Flash News

കഥാകാരന്‍റെ കനല്‍വഴികള്‍ (അദ്ധ്യായം 1: കുടുംബപുരാണം)

June 3, 2021 , കാരൂര്‍ സോമന്‍

രണ്ട് വാക്ക്

കഥ-കവിത-നോവല്‍-നാടകമായാലും രചനയില്‍ ആത്മകഥാശംങ്ങള്‍ അല്ലെങ്കില്‍ അനുഭവങ്ങള്‍ കടന്നുവരിക സ്വാഭാവികമാണ്. എങ്കില്‍ മാത്രമെ അവ സര്‍ഗ്ഗസൃഷ്ഠികളാകുകയുള്ളു. എന്‍റെ രചനകളും വിത്യസ്തമല്ല. പല വിഭാഗത്തിലായി അന്‍പതിനടുത്ത് ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടും ജീവിതാനുഭവങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിഞ്ഞില്ല. ആത്മകഥ അഥവാ ജീവിത കഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല ഇങ്ങനെയൊക്കെ എഴുതാന്‍ ഞാന്‍ യോഗ്യനാണോ എന്നതറിയില്ല. പക്ഷെ സ്വന്തം ജീവിതകഥ ആര്‍ക്കും പറയാം. അത് കൊള്ളണോ തള്ളണോ എന്നത് വായനക്കാരന്‍ തീരുമാനിക്കും.

ഞാന്‍ അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഈ രചനയിലുള്ളത്. മനപ്പൂര്‍വ്വം ആരെയും വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതിലെ കഥാപാത്രങ്ങള്‍ തന്നോട് സാമ്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്നെ കുറ്റപ്പെടുത്തരുത്. രചനയില്‍ പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

ചാരുംമൂട്ടിലെ സ്കൂള്‍ ജീവിതം, പോലീസിന്‍റെ നോട്ടപ്പുള്ളി, ഉത്തരേന്ത്യയിലെ അലച്ചിലുകള്‍ പിന്നെ ഗള്‍ഫിലും ഇംഗ്ളണ്ടിലുമൊക്കയായി കുറച്ചൊക്കെ സമാധാന ജീവിതം നയിക്കുന്നു. നല്ലതിനെല്ലാം കൂടെ നില്‍ക്കുന്ന ഭാര്യ ഓമന ഒരു തണലായി ഒപ്പമുണ്ട്. ഉപദ്രവിച്ചവരും അപമാനിച്ചവരും സഹായിച്ചവരുമായി എത്രയോ പേര്‍. ഗുണ്ടകളെ അവരുടെ ശൈലിയില്‍ നേരിട്ടപ്പോഴും ശത്രുതയില്ലായിരുന്നു. ഇന്നും അത് തുടരുന്നു. എന്‍റെ ശത്രു ഞാന്‍ തന്നെ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ആര്‍ക്കൊക്കെ വേണ്ടിയോ അടിപിടികൂടിയതാണ്. ടിക്കറ്റില്ല യാത്രയും സാഹചര്യം പ്രേരിപ്പിച്ചതാണ്.

സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ നല്ല മനുഷ്യരും ഭാഷയെ കരുതുന്നവരുടെ നല്ല വാക്കുകളും എന്‍റെ ജീവിത കഥയില്‍ പ്രത്യക്ഷപെടുന്നതില്‍ അതിയായ സന്തോഷമുണ്ട്. നാലര പതിറ്റാണ്ടിലേറെ നീളുന്ന ജീവിത സംഭവങ്ങളുടെ കഥ തികഞ്ഞ വിനയത്തോടെ സമര്‍പ്പിക്കുന്നു. താങ്കള്‍ വിലയിരുത്തുക. തെറ്റുകളും, കുറവുകളും ചൂണ്ടിക്കാട്ടുക; സാമുഹ്യ തിډകള്‍ക്കെതിരെ, വര്‍ഗ്ഗീയതക്കെതിരെ, മൂല്യത്തകര്‍ച്ചക്കെതിരേയെല്ലാം നമുക്ക് ഒരുമിച്ചു പോരാടാം.

കാരൂര്‍ സോമന്‍

അദ്ധ്യായം 1: കുടുംബപുരാണം

പ്രകൃതിയുടെ വരദാനമാണ് ഓണാട്ടുകര. ഓണാട്ടുകര മാവേലിക്കര-കരുനാഗപ്പള്ളി-കാര്‍ത്തികപ്പള്ളിയുടെ ഭാഗങ്ങളാണ്. അതില്‍ പ്രഥമസ്ഥാനം മാവേലിക്കരയ്ക്കാണ്. കാരണമായി പറയപ്പെടുന്നത് മാവേലി മന്നന്‍ അവിടെ വാണിരുന്നു എന്നതാണ്. അതിന് ചരിത്ര രേഖകള്‍ ഇല്ല. പൂവുകള്‍, കായലുകള്‍, പച്ചപ്പാര്‍ന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍, വാഴ, തെങ്ങിന്‍-കവുങ്ങിന്‍ തോട്ടങ്ങള്‍, കുളങ്ങള്‍ സസ്യശ്യാമളമാണ് ഓണാട്ടുകര. വൈവിധ്യമാര്‍ന്ന ജൈവകൃഷി. മാവേലിക്കര-കൃഷ്ണപുരം രാജകൊട്ടാരങ്ങളും പുരാതന ക്ഷേത്രങ്ങളും പള്ളികളും. വിവിധ നാടന്‍ കെട്ടുകാഴ്ചകള്‍, നാടന്‍ കലാരൂപങ്ങള്‍ ആട്ടക്കഥകള്‍, തിരുവാതിര-തുള്ളല്‍, വഞ്ചിപ്പാട്ടുകള്‍ എന്നിവയുടെ തുടക്കത്തിന് മാവേലിക്കരയുമായി ബന്ധമുണ്ടത്രെ.

സാഹിത്യ-സാംസ്കാരിക-ആത്മീയ-രാഷ്ട്രീയ രംഗത്ത് അമൂല്യങ്ങളായ സംഭാവനകള്‍ നല്കിയ ധാരാളം മഹാത്മാക്കളുടെ നാടാണിത്. ലോകത്ത് ആദ്യമായി സമത്വവും സാഹോദര്യവുംകൊണ്ടുവന്ന ആദ്യത്തെ വിപ്ലവചക്രവര്‍ത്തിയായിരുന്ന മാവേലിയുടെ നാട്ടില്‍ ജډി-കുടിയാന്‍ അയിത്തവും അടിമത്വവും എങ്ങനെയുണ്ടായി എന്നുചോദിക്കരുത്. ഈ ദേശത്തിന് കാര്‍ഷിക സമൃദ്ധി ഉണ്ടാക്കിക്കൊടുത്തത് ഇവിടുത്തെ കുടിയാډാരാണ്. ജډിമാരുടെ നെല്ലറ നിറയ്ക്കാന്‍വേണ്ടി മാത്രം കണ്ണീരൊപ്പി-വിയര്‍പ്പൊഴുക്കി അടിമകളെപ്പോലെ ജീവിച്ചവര്‍. ഓണാട്ടുകരയുടെ കാര്‍ഷികസമൃദ്ധി, മത്സ്യസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഓണാട്ടുകരയുടെ തലസ്ഥാനം കായംകുളമായിരുന്നു. കൃഷ്ണപുരം കൊട്ടാരം ഇന്നൊരു ചരിത്രസ്മാരകമാണ്. ഇതിനടുത്താണ് വാരണപ്പള്ളി. നാരായണഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ മണ്ണാണിത്. ഗുരുദേവന്‍റെ ബാല്യകാലം മൂന്നു വര്‍ഷത്തിലധികം വാരണപ്പള്ളി തറവാട്ടിലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം നടത്തിയ കണ്ണാടി പ്രതിഷ്ഠ അതിനുദാഹരണമാണ്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി; ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.”

മാവേലിക്കര താലൂക്കിലെ ഗ്രാമീണസുന്ദരമായ താമരക്കുളം-ചാരുംമൂട്ടില്‍ ജനിച്ചത് എന്‍റെ ഭാഗ്യമായി. താമരക്കുളം-ചാരുംമൂട്ടിലെ അതിപുരാതന തറവാടാണ് കാരൂര്‍. അവിടുത്തെ ഗീവര്‍ഗീസ് വാദ്ധ്യാര്‍ സംസ്കൃതത്തിലും മലയാളത്തിലും അറിവുള്ളവനായിരുന്നു. ഒരു ആശാന്‍ കളരിയുമുണ്ടായിരുന്നു. ധാരാളം കുട്ടികളെ ആദ്യാക്ഷരങ്ങള്‍ ഓലയിലും മണലിലും എഴുതി പഠിപ്പിച്ചിട്ടുണ്ട്. ഈ ദേശങ്ങളിലെ ഈഴവര്‍, പറയര്‍, പുലയര്‍, കുറവര്‍ തുടങ്ങിയവര്‍ക്കു റോഡുകളിലൂടെ സഞ്ചരിക്കാന്‍ അവകാശമില്ലായിരുന്നു. രാത്രികാലങ്ങളില്‍ മൂന്നുംനാലും പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് ഓലകെട്ടിയള്ള ചൂട്ടും തെളിച്ച് അവര്‍ നടന്നിരുന്നത് ജډിമാരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചത്തിയറ, വള്ളികുന്നം നൂറനാട് ഭാഗങ്ങളില്‍ നിന്ന് കുറ്റാകുറ്റിരുട്ടില്‍ ഒളിഞ്ഞും മറഞ്ഞും അവര്‍ കാരൂര്‍ തറവാട്ടില്‍ സങ്കടം പറയാന്‍ വരുമായിരുന്നു. അവരില്‍ പലരും ഒളിവില്‍ കഴിഞ്ഞതും ഇവിടുത്തെ ജോലിക്കാരായി മാറിയതും ചരിത്രം. ജډിമാരുടെ കുട്ടികളെ പഠിപ്പിക്കുന്നത് അക്ഷരപ്പുരയിലും അധഃകൃതരുടെ കുട്ടികളെ പുറത്തുള്ള മരച്ചുവട്ടിലെ മണ്ണിലുമാണ്. അതില്‍ ജډിമാര്‍ക്ക് വളരെ എതിര്‍പ്പായിരുന്നു. അക്ഷരങ്ങള്‍ അവര്‍ണര്‍ ഉച്ചത്തില്‍ പറയാന്‍ പാടില്ലായിരുന്നു. സ്ത്രീകളുടെ മുലയ്ക്കും പുരുഷډാരുടെ തലയ്ക്കും നികുതി ഏര്‍പ്പെടുത്തുന്നവര്‍ക്ക് പാവങ്ങള്‍ എന്തുചെയ്താലും കുറ്റം മാത്രമേ കണ്ടെത്താന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ അവരോട് പറയും നിങ്ങളുടെ പരാതി നാടുവാഴികളെ അറിയിക്കുക. ഞാനപ്പോള്‍ ഉത്തരം കൊടുത്തുകൊള്ളാം.

വാദ്ധ്യാര്‍ക്ക് മാവേലിക്കര രാജകുടുംബവുമായി നല്ല ബന്ധമുള്ളത് നാട്ടുകാര്‍ക്കറിയാം. അവിടുത്തെ സംഗീതസദസ്സിലും പാണ്ഡിത സദസ്സിലും വാദ്ധ്യാര്‍ക്കും ക്ഷണമുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ലഭിക്കുന്ന പരാതികളുമായി ഉച്ച കഴിഞ്ഞ് നാടുവാഴികളെ വാദ്ധ്യാര്‍ സമീപിച്ചിട്ട് പറയും “സത്യം ധര്‍മ്മേ പ്രതിഷ്ഠിതം” അതാണ് ഹിന്ദുവിന്‍റെ അടിസ്ഥാന വിശ്വാസം. ഹിന്ദുക്കള്‍ ധര്‍മ്മത്തിന് കൂട്ടുനില്ക്കുന്നവരാണ് അധര്‍മ്മത്തിനല്ല. ശാന്തിയുടെ ദൂതനായിട്ടാണ് വാദ്ധ്യാരെ എല്ലാവരും കണ്ടിരുന്നത്. മനുഷ്യര്‍ ജډംകൊണ്ട് ഓരോ ജാതിയായി മാറിയാലും മനുഷ്യര്‍ക്ക് അക്ഷരജ്ഞാനം നിക്ഷേധിക്കുന്നതില്‍ വാദ്ധ്യാര്‍ക്കുള്ള ആശങ്ക ധാരാളമായിരുന്നു. സമ്പന്നമായ കാര്‍ഷിക പാരമ്പര്യമാണ് ഇവിടുത്തെ നായര്‍ ജന്മിമാര്‍ക്കുള്ളത്. അതില്‍ പിള്ളമാരും കുറുപ്പന്മാരും പണിക്കരുമുണ്ട്. അവര്‍ണരായിരുന്നു ജന്മിമാരുടെ പാടശേഖരങ്ങളിലും മറ്റും കൃഷി നടത്തിയിരുന്നത്.

നായര്‍ ജന്മിമാര്‍ക്കുള്ളതുപോലെ കാരൂര്‍ തറവാടിനും കരിമുളയ്ക്കല്‍, പറയംകുളം, താമരക്കുളം ഭാഗങ്ങളില്‍ ധാരാളം ഭൂപ്രദേശങ്ങളും പാടശേഖരങ്ങളുമുണ്ടായിരുന്നു. നായര്‍ ജന്മിമാരുടെ പോലുള്ള തേക്കിലും ഈട്ടിയിലുമുള്ള അറയും പുരയും ഉള്ള വീട്. എണ്ണ ആട്ടിയെടുക്കാനുള്ള ചക്ക്, കാളവണ്ടി ഇതെല്ലാമായിരുന്നു അന്നത്തെ ഉന്നതരുടെ അടയാളങ്ങള്‍. അതിനാല്‍ തന്നെ അവരുടെ പൂര്‍വ്വികര്‍ നായന്മാരായിരുന്നുവെന്നും അവരില്‍ നിന്ന് ക്രിസ്ത്യാനികളായി എന്നും അതല്ല സവര്‍ണ്ണരില്‍ നിന്ന് മോചനം ലഭിക്കാനായി ഈഴവ സമുദായത്തില്‍ നിന്ന് ക്രിസ്ത്യാനികള്‍ ആയിയെന്നും രണ്ടു പക്ഷമുണ്ട്.

വാദ്ധ്യാര്‍ക്ക് രണ്ട് ആണ്‍മക്കളായിരുന്നു. പെണ്‍മക്കളെപ്പറ്റി നല്ല അറിവില്ല. വാദ്ധ്യാരുടെ ഭാര്യ പള്ളിയമ്പില്‍ കുടുംബാംഗമായിരുന്നു. ആണ്‍മക്കളില്‍ മൂത്തവനായിരുന്നു കാരൂര്‍ കൊച്ചുകുഞ്ഞ്. ചെറുപ്പം മുതല്‍ക്കേ സവര്‍ണര്‍ക്കെതിരെ അമര്‍ഷവുമായിട്ടാണ് കൊച്ചുകുഞ്ഞ് വളര്‍ന്നത്. ഇരുനിറം; അരോഗദൃഢഗാത്രനുമായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈകള്‍ക്ക് സാധാരണയില്‍ കൂടുതല്‍ നീളമുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതം. അനുജന്‍ ഉണ്ണുണ്ണിയാകട്ടെ കാണാന്‍ സുന്ദരന്‍. സായിപ്പിന്‍റെ നിറം. ശരീരം മുഴുവന്‍ രോമം. ശാന്തശീലന്‍. കൊച്ചുകുഞ്ഞിനെ രണ്ടാം ക്ലാസ്സുവരെ പിതാവ് പഠിപ്പിച്ചു. യൗവനത്തിലെത്തിയപ്പോള്‍ മാവേലിക്കര രാജഭടനായി ജോലി കിട്ടി. നാട്ടിലെ ജന്മിമാരുടെ മക്കളുമായി അടിപിടി നടത്തി ഒരു ചട്ടമ്പിയെന്നുള്ള പേര് സമ്പാദിച്ചിരുന്നു. സൈന്യത്തിലെ ജോലി അധികകാലം നീണ്ടുനിന്നില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആരെയോ ജാതി വിളിച്ച് ആക്ഷേപിച്ചതിനെ ചോദ്യം ചെയ്യുകയും അയാളെ തല്ലി അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് സൈനിക മേധാവി ജോലിയില്‍ നിന്നു പുറത്താക്കി. വാദ്ധ്യാരുടെ ഇടപെടല്‍ മൂലം ജയില്‍വാസം ഒഴിവായി. പിതാവിന് മകന്‍ ഒരു തലവേദനയായി മാറിക്കൊണ്ടിരുന്നു. മകന്‍ ഒരു ക്രൂരനായി ജീവിക്കുന്നതില്‍ പിതാവിന് സങ്കടമുണ്ടായിരുന്നു.

1867-ല്‍ സവര്‍ണരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അയ്യന്‍കാളി വില്ലുവണ്ടിയില്‍ സഞ്ചരിച്ചതും ഗുരുദേവന്‍ ദേവാലയങ്ങള്‍ വിദ്യാലയങ്ങള്‍ ആക്കണമെന്ന് അറിയിച്ചതുമൊക്കെ ഓണാട്ടുകരക്കാര്‍ക്ക് ആശ്വാസമായി. പ്രായാധിക്യത്തിലായിരുന്ന വാദ്ധ്യാരും ഏറെ സന്തോഷിച്ചു. കാരൂര്‍ കൊച്ചുകുഞ്ഞ് എന്ന എന്‍റെ വല്യച്ചനെപ്പറ്റി ഞാനൊരു ചെറു നോവല്‍ എഴുതിയിട്ടുണ്ട്.

കൊച്ചുകുഞ്ഞിന് പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ വീടിന് മുന്നിലെ റോഡരികില്‍ കാള ചക്ക് ആട്ടിക്കൊണ്ടിരുന്നു. തേങ്ങയും എള്ളുമാണതില്‍ ആട്ടുന്നത്. പടിഞ്ഞാറെ പാടത്ത് എല്ലാവരും മകരകൊയ്ത്തിന് പോയിരുന്നു. മകരക്കൊയ്ത്ത് ഉത്സവം പോലെയാണ്. വീട്ടിലെ ജോലിക്ക് വന്ന ഏതോ സ്ത്രീയോട് തേങ്ങ ആട്ടാന്‍ പറഞ്ഞിട്ടാണ് പോയത്. ആ സ്ത്രീ തേങ്ങ ചക്കില്‍ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ കൊച്ചുകുഞ്ഞും കൂട്ടുകാരന്‍ ചാത്തനും അവിടേക്ക് വന്നു. ചക്ക് ആട്ടിക്കൊണ്ടിരുന്ന സ്ത്രീയോട് പറഞ്ഞു “ഞങ്ങള്‍ ആട്ടാം” കാളയുടെ കയര്‍ കൊടുത്തിട്ട് ആ സ്ത്രീ കുടുംബത്തേക്ക് പോയി. ഇതിനിടയില്‍ ചാത്തനും കൊച്ചുകുഞ്ഞും പിണ്ണാക്ക് എടുത്തു തിന്നു. കുഞ്ഞ് കാളയുടെ പുറത്തു കയറിയിരുന്നത് കാളയ്ക്ക് തീരെ പിടിച്ചില്ല. കാള കൊമ്പിട്ട് ഇളക്കുന്നത് കണ്ട് അവന്‍ പുറത്തേക്ക് ചാടി. അവിടെ കിടന്ന വടി എടുത്ത് ഒരടിയും കൊടുത്തു. അപ്പോഴാണ് സ്ഥലത്തെ പ്രമാണിയായ ശങ്കരപ്പിള്ള അവിടേക്ക് വന്നത്. അയാളുടെ തേങ്ങയാണ് ആട്ടുന്നത്. അയാള്‍ കണ്ട കാഴ്ച ചാത്തന്‍ പിണ്ണാക്ക് തിന്നുന്നതാണ്. പുലയച്ചെറുക്കന്‍ പിണ്ണാക്ക് അശുദ്ധമാക്കിയല്ലോ എന്ന് പറഞ്ഞ് അവനെ അടിച്ചു. അവന്‍ പേടിച്ച് കരഞ്ഞു. അത് കണ്ട കൊച്ചുകുഞ്ഞ് കാളയെ അടിക്കുന്ന വടിയെടുത്ത് പിള്ളയുടെ പുറത്തിനിട്ട് നല്ല പെട കൊടുത്തു. അവന്‍ പുറത്തേക്ക് ഓടി. ചാത്തന്‍ ഈറന്‍ കണ്ണുകളോടെ അത് നോക്കി നിന്നു. വിളറിവെളുത്ത മുഖവുമായി പിള്ള നടന്നകന്നു.

മറ്റൊരു സംഭവം. പറയംകുളം പറയന്മാരുമായുള്ള ഏറ്റുമുട്ടലാണ്. ചാരുംമൂട്-നൂറനാട്-താമരക്കുളം-ചുനക്കരയുടെ നല്ലൊരുഭാഗം അവരുടെ അധീനതയിലായിരുന്നു. കിഴക്കോട്ടുള്ള പറയംകുളം അടൂര്‍, പുനലൂര്‍ റോഡരികിലാണ് അവരുടെ പ്രധാന താവളം. മാവേലിക്കര പ്രദേശങ്ങളില്‍ കഴുകനെ കാണുന്നത് ഇവിടെ മാത്രമാണ്. വന്‍ ജന്മിമാരുടെ കാളയെയോ പശുവിനെയോ പറമ്പില്‍ കണ്ടാല്‍പോലും അവര്‍ അഴിച്ചുകൊണ്ടുപോകും. അജാനുബാഹുക്കളായ അവരെ നാട്ടുകാര്‍ക്ക് ഭയമായിരുന്നു. കൊല്ലാനും തിന്നാനും മടിയില്ലാത്തവര്‍. അതുവഴി പോകുന്നവര്‍ കരം കൊടുക്കണമായിരുന്നു. മാവേലിക്കര, കായംകുളം രാജകുടുംബാംഗങ്ങളും കണ്ണടച്ചു. ഇവര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേരുമോ അതായിരുന്നു അവരുടെ ഭയം. അതുവഴി വന്ന കടമറ്റത്തച്ചനെയും കരം കൊടുക്കാതെ വിട്ടില്ല. അച്ചന്‍ എന്തോ മന്ത്രം നടത്തി രക്ഷപെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പറയംകുളത്തിന് തെക്കുഭാഗത്തായി കാരൂരുകാര്‍ക്ക് കൃഷിത്തോട്ടങ്ങളുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ നിന്ന് വാഴക്കുല, കപ്പ, ചേന തുടങ്ങിവ മോഷണം പോകുക പതിവായിരുന്നു. ഇത് മനസ്സിലാക്കിയ കൊച്ചുകുഞ്ഞ് ധൈര്യശാലികളായ ഏതാനും ഈഴവരെ അവിടെ രാത്രികാലങ്ങളില്‍ കാവലിരുത്തി. ഒരു ദിവസം അതു സംഭവിച്ചു. രണ്ട് പറയډാര്‍ മോഷണത്തിനായിട്ടെത്തി. ഒരുത്തനെ പിടിച്ചുകെട്ടി മറ്റെ ആള്‍ ഓടി രക്ഷപ്പെട്ടു. അതില്‍ ഒരാള്‍ പടിഞ്ഞാറേ പാടങ്ങള്‍ കടന്ന് കാരൂര്‍ തറവാട്ടിലെത്തി കൊച്ചുകുഞ്ഞിനെ വിവരമറിയിച്ചു. കാളവണ്ടിക്കാരന്‍ രാമനെ വിളിച്ചുണര്‍ത്തി അവര്‍ക്കൊപ്പം വിട്ടു.

നേരം പുലരുന്നതിന് മുമ്പുതന്നെ പറയനെ അതിനുള്ളിലാക്കി തറവാട്ട് മുറ്റത്ത് എത്തിച്ചു. കാളവണ്ടിയില്‍ നിന്ന് പുറത്തെത്തിച്ചിട്ട് കെട്ടുകള്‍ അഴിച്ചുവിട്ടു. ഉടനടി അയാള്‍ അടുത്തു നിന്നവരെ തല്ലാനാരംഭിച്ചു. അതു കണ്ട് ക്ഷുഭിതനായ കൊച്ചുകുഞ്ഞ് ഓടിച്ചെന്ന് അയാളെപൊതിരെ തല്ലി. അല്പസമയത്തിനുള്ളില്‍ പറയന്മാര്‍ വടിയും വാളും വെട്ടുകത്തിയുമായി കാരൂര്‍ തറവാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചു. നാട്ടുകാര്‍ രക്തപ്പുഴ ഒഴുകുമല്ലോ എന്നോര്‍ത്ത് ഭയപ്പെട്ടു. കുറ്റിവിള ഉണ്ണുണ്ണി വെട്ടിക്കോട് കാട്ടുകളിയ്കതില്‍ കൊച്ചുകുഞ്ഞിന്‍റ ഭാര്യ അദ്ദേഹത്തിന്‍റെ അര്‍ദ്ധസഹോദരിയാണ്. കരിമുളക്കലെ കാരൂര്‍ക്കാരും, ഇട്ടനാം പറമ്പില്‍ പനയ്ക്കല്‍, തരകന്മാര്‍, കാരൂര്‍ കിഴക്കേതില്‍, കൊപ്പാറ വടക്കേടത്ത്, കുറ്റിയില്‍ തുടങ്ങിയിടങ്ങളിലെ കാരൂര്‍കാരുടെ ബന്ധുമിത്രാദികളും കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി അവിടേക്ക് ചെന്നുകൊണ്ടിരുന്നു. വന്നവരൊക്കെ തെങ്ങില്‍ കെട്ടി ഇട്ടിരിക്കുന്ന ആജാനുബാഹുവായ പറയനെ തുറിച്ചുനോക്കി. ബന്ധുമിത്രാദികള്‍ റോഡിന്‍റെ പലഭാഗത്തായി നിലയുറപ്പിച്ചു. തരകന്മാരിലൊരാള്‍ തേങ്ങ പൊതിച്ചെടുക്കുന്ന ഇരുമ്പുപാര പിടിച്ചുനിന്നു. ചിലര്‍ വെട്ടുകത്തി സ്വന്തമാക്കി.

കൂട്ടമായിട്ടെത്തിയ പറയന്മാര്‍ തറവാടിന്‍റെ മുന്നിലെ റോഡിലെത്തുമ്പോള്‍ കയ്യില്‍ വാളുമായി നില്ക്കുന്ന കൊച്ചുകുഞ്ഞിനെയാണ് കാണുന്നത്. ആ വാള്‍ സൈന്യത്തില്‍ നിന്ന് ലഭിച്ചതാണ്. സ്വയം രക്ഷയ്ക്കാണ് അന്നു ഭടന്മാര്‍ക്ക് വാള്‍ നല്കിയിരുന്നത്. ഇദ്ദേഹം അത് മടക്കിക്കൊടുത്തില്ല. കയ്യിലിരുന്ന വാള്‍ താഴെ ഇട്ടിട്ട് കൊച്ചുകുഞ്ഞ് വെല്ലുവിളിച്ചു. “ആരാടാ നിന്‍റെ നേതാവ്, മുന്നോട്ട് വാ, നീയൊന്നും വന്നതുപോലെ തിരിച്ചുപോവില്ല” ചില ബന്ധുക്കള്‍ മുന്നോട്ടാഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞ് പറഞ്ഞു “വേണ്ട നിങ്ങള്‍ ആരും ഇതില്‍ ഇടപെടേണ്ട. ഇത് ഞാന്‍ തീര്‍ത്തുകൊള്ളാം” മുന്നോട്ടു വന്നവര്‍ പിന്നോട്ട് പോയി. കൂട്ടമായി വന്ന പറയന്മാര്‍ വാള്‍മുനയുടെ മുന്നിലെത്തി. അപ്പോഴാണ് മനസ്സിലായത്. ജീവന്‍ വേണമെങ്കില്‍ സ്വന്തം പാളയത്തിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന്. അവര്‍ പിറുപിറുത്തു. ഇവര്‍ക്ക് ഇത്ര ആള്‍ബലം ഉണ്ടെന്ന് കരുതിയില്ല. കാരൂര്‍ കൊച്ചുകുഞ്ഞിനെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും തങ്ങളെക്കാള്‍ ഭീകരനെന്ന് കരുതിയില്ല. കൂടെ വന്നവരില്‍ പലര്‍ക്കും മടങ്ങിപ്പോയാല്‍ മതിയെന്നായി.

പിടിച്ചുകൊണ്ടുപോയവനെ മടക്കിക്കിട്ടണം. അവരിലെ മുഖ്യന്‍ കയ്യിലിരുന്ന ആയുധം താഴെ വച്ചിട്ട് കുഞ്ഞിനെ നോക്കി പറഞ്ഞു “തെറ്റ് പറ്റിപ്പോയി, പൊറുക്കണം. ഇനിയും ഞങ്ങള്‍ നോക്കിക്കൊള്ളാം” കുഞ്ഞ് മറുപടിയായി പറഞ്ഞു “നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എന്നോട് ചോദിക്കാം, എന്‍റെ തോട്ടത്തില്‍ അതിക്രമിച്ചു കടന്നാല്‍; അവിടെ നിങ്ങള്‍ക്ക് തെറ്റി. നിങ്ങളുടെ നാട്ടുഭരണത്തില്‍ കാരൂര്‍ക്കാര്‍ വരില്ല. ഇതോര്‍മ്മയിരിക്കട്ടെ” ഒരു ചോരപ്പുഴ ഒഴിവായതില്‍ വന്നവര്‍ക്കെല്ലാം ആശ്വാസമായി. കെട്ടിയിട്ടവനെ അഴിച്ചുവിടാന്‍ അറിയിച്ചിട്ട് കൊച്ചുകുഞ്ഞ് അകത്തേക്ക് പോയി. ചാരുംമൂട്ടില്‍ നിന്നു കള്ളു കുടിച്ചിട്ട് തെക്കോട്ട് കാരൂര്‍ വീടിന്‍റെ മുന്നിലെ റോഡിലൂടെ ഒരു ജന്മിയും നടക്കില്ലായിരുന്നു. അവരൊക്കെ കള്ളുകുടിച്ചിട്ട് പോകുന്നത് കിഴക്കേ താമരക്കുളം റോഡിലൂടെയായിരുന്നു. തെക്കോട്ടുള്ള ചെറിയ വഴി കാളവണ്ടിക്ക് പോകാന്‍ വീതികൂട്ടിയെടുപ്പിച്ചതും കാരൂര്‍ കൊച്ചുകുഞ്ഞായിരുന്നു. ഈ സംഭവ വികാസങ്ങള്‍ പലരില്‍ നിന്നും കേട്ടെങ്കിലും എന്‍റ അമ്മയും പിച്ചിനാട്ടു കേശവകുറുപ്പും പറഞ്ഞപ്പോഴാണ് എനിക്ക് വിശ്വാസമായത്. ഇവിടുത്തെ മിക്ക വസ്തുക്കളും കേശവകുറുപ്പിന്‍റ മുത്തച്ഛന്മാരുടേതാണ്.

പുതിയൊരു വീടുയര്‍ന്നപ്പോള്‍ കുടുംബത്തില്‍ നിന്ന് മൂത്തപുത്രന്‍ താമസം മാറി. കാരൂര്‍ തറവാട് ഇളയവനായ കൊച്ചുണ്ണിക്കായി. കാരൂര്‍ കൊച്ചുകുഞ്ഞ് പലഭാഗത്തുമുള്ള വസ്തുക്കള്‍ വിറ്റത് കോടതിക്കും കേസ്സിനുമാണ്. അതിനിടയില്‍ 1952ല്‍ കറ്റാനം ബഥനി ആശ്രമത്തില്‍ നിന്ന് ഒരു വൈദികന്‍ കുഞ്ഞിനെ കാണാനെത്തി. ഒപ്പം ഒരു പള്ളിപ്രമാണിയുമാണ്ടായിരുന്നു. അവര്‍ വന്നത് ഒരു ദേവാലയം പണിയാനുള്ള സ്ഥലം ആവശ്യപ്പെട്ടാണ്. ചാരുംമൂടിന് തെക്കുഭാഗത്തുള്ള ഹിന്ദു പ്രമാണിമാര്‍ ആരും വസ്തു നല്കില്ലെന്ന് തുറന്നു പറഞ്ഞു. ഒരു ക്രിസ്തീയ ദേവാലയത്തില്‍ അവര്‍ക്ക് താല്പര്യം ഇല്ല. കുടുംബം അനുജന്‍റെ പേരിലാണ്. കൊച്ചുകുഞ്ഞ് അനുജനോട് പറഞ്ഞാല്‍ കാര്യമുണ്ടാകുമെന്ന് അവര്‍ക്കറിയാം. ഇതിനകം ഉണ്ണുണ്ണി അറയും പറയുമൊക്കെ വിറ്റിരുന്നു. മാത്രമല്ല തെക്കുഭാഗത്തുള്ള സെന്‍റ് തോമസ് മാര്‍ത്തോമ്മ പള്ളിയുണ്ടാക്കുന്നതില്‍ കൊച്ചുകുഞ്ഞ് വഹിച്ച പങ്ക് അവര്‍ കേട്ടിരുന്നു. പള്ളിക്ക് വാനമെടുത്ത് കഴിഞ്ഞപ്പോള്‍ പള്ളിയുടെ തടിക്കുരിശും മറ്റ് പണിസാധനങ്ങളും ഗുരുനാഥന്‍ കുളങ്ങര കുളത്തില്‍ പൊങ്ങികിടക്കുന്നതാണ് രാവിലെ നാട്ടുകാര്‍ കാണുന്നത്. ആ പള്ളി മുകളിലേക്കുയര്‍ത്തിയത് കൊച്ചുകുഞ്ഞ് രാത്രി കാവല്‍ക്കാരെ നിയോഗിച്ചാണ്. തരകന്മാരും സഹായത്തിനുണ്ടായിരുന്നു. പള്ളി സ്ഥലത്തിന് മാവേലിക്കര രാജധാനിയില്‍ നിന്ന് അധികാരം വാങ്ങിച്ചത് തെങ്ങിന്‍തറക്കാരാണ്. കാരൂര്‍ കൊച്ചുകുഞ്ഞ് പള്ളിയില്‍ അധികം പോകാറില്ലെങ്കിലും ഈശ്വരഭക്തി നല്ലതെന്ന അഭിപ്രായക്കാരനാണ്. പള്ളി പണിയുന്നതിനുള്ള എതിര്‍പ്പ് കുഞ്ഞ് കാര്യമാക്കിയില്ല. അവിടെയുള്ള ഒരു ജോലിക്കാരനെ കാരൂര്‍ ഉണ്ണുണ്ണിയെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞുവിട്ടു. അനുജന് ജ്യേഷ്ഠനോടെന്നും ബഹുമാനമായിരുന്നു. ജോലിക്കാരനൊപ്പം വേഗമെത്തി. മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടു. ഇരിക്കാന്‍ പറഞ്ഞെങ്കിലും ഇരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം കസേരയിലിരുത്തി വന്നവരുടെ ഉദ്ദേശം ഉണ്ണൂണ്ണിയോട് പറഞ്ഞു. കുഞ്ഞ് മൂത്തമകള്‍ വിവാഹപ്രായം ആയി നില്ക്കുന്നത് മുന്നോട്ടു വച്ചു. നീ അമ്പത് സെന്‍റ് പള്ളിക്ക് കൊടുക്ക്. എന്നിട്ട് ശോശയെ കെട്ടിച്ചുവിട്. അവിടെ വച്ച് വില നിശ്ചയിച്ച് ഒരണ മുന്‍കൂറായി വാങ്ങി.

1954ല്‍ കാരൂര്‍ തറവാട് നിന്ന സ്ഥലത്ത് സെന്‍റ് മേരീസ് മലങ്കര പള്ളി ഉയര്‍ന്നു. കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് ബനഡിക്റ്റ് മാര്‍ ഗ്രീഗോറിയസാണ് ദേവാലയത്തിന്‍റെ കൂദാശ നിര്‍വഹിച്ചത്. മൂത്തമകള്‍ ശോശമ്മയെ ആ പണം കൊടുത്ത് കൊപ്പാറവടക്ക് ഡാനിയലിനെകൊണ്ട് വിവാഹം കഴിപ്പിച്ചു. അതിന്‍റെ തെക്കുഭാഗത്തുള്ള വസ്തുക്കള്‍ ഇളയ മകള്‍ അന്നമ്മയ്ക്ക് ഉണ്ണൂണ്ണി കൊടുത്തു. 1977ല്‍ ആ വസ്തുവും കാരൂര്‍ അന്നമ്മ പള്ളിക്ക് കൊടുത്തിട്ട് മാവേലിക്കര കല്ലുമലയ്ക്ക് പോയി. ഇന്നും നാട്ടുകാര്‍ വിളിക്കുന്നത് കാരൂര്‍ പള്ളിയെന്നാണ്. പഴയ പള്ളി പൊളിച്ച് വളരെ മനോഹരമായിട്ടാണ് പുതിയ പള്ളി തീര്‍ത്തിരിക്കുന്നത്.

(തുടരും….)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top