സാന്റാക്ലാര വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി; വെടിയേറ്റു മരിച്ച സിങ്ങിന് ബാഷ്പാഞ്ജലി

സാന്റാക്ലാര(കാലിഫോര്‍ണിയ): സാന്റാക്ലാരാ വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറട്ടി സൈറ്റില്‍ അതിക്രമിച്ചു കടന്ന് മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതി ഉള്‍പ്പെടെ പത്തായി. പത്തുപേരും ഇവിടെയുള്ള ജീവനക്കാരായിരുന്നുവെന്നും, ഓരോരുത്തരേയും പ്രതിക്ക് നേരിട്ടറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് തന്റെ സുരക്ഷിതത്വം പോലും മറന്ന് ഒടുവില്‍ പ്രതിയുടെ തോക്കില്‍ നിന്നും ചീറിപാഞ്ഞ വെടിയുണ്ടയുടെ മുമ്പില്‍ ജീവന്‍ ബലിയര്‍പ്പിച്ച തപ്‌തേജ്ദീപ് സിങിന് (36) സിഖ് കമ്മ്യൂണിറ്റിയുടേയും കുടുംബാംഗങ്ങളുടേയും കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാജ്ഞലി. കെട്ടിടത്തില്‍ വെടിവെപ്പു നടക്കുന്നുവെന്ന് അറിഞ്ഞതോടെ സിങ് ഉള്‍പ്പെടെയുള്ള പല ജീവനക്കാരും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടി. നില്‍ക്കാത്ത വെടിയുടെ ശബ്ദം കേട്ടതോടെ അഭയം തേടി മറഞ്ഞു നിന്നിരുന്ന സിങ് പുറത്തു വന്ന് കെട്ടിത്തിനകത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തള്ളിമാറ്റി. തുടര്‍ന്ന് മുകളിലേക്കുള്ള പടികള്‍ കയറുന്നതിനിടെയാണ് അക്രമിയുടെ വെടിയുണ്ട സിങ്ങിന്റെ ജീവനെടുത്തത്.

പഞ്ചാബില്‍ ജനിച്ചു വളര്‍ന്ന തപ്‌തേജ്ദീപ് 17 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മാതാപിതാക്കളോടൊപ്പം കലിഫോര്‍ണിയായില്‍ എത്തിയത്. വിറ്റിഎ റെയ്ല്‍ റോഡ് ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏഴു വര്‍ഷത്തെ സര്‍വ്വീസാണ് സിങ്ങിനുണ്ടായിരുന്നത്. ഭാര്യയും മൂന്നും ഒന്നും വയസ്സുള്ള കുടുംബത്തിന്റെ നാഥനായിരുന്നു. നല്ലൊരു പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, മകന്‍ എന്നിവയെല്ലാമായിരുന്നു തപ്ജിത് സിങ്ങെന്ന് സഹോദരന്‍ കര്‍മാന്‍ സിംഗ് പറഞ്ഞു.

സിഖ് കൊയലേഷന്‍ സ്റ്റാഫ് തപ്ജിത് സിങ്ങിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് തപ്ജിത് സിങ് പ്രകടിപ്പിച്ച മനോധൈര്യം ധീരോത്തമമായിരുന്നുവെന്നും സ്റ്റാഫംഗങ്ങള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment