കൊടകര കുഴല്‍പ്പണ കേസ്; ബി.ജെ.പി നേതൃത്വത്തെ എസ് എ ടി ചോദ്യം ചെയ്യുമെന്ന്

കൊടകര കുഴല്‍ പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കളെ എസ്‌ഐടി ചോദ്യം ചെയ്യും. ബിജെപി സംസ്ഥാന സംഘാടക സെക്രട്ടറി എം ഗണേശൻ, ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും. ഇരുവരെയും നാളെ ഹാജരാകാന്‍ അന്വേഷണ സംഘം നിർദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷക സംഘം ചോദ്യംചെയ്തു. ജില്ലാ ട്രഷറര്‍ സുജയ്സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും ഹാജരായിട്ടില്ല.

അതേസമയം, ഈ അന്വേഷണ പ്രഹസനം രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ വിഷയത്തില്‍ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ ട്രാന്‍സാക്ഷനിലൂടെയായിരുന്നുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കള്ളപ്പണ കേസിലെ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെയാണ് അന്വേഷണ സംഘം ഒടുവില്‍ കസ്റ്റഡിയിലെടുത്തത്. രഞ്ജിത്ത് ജയിലിലേക്ക് പോകുന്ന സമയത്ത് കവര്‍ച്ച ചെയ്ത പണം ദീപ്തി സൂക്ഷിച്ചു വെച്ചെന്നായിരുന്നു അവരുടെ പേരിലുള്ള കുറ്റം. കവര്‍ച്ച ചെയ്ത പണമാണെന്ന് ബോധ്യമുണ്ടായിരുന്ന ദീപ്തി 11 ലക്ഷം രൂപ സൂക്ഷിച്ചത് കുറ്റകൃത്യമാണെന്ന് പൊലീസ് വ്യക്തമാക്കി.

കൊടകരയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച പരാതി. എന്നാല്‍ പിന്നീട് ഇത് 3.5 കോടി രൂപയാണെന്ന് പൊലീസ് കണ്ടെത്തി. ബിജെപിക്ക് വിജയ സാധ്യതയുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ ചെലവഴിക്കാനാണ് പണം കൊണ്ടുവന്നതെന്ന് സൂചനകളുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment