ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി നടത്തുന്ന വ്യാജ പ്രചരണം എന്തിന്? ആരെ സഹായിക്കാനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരല്ലാതെ സംസ്ഥാന സര്‍ക്കാരാണോ? അവിടെ ഏര്‍പ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിനെതിരെ എന്തിനാണ് അനാവശ്യ വിവാദമെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി ഗോവധ നിരോധന നിയമം നടപ്പിലാക്കിയത് ബിജെപി അല്ല, കോണ്‍ഗ്രസാണ്. 99 ശതമാനം മുസ്ലിങ്ങളുള്ള ലക്ഷദ്വീപില്‍ അതെന്തിന് നടപ്പാക്കുന്നു എന്ന് ചോദിച്ചാല്‍ ഭൂരിപക്ഷത്തിന്റെ സംസ്കാരത്തിന് അനുസരിച്ചല്ല ഇന്ത്യ നിലകൊള്ളേണ്ടത് എന്ന ‘മതേതര’ ന്യായം പ്രയോഗിച്ചാല്‍ പ്രശ്നം തീര്‍ന്നില്ലേ? മദ്യനിരോധനം പൂര്‍ണ്ണമായും നടപ്പിലാക്കുന്ന ഗുജറാത്ത്, ടൂറിസ്റ്റുകള്‍ക്ക് മദ്യം ലഭ്യമാക്കുന്നത് ടൂറിസ്റ്റുകളുടെ സൗകര്യത്തിനാണ്, മദ്യനിരോധനം എന്ന നയത്തില്‍ വെള്ളം ചേര്‍ക്കാനല്ല.

ഞങ്ങള്‍ കുറ്റകൃത്യം ചെയ്യില്ല എന്ന് ഏതെങ്കിലും ജനത പറഞ്ഞതുകൊണ്ട് ഭരണകൂടത്തിന് നിയമനിര്‍മ്മാണത്തിനുള്ള സാഹചര്യം റദ്ദായി പോകുന്നില്ല. അങ്ങനെ റദ്ദായി പോകുമായിരുന്നെങ്കില്‍ ഞങ്ങള്‍ വീട്ടില്‍ ഇരുന്നോളാം എന്നുപറഞ്ഞാല്‍ ലോക്ഡൌണ്‍ വേണ്ട എന്ന് പിണറായി വിജയന്‍ പറയുമായിരുന്നു. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന് വരെ പ്രവേശനം ഉള്ള ഒരു സംസ്ഥാനത്തിരുന്ന്, കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ ചോദ്യം ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

നിലവില്‍ രണ്ടു കുട്ടികളില്‍ അധികം ഉള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല എന്നത് വ്യാജ പ്രചരണമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി പോലും ലഭിക്കാത്ത നിയമമുണ്ട് എന്നുകൂടി ആലോചിക്കണം. ഇത്രയും കാര്യങ്ങള്‍ വസ്തുതയായി നിലനില്‍ക്കെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരുടെ ചട്ടുകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്? 32 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള 36 ദ്വീപുകള്‍ ചേര്‍ന്ന ലക്ഷദ്വീപിനെ ഉന്നം വെച്ചു നടത്തുന്ന ഈ വ്യാജപ്രചരണങ്ങള്‍ ആരെ സഹായിക്കാനാണ്? കോവിഡ മഹാമാരി കാലത്ത് ലോക്ക് വീഴേണ്ടത് ഈ നുണ ഫാക്ടറികള്‍ക്കാണ്’.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment