Flash News

ചൊക്ളി (നോവല്‍ 51)

June 7, 2021 , എച്മുക്കുട്ടി

പപ്പിനി ചെട്ക്കനേ വന്ന്ത് ചൊക്ളിക്ക് ആകനെ എടങ്ങേറായി. പെട്ടന്നനെ എബടയ്ക്കാ മാറ്ണ്? ചൊക്ളി വന്നന്തിയല്ല ഇപ്പോ മറിയപ്പാറേല് കാര്യങ്ങള്. എബടേലും ചെന്ന് കെട്ക്കാനൊന്നും പറ്റ്ല്ല. ആളാര്ക്ക് കാശ് കൂട്യാല്, അപ്പോ കൊറഞ്ഞൊടങ്ങും മറ്റ്ള്ളോരെ വിശ്ശാസം.

“നിന്ക്ക് ഒന്ന് പറയാര്ന്നില്ലേ പപ്പ്നീ നീയ് എത്തുന്ന്..ഞായിപ്പോ എങ്ക്ടക്കാ പോണ്ട്ന്ന് …ആലോയ്ക്കുമ്പോ..”

പപ്പിനി കുളിച്ച് ഒര് ഒറ ഉട്പ്പും ഇട്ട് വരാന്തേല്ക്ക് വന്നപ്പളാണ് ചൊക്ളി അങ്ങനെ പറ്ഞ്ഞത്.

അവള് ഒറക്കെ ചിറിച്ചു.

“ജ്ജ് ഇബട്ന്ന് എങ്ങ്ടും പോണ്ട. ഇമ്മക്ക് ഇബടെ നിക്കാം. ഇനിക്കും നിനക്കും ആരൂല്യാ..”

ചൊക്ളി സമ്മേയ്ച്ചില്ല.

“പപ്പിനീ പഴേ പോലെ ല്ല.. നാട്ടാര് തൊള്ളേത്തോന്നീത് പറേം. അത് ഒര് കേടല്ലേ..”

അവള് പിന്നേം ചിറീക്കണ്..

“നാ രവ്യേട്ടൻറൊപ്പം കെട്ന്ന്ട്ടാണ് വയ്യാത്ത അവര് ചത്തുപോയതെന്ന് എല്ലരും പറ്ഞ്ഞു. കെട്ന്നണ്ട്. അട്ത്ത് കെട്ടിപ്പിടിച്ച് കെട്ന്നണ്ട്. കൊറെ ഉമ്മ കൊട്ത്ത് ണ്ട്. അയിലപ്പറം ഒന്നും ശെയ്തിട്ടില്ല. നല്ലോണം നോക്കീട്ട്ണ്ട്ന്ന് മാത്തറം. ന്ന്ട്ട് പാവത്തിനെ അടിച്ച് നെഞ്ഞും വയറും പൊറോം പൊട്ടിച്ച പോല്ലീസാരല്ല, സര്ക്കാര് അല്ല രവ്യേട്ടനെ കൊന്നത്… അത് നാനെന്ന് പറേണ നാട്ട്കാര് എന്ത് ചൊല്ലിയാ ഞമ്മക്കെന്ത്ണ്?”

ചൊക്ളിക്ക് ആദിക്ക് ചിറീണ് വന്നത്. ഇബള് എന്തിറ്റ് ബാഷേണ് പറേണ്. മേത്തമ്മാര് രെ, കൊശത്തിയോളരെ, പിന്നെ മറിയപ്പാറേലെ.. ഒക്കേള്ള ഒര് ബാഷ

അപ്പോ പപ്പിനി പറ്ഞ്ഞു.

“ഞമ്മക്ക് ചിയ്യാൻ പണീണ്ട്. അത് ഇട്ക്കാ…കാശ് കിട്ടും…ഇപ്പ മുമ്പത്തെ മാരി ല്ല. ഇസ്റ്റം പോലേ പണീണ്ട്. ഒര് മാറ്റണ്ട്. പണള്ളോര്ക്ക് കൊറെ എന്നതോ നല്ലതെല്ലാം സർക്കാര് കുടുപ്പാങ്ക. ഞമ്മള്ക്ക്ക്കൊക്കെ ആ പണത്ത്ന്ന് ഊറുകായീന്ന് വെള്ളം പോലെ ഇററി കൊറച്ച് കാശ് കിട്ടും. നല്ല പണ്താല്. അങ്കനെ കൊർച്ച് കഴീമ്പോ ഞമ്മളും കൊർച്ച് ഒക്കേ കാശ്ള്ളവരാങ്കേ…എരിഞ്ഞാലക്കൊടേന്ന് പടിച്ചതാണ്. പാറ്ട്ടി മാത്തറം പറേണത് നാശത്തിൻറെ പണ്യാണ്ന്നാ. പണക്കാര് പിന്നേം പണക്കാരാരിക്കും ന്നാ. ഇന്നാലും ഞമ്മക്ക് പണീട്ത്ത് ജീവിക്കാടാ… ജ്ജ് ഇബടെ നിക്ക്..എങ്ങട്ടും പോണ്ട.”

ചൊക്ളി പിന്നെ ഒന്നും മിണ്ടീല്ല. പ്രാഞ്ചീസിനും രാഗവേട്ടനും പപ്പിനീരെ മുന്ന്ല് അവ് ള് പറേണത് തന്ന്യാവും അവര്ടെ അയിപ്രായം. അവര്ക്ക് അവളരെ നാക്കിനെ പേടീണ്. പാറ്ട്ടിക്കാരാച്ചാലും.

പപ്പിനീരെ ഒര് ചായിപ്പില് മിഷ്യം വെച്ച്. അവള് ഒറ ഉടുപ്പോള് തയിക്കും. അത് എരിഞ്ഞാലക്കൊടേല് രണ്ട് തുണിപ്പീടികകള്ല് എത്തിക്കണം. കലോന്നും ഇപ്പ ആര്ക്കും വേണ്ട. അതും വിറ്റോണ്ടിര്ന്നാല് കഞ്ഞുടിക്കാമ്പറ്റ്ല്ല. വാറ്റ് ഹറാമാന്ന് ഉമ്മച്ചിമ്മ അവളെ പടിപ്പിച്ച്. ഹറാമ്ന്ന് വെച്ചാ കുറ്റ്റം.

ചൊക്ളിക്ക് പുത്യ പപ്പിനീരെ പേച്ച് കേട്ട് ചിറി വന്ന് മുട്ടി..

ഓരോരോ വാക്കോളേയ്..

പിന്നെ അവള് കാലൊറേം മേക്കുപ്പായും ഒരു കവുത്തിലിടണ തുണീം ണ്ടാക്കും. കൊർച്ച് നാള് കയിഞ്ഞാ അദ്ണ് എല്ലാ ചെറ്പ്പക്കാര് പെണ്ണങ്ങളും ഇടാ.. ഇപ്പന്നേ നല്ല ആവിശ്ശം ഇണ്ട് . പെണ്ണ്ങ്ങള് തോനേ ആ ഉട്പ്പ് ഇട്ണ്ട്. അത് അവള്ക്ക് ഇണ്ടാക്കാനറിയാന്ന് എയ്തി വെക്കണം. ‘പ്രാഞ്ചീസ് വന്ന് ട്ട് അത് എയ്താ’ന്ന് ചൊക്ളി പപ്പിന്യോട് ഒറപ്പ് പറ്ഞ്ഞ്.
ഇപ്പ അവ് ളാണ് തുറിച്ചോക്കീത്.

ചൊക്ളി അച്ചരം വരയ്ക്കല്ല.. എയ്തും..ന്നാ പറഞ്ഞേ..

അവ് ള് ഒറക്കുപ്പായം ഇണ്ടാക്കാൻ പടിച്ചപോലേ ചൊക്ളി അച്ചരം എയ്താനും പടിച്ചു.

പപ്പിനി പൂത്തിരി കത്തണന്തിയാ ചിറിക്കണേന്ന് ചൊക്ളിക്ക് തോന്നി.

അന്ന് തൃസ്സക്കുട്ടീരവടന്ന് ചോറും കൂട്ടാനും ഒന്നും വന്നില്ല..

“ഞാ വന്ന്ല്ല്ടാ. പെണ്ണങ്ങള് അശലാത്ത് പെണ്ണങ്ങ്ക്ക് വെച്ച് കൊട്ക്കല്ല.ആണങ്ങള്ക്കാണെങ്കേ കൊട്ക്കും.”

പപ്പിനീരെ വർത്താനം ചൊക്ളിക്ക് പിട് ച്ചില്ല.

“നീയ് തൊള്ളേത്തോന്നീത് പറേണ്ട. അവര് എന്ന മോനേപ്പോലേണ് നോക്കീത്. നിന്നോട് അവര്ക്ക് എന്തിന്ന്ന്ണ് വിരോദം?”

പപ്പിനി ഒറക്കൊറക്കെ ചിരിച്ചു.

“പെണ്ണങ്ങള്ടെ മനസ്സ് ൻറെ വയിയൊന്നും നിനക്ക്റീല്ലടാ.. സാരല്ല. കഞ്ഞീം ചമ്മന്തീണ്ടാക്കാനാ പാട്..അതൊക്കെ ഞമ്മള് ഇപ്പ്യാക്കാം.”

ചൊക്ളീടെ നെഞ്ഞ് കലങ്ങി. പെണ്ണങ്ങളെ അറിഞ്ഞൂടാ.. ശരീണ് അവള് പറേണത്.

മറിയപ്പാറേ പോയി വരാം. വല്ലതും വേടിച്ച് വരാം..

പപ്പിനി, ഞാ അങ്ങാടീല് പോയിറ്റ് ഇപ്പ വരാന്ന് പറ്ഞ്ഞ് ചൊക്ളി ഇര്ട്ടിൽക്ക് നടന്നെറങ്ങി.

(തുടരും..)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top