ലക്ഷദ്വീപിലെ ജനങ്ങള്‍ തീവ്രവാദികളാണെന്ന് പ്രസ്താവനയില്‍ പ്രതിഷേധിച്ച് ദ്വീപ് ബിജെപി യുവമോര്‍ച്ചയില്‍ കൂട്ട രാജി

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിവരുന്ന നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി ഘടകത്തിന്റെ യുവ മോര്‍ച്ചയില്‍ കൂട്ട രാജി. സാമൂഹിക പ്രവർത്തക അഡ്വ. ടി.കെ. ആറ്റബിയാണ് ബി.ജെ.പി അംഗത്വം രാജിവെച്ചരിൽ പ്രധാനി. ദ്വീപ് ജനത തീവ്രവാദികളാണെന്ന പ്രസ്താവനയിൽ ലക്ഷദ്വീപ് ബി.ജെ.പി ഘടകം രംഗത്തു വരാത്തത് വേദനയുണ്ടാക്കിയെന്നും അഡ്വ. ആറ്റബി പറഞ്ഞു.

പ്രതിഷേധ സൂചകമായാണ് ലക്ഷദ്വീപിലെ ബിജെപി അംഗങ്ങൾ രാജിവെയ്ക്കുന്നതെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പരിഷ്കാരങ്ങളിൽ ദ്വീപിലെ ബി.ജെ.പി ഘടകത്തിന് അതൃപ്തിയുണ്ട്. രാജിയെ കുറിച്ച് ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കുമെന്നും കാസിം പറഞ്ഞു

എം മുത്തുക്കോയ, ബി ഷുക്കൂര്‍, പിപി മുഹമ്മദ് ഹാഷിം, എംഐ മൊഹമ്മദ്, പിപി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍ അഫ്‌സല്‍, എന്‍ റമീസ് തുടങ്ങിയ നേതാക്കളാണ് ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി പ്രഖ്യാപിച്ചത് . ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ് ഇവര്‍ രാജി കത്ത് നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമായത് കൊണ്ട് രാജി സമര്‍പ്പിക്കുന്നുയെന്നാണ് ബിജെപി നേതാക്കള്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment