ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാനാണ് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചിരിക്കുന്നതെന്ന് ആരോപണം; ദ്വീപ് നിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

കൊച്ചി: ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിനുശേഷം നടപ്പാക്കിയ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ വന്‍ പ്രതിഷേധം. ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി കേരളവും രംഗത്തെത്തിയതോടെ പ്രശ്നം ദേശീയ-അന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഫുല്‍ പട്ടേലിനെ അയച്ചിരിക്കുന്നതെന്നാണ് ആരോപണം.

ഈ വിഷയം ദേശീയതലത്തില്‍ ഉന്നയിക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറിനെ കാണും. പ്രഫുല്‍ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിക്കണമെന്ന് പാര്‍ലമെന്റിലടക്കം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയിലും ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖര്‍ വിഷയം ഏറ്റെടുത്തതോടെ വലിയ ചര്‍ച്ചയായി. ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവഗൗരവം ഉള്ളവയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളതെന്നും അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപും കേരളവുമായി ദീര്‍ഘനാളത്തെ ബന്ധമാണ് ഉള്ളത്. ദ്വീപ് നിവാസികളും നമ്മളും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.

വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, തൊഴില്‍, തുടങ്ങിയ കാര്യങ്ങളിലെല്ലാം നമ്മുക്ക് വളരെ ദൃഢമായ ബന്ധമാണ്. അത് തകര്‍ക്കാനുള്ള ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണെന്നും ഇത്തരം പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാര്‍ രാഷ്ട്രപതിയ്ക്ക് കത്തയച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും കരി നിയമങ്ങള്‍ ഉപയോഗിച്ചു നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട് മനസ്സിലാക്കാനായി കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡെലിഗേഷനെ അയക്കണമെന്നും എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, പിവി അബ്ദുല്‍ വഹാബ് എന്നിവര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചുവിളിക്കണമെന്ന് എഎം ആരിഫ് എംപി, ബിനോയ് വിശ്വം എംപി എളമരം കരീം എംപി എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.

നേരത്തെ ലക്ഷദ്വീപിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ആന്റണി വര്‍ഗീസ്, സലീം കുമാര്‍ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ വിചിത്രമായ പരിഷ്‌കാരങ്ങളില്‍ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണെന്നും പരിഷ്‌കാരങ്ങള്‍ എപ്പോഴും ദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടിയിരുന്നു.

ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുല്‍ പട്ടേല്‍ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപില്‍ കൊണ്ടുവന്ന ഉത്തരവുകളാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയും ഗുണ്ടാ ആക്ട് നടപ്പാക്കിയും തീരസംരക്ഷണ നിയമത്തിന്റെ പേര് പറഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുകളഞ്ഞതുമെല്ലാമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതാണ് ഏറ്റവുമൊടുവിലത്തേത്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കമുള്ളവര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം വലിയ ചര്‍ച്ചയായി മാറിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News