ നില്‍ക്കുന്ന കെ.വി. തോമസ്, പി.ജെ കുര്യന്‍, പി.സി ചാക്കോ തുടങ്ങിയ നേതാക്കള്‍. അതില്‍ പി.സി ചാക്കോ മുടന്തന്‍ പരാതികളും പറഞ്ഞു ചാടിപോയി എന്‍.സി.പിയില്‍ ചേര്‍ന്ന് ഇടതുപക്ഷത്തിന്‍റെ ഭാഗമായി. യാതൊരു തത്വദീക്ഷയുമില്ലാതെ സ്വന്തം കാര്യലാഭത്തിനു മാത്രമായി മുടന്തന്‍ ന്യായങ്ങളുമായി ബി.ജെ.പിയിലേക്കു പോലും കാലുമാറാന്‍ തയ്യാറായി നില്‍ക്കുന്ന എത്ര മൂത്തതും, ഇളയതുമായ നേതാക്കന്മാരെ കോണ്‍ഗ്രസില്‍ കാണാന്‍ സാധിക്കും? ഗ്രൂപ്പു നേതാക്കളും അതിതീവ്ര കോണ്‍ഗ്രസ് ഗ്രൂപ്പു പ്രവര്‍ത്തകരും അടിയ്ക്കടി കോണ്‍ഗ്രസ് ഒറ്റക്കെട്ട്, ഹൈക്കമാന്‍റ് തീരുമാനിക്കും എന്നൊക്കെ പുലമ്പുന്നതു കേള്‍ക്കാം. പക്ഷെ മാറി നിന്നും പരോക്ഷമായും അണിയറയിലും എല്ലാം ഗ്രൂപ്പടിസ്ഥാനത്തില്‍ മാത്രം. അല്ലാ ആരാണീ ഹൈക്കമാന്‍റ്? അങ്ങനെ ഒരു ഹൈക്കമാന്‍റ് ഉണ്ടെങ്കില്‍ അതു വെറും നോക്കുകുത്തി മാത്രം. സത്യത്തില്‍ ഈ ഇരുഗ്രൂപ്പുകളുമാണ് ഹൈക്കമാന്‍റ്. അവര്‍ കോണ്‍ഗ്രസിനെ വെട്ടിമുറിച്ച് എ.ഐ.എന്നിങ്ങനെ പങ്കിട്ടെടുക്കുന്നു. പങ്കിട്ടനുഭവിക്കുന്നു. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരും കോണ്‍ഗ്രസ് അനുഭാവികളും പാര്‍ട്ടിയുടെ ഈ ദുര്‍ഗതി ഓര്‍ത്തു ദുഃഖിക്കുന്നു. ദുര്‍ഭരണം നടത്തി കേരളത്തെ കുട്ടിച്ചോറാക്കികൊണ്ടിരിക്കുന്ന പിണറായിയും എന്‍.ഡി.ഫും. നെറ്റിയിലെ വിയര്‍പ്പൊഴുക്കാതെ അധികാരം നിലനിര്‍ത്തുന്നു. അവര്‍ എന്തെല്ലാം ദുര്‍ഭരണം നടത്തിയാലും പാട്ടും പാടി ജയിക്കുന്നു. അങ്ങനെ ജയിക്കുന്ന പാര്‍ട്ടിയിലേക്കും മുന്നണിയിലേക്കും ഇവിടത്തെ മീഡിയാകളും, ബ്യൂറോക്രസിയും ഒഴുകികൊണ്ടിരിക്കുന്നു. മാംസമുള്ളിടത്തല്ലെ കത്തി പായൂ. കോണ്‍ഗ്രസിലെ ഗ്രൂപ്പില്ലാതാക്കാനായി വന്ന വി.എം സുധീരന്‍ എന്ന കെ.പി.സി.സി പ്രസിഡന്‍റിനെ ഇരുഗ്രൂപ്പുകാരും ഒന്നിച്ചു നിന്നു കെട്ടുകെട്ടിച്ചില്ലെ. ഒരു പരിധിവരെ ഗ്രൂപ്പില്ലാതാക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനെയും തെരഞ്ഞെടുപ്പിന്‍റെ തോല്‍വി പുള്ളിയുടെ തലയില്‍ മാത്രം കെട്ടിവച്ച് ഗ്രൂപ്പു നേതാക്കള്‍ തടി രക്ഷപ്പെടുത്തികൊണ്ടിരിക്കുകയാണ്. മുല്ലപ്പള്ളിയും രണ്ടു ഗ്രുപ്പിന്‍റെയും അടിമ ആയിട്ടും രക്ഷയില്ല. അങ്ങേരെയും സമീപഭാവിയില്‍ ഗ്രൂപ്പുകാര്‍ പുകച്ചു പുറത്തുചാടിക്കും.

2016ലെ അസംബ്ലി ഇലക്ഷനില്‍ കോണ്‍ഗ്രസ് മുന്നണി പരാജയപ്പെട്ടപ്പോള്‍ എ ഗ്രൂപ്പു നേതാവായ ഉമ്മന്‍ചാണ്ടിയെ ആന്ധ്രാപ്രദേശ് സ്റ്റേറ്റിലേക്ക് കോണ്‍ഗ്രസിന്‍റെ ഉത്തരവാദിത്തം കൊടുത്ത് ഒരു പ്രകാരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ നിന്നൊഴിവാക്കിയതാണ്. ഇതാ ഇപ്രാവശ്യം ഇലക്ഷന്‍ വന്നപ്പോള്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ അങ്ങേരെ രാജോചിതമായി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഇലക്ഷന്‍ ചുക്കാന്‍ പിടിക്കാനായി കൊട്ടും കുരവയുമായി കൊണ്ടുവന്നു. അതുമല്ലെങ്കില്‍ അങ്ങേര് ചാടിവീണു. അങ്ങേരുടെ വരവോടെ കോണ്‍ഗ്രസ് വീണ്ടും ഉണര്‍ന്നു. ശക്തമായി എന്നു ഗ്രൂപ്പു കോണ്‍ഗ്രസുകാര്‍ കേരളത്തിലും വിദേശ മലയാളികളുടെ ഇടയിലും കൊട്ടിഘോഷിച്ചു. എന്നാല്‍ സത്യത്തില്‍ സംഭവിച്ചതു യഥാര്‍ത്ഥ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയാണ്. ഗ്രൂപ്പുകളുടെ ചേരിതിരിഞ്ഞ വിലപേശലും അഴിഞ്ഞാട്ടവും അരങ്ങേറികൊണ്ടിരുന്നു. മാന്യനായ ഉമ്മന്‍ചാണ്ടി സാര്‍ ഒരു കാലത്ത് വളരെ ശക്തനായിരുന്നു. എന്നാലിന്നു അദ്ദേഹത്തിനു ഓര്‍മ്മക്കുറവുണ്ട്, കേള്‍വികുറവുണ്ട്, സംസാരിക്കാന്‍ വിഷമമുണ്ട്. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത് സീനിയര്‍ ഉപദേശകനാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 50 കൊല്ലം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്തതു പോരെ? മുഖ്യമന്ത്രി അടക്കം എന്തെല്ലാം വലിയ വലിയ പൊസിഷനുകള്‍ അദ്ദേഹം വഹിച്ചിരിക്കുന്നു. ഇനിയെങ്കിലും ഗ്രൂപ്പു കളി നിര്‍ത്തി ബഹുമാന്യനായ കോണ്‍ഗ്രസ് അഡ്വൈസറായി മാറി നിന്നിരുന്നെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമായിരുന്നു. നരേന്ദ്ര മോദിയെ സ്തുതിക്കുകയല്ലാ, മോഡി വന്ന് ബി.ജെ.പിയെ കെട്ടിപടുത്ത എല്‍.കെ. അദ്വാനി മുതലായ സീനിയര്‍ നേതാക്കളെ ബഹുമാനപുരസ്സരം മാറ്റി മൂലക്കിരുത്തിയതു കണ്ടില്ലെ? കേരളത്തിലെ സിപിഐയുടെ മാതൃകയും ഈ വിഷയത്തില്‍ അനുകരണീയമാണ്.

ഇപ്രാവശ്യത്തെ സീറ്റു വിഭജനത്തില്‍ എ ഗ്രൂപ്പിനുവേണ്ടി ഉമ്മന്‍ ചാണ്ടി എന്തു കടുംപിടിത്തമാണ് നടത്തിയത്? കെ. ബാബു തുടങ്ങി ചില എ ഗ്രൂപ്പുകാര്‍ മത്സര രംഗത്തുണ്ടാകണം എന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. അവര്‍ക്കെല്ലാം സീറ്റു കൊടുത്തില്ലെങ്കില്‍ താനും മത്സരിക്കാനില്ലെന്ന് അദൃശ്യമായ ഹൈക്കമാന്‍റിനെ വെല്ലുവിളിച്ചു. ശരി എന്നാല്‍ അങ്ങനെ തന്നെ ആകട്ടെ താങ്കളും പുതുപ്പള്ളിയില്‍ മത്സര രംഗത്തു വേണ്ടായെന്നു പറയാന്‍ ധൈര്യമുള്ള ഒരു ഹൈക്കമാന്‍റിനെയും അവിടെ കണ്ടില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് അത്തരം ഒരു ഹൈക്കമാന്‍റ് ഉണ്ടായിരുന്നു. കണ്ടില്ലെ ഇലക്ഷന്‍ ഫലം. ദുര്‍ബലനായ ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ മുമ്പില്‍ പോലും വളരെ കഷ്ടിച്ചാണ് ഇപ്രാവശ്യം ഉമ്മന്‍ചാണ്ടി ജയിച്ചത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കാടിളക്കി പ്രചാരണം നടത്തിയിട്ടാണ് കോണ്‍ഗ്രസിനും, യു.ഡി.എഫിനും ഇത്രയെങ്കിലും സീറ്റു നേടാനായത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഇടതു സര്‍ക്കാരിന്‍റെ വീഴ്ചകള്‍ കാര്യകാരണ സഹിതം അസംബ്ലിക്കകത്തും പുറത്തും തെളിയിച്ചുകൊണ്ട് ഒരു തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. ഗ്രൂപ്പിസത്തിന്‍റെ പേരില്‍ അതെല്ലാം ജനമധ്യത്തിലെത്തിക്കാന്‍ ഗ്രൂപ്പിനടിമപ്പെട്ട യു.ഡി.എഫും കോണ്‍ഗ്രസുകാരും ശ്രമിച്ചില്ലെന്ന് എഴുതുമ്പോള്‍ ഈ ലേഖകന്‍ ചെന്നിത്തല അനുഭാവിയാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്. കേരളത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരു ഗ്രൂപ്പിനെയും നേതാവിനെയും താങ്ങി നിന്നാലെ ഒരു ലോക്കല്‍ ഇലക്ഷനില്‍ പോലും മത്സരിക്കാന്‍ സീറ്റു കിട്ടുകയുള്ളൂ. അതിനാല്‍ അവര്‍ കാര്യസാധ്യത്തിനായി ഗ്രൂപ്പു നേതാക്കളെ തോളിലേറ്റിയേക്കാം. അങ്ങേര് എന്‍റെ ഒരു വികാരമാണ്, നേതാവാണ്, എന്നൊക്കെ പറഞ്ഞേക്കാം. എന്നാല്‍ പ്രവാസ ലോകത്ത്, യു.എസിലും മറ്റുമുള്ള കോണ്‍ഗ്രസ് അനുഭാവികള്‍ എന്തിന് ഗ്രൂപ്പ് നേതാക്കളെ പ്രീണിപ്പിക്കണം. അവരില്‍ 99.99 ശതമാനവും നാട്ടില്‍ മത്സരിക്കാനൊ ഒന്നും പോകുന്നില്ല. പിന്നെ അവരെ ഗ്രൂപ്പ് നേതാക്കളെ എന്തിന് ഭയപ്പെടണം? അവര്‍ക്ക് ഒരു സീറ്റും മത്സരിക്കാന്‍ ലഭിക്കാനും സാധ്യതയില്ല. അഥവാ നാട്ടിലെ പ്രവര്‍ത്തകരെ തഴഞ്ഞു അവര്‍ക്ക് സീറ്റുകൊടുക്കുന്നതും ശരിയല്ലല്ലൊ. അതിനാല്‍ ഇവിടത്തെ പാര്‍ട്ടി അനുഭാവികളും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസുകാരും, ധൈര്യമായി പറയണം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് അവസാനിപ്പിക്കാന്‍. ഗ്രൂപ്പ്ലെപ്പനന്‍റുമാര്‍ എത്ര വമ്പന്മാരായാലും അവരോടു പറയണം ‘എ’ ‘ഐ’ ഗ്രൂപ്പ് വേണ്ടെന്ന്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മതിയെന്ന്. അല്ലെങ്കില്‍ ഇപ്പോഴും ഭാവിയിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നത് ഈ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മാത്രമാണെന്ന്.

മൃദുല ഹിന്ദുത്വ നയവും സ്വീകരിച്ച് യുക്തിക്കും ഭക്തിയ്ക്കും കോടതി വിധിക്കും നിരക്കാത്ത ചില യഥാര്‍ത്ഥമല്ലാത്ത ശബരിമല ഭക്തര്‍ക്കൊപ്പം പോയതും കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചു. കണ്ടില്ലെ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ പോലും ഇടതുപക്ഷം ജയിച്ചു കേറിയത്. ശബരിമല വിഷയത്തിലും ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസിനെക്കാള്‍ ഇടതുപക്ഷമായിരുന്നു ശരി എന്നല്ലെ മതന്യൂനപക്ഷത്തോടൊപ്പം ഹിന്ദു ഭൂരിപക്ഷവും പറയുന്നുത്.

ഇത്രയും പറയുമ്പോള്‍ ഇടതുപക്ഷത്തിന്‍റെ ദുര്‍ഭരണത്തെ വെള്ള പൂശുകയാണെന്നു കരുതരുത്. എന്നാല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയുടെ കോണ്‍ഗ്രസ് ഗ്രൂപ്പിസം ഒഴിവാക്കി ശക്തമായി ഇന്ത്യയില്‍ തിരിച്ചുവരേണ്ടത് ഭാരതത്തിന്‍റെ ആവശ്യമാണ്. ഇവിടെ ബി.ജെ.പി ഓലിയിടുന്ന പോലെ കോണ്‍ഗ്രസ്മുക്തഭാരതമല്ല, വേണ്ടത്. ജനാധിപത്യം നിലനില്‍ക്കാനുള്ള, മതേതരത്വം നിലനില്‍ക്കാനുള്ള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സജീവ സാന്നിധ്യമാണിവിടെ വേണ്ടത് എന്നല്ലെ മതന്യൂനപക്ഷങ്ങളോടൊപ്പം ഹിന്ദു മതവിശ്വാസികളിലെ ഭൂരിപക്ഷവും പറയുന്നത്. ഇതോടെ ഈ വിഷയത്തില്‍ ബി.ജെ.പിയുടെയും, കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളിലെയും വാദഗതികള്‍ പൊളിഞ്ഞു. കോണ്‍ഗ്രസിന്റെ അലകും പിടിയും മാറുന്നതിന്‍റ ആദൃപടി അതിലെ ഗ്രൂപ്പുകളെ നിര്‍ജീവമാക്കുക എന്നതു തന്നെയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top