Flash News

അമ്മ – ഓർമ്മകൾ മാത്രം ഒപ്പം ചേരുന്ന വഴിയമ്പലം (വാൽക്കണ്ണാടി): കോരസൺ

May 29, 2021

“ജോയി മരിച്ചു”, അതിരാവിലെ ചേച്ചി ഫോണിൽ അത് പറയുമ്പോൾ വല്ലാത്ത ഒരു തിടുക്കം, അൽപ്പം അമ്പരപ്പോടുകൂടി ഒന്നുകൂടി ചോദിച്ചു, എന്ത് പറ്റിയതാണ്‌? “കോവിടായിരുന്നു, ഭേദം ആയെന്ന് പറഞ്ഞിരുന്നു, പക്ഷേ പോയി”. ജോയി ബന്ധുവാണ് വളരെ സ്നേഹമുള്ള വെറും പാവം മനുഷ്യൻ. ഓട്ടോ ഓടിച്ചായിരുന്നു ജീവിച്ചിരുന്നത്, നാടുവിട്ടതിനുശേഷം വളരെനാളുകൾക്കു ശേഷമാണു ജോയിയെ കാണുന്നത്. വലിയ പ്രായവത്യാസം ഒന്നുമില്ലായിരുന്നെങ്കിലും മോനേ എന്നവിളിയിൽ വാത്സല്യം പൂത്തുലഞ്ഞിരുന്നു. എൻറ്റെഅമ്മ ആശുപത്രിയിൽ ആയിരുന്നപ്പോൾ കോവിഡ് കാലത്തു ആരും കടന്നുവരാൻ മടിച്ചിരുന്ന ദിവസങ്ങളിൽ ജോയി ഒരു തണലായി ഇടയ്ക്കു കയറിവരുമായിരുന്നു. വരണ്ട ഏകാന്തതകളിൽ കരുതലുള്ള കയ്യുമായി, ഒരുതണലായി ജോയിയുടെ സാന്നിധ്യം ഒരുവലിയ ആശ്വാസമായിരുന്നു. ആ തണൽമരവും കോവിഡ് മഹാമാരിയിൽ വീണു.

2020 നവംബറിൽ എന്റെ അമ്മ മുറിയിൽ വീണു എന്ന കേട്ടപാടെ നാട്ടിലേക്കു വച്ചുപിടിച്ചതാണ്, അപ്പോൾ കോവിഡ്-19 ന്യൂയോർക്കിൽ കൊടികുത്തി നിൽക്കെയാണ്, ആയിരങ്ങൾ മരിച്ചുകൊണ്ടിരുന്നു, വാക്‌സിൻ എന്ന് കിട്ടുമോ എന്നു അറിയില്ല, രണ്ടും കൽപ്പിച്ചു പ്രത്യേക വിസ ഒക്കെ സംഘടിപ്പിച്ചു പോയതാണ്. തലയിൽ രക്തസ്രാവം ഉണ്ടായിരുന്നതിനാൽ അമ്മയെ പ്രത്യേക പരിചരണം ഉറപ്പാക്കാനായി വൈക്കത്തുള്ള ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. ന്യൂയോർക്കിൽ നിന്ന് ഡൽഹിക്കുള്ള എയർ ഇന്ത്യയിൽ കയറിയപ്പോൾ ഫ്‌ളൈറ്റിൽ നിറയെ ആളുകൾ, വളരെ പ്രായമുള്ളവരും കുട്ടികളും, എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു. എല്ലാവര്‍ക്കും ഫേസ്ഷീൽഡും പേർസണൽ പ്രൊട്ടക്ഷൻ വേഷവും നിർബന്ധം. വളരെക്കാലത്തിനുശേഷമാണ് എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിക്കുന്നത്. നിറം മങ്ങിയ ഒരു വയസ്സൻ പ്ലെയിൻ, സീറ്റിനിടയിൽ എല്ലാം ഗാർബേജ് കിടക്കുന്നു, മുൻവശത്തെ ട്രേ ഒരു സൈഡ് തൂങ്ങികിടക്കുന്നു. ഒരു പ്ലാസ്റ്റിക്ക്കൂടിൽ കെട്ടിയ ഒരു ബോക്സ് ഭക്ഷണം സീറ്റിൽ വച്ചിരുന്നു, തുറന്നു നോക്കിയപ്പോൾ എന്തൊക്കയോ ഉണങ്ങിയ ഭക്ഷണങ്ങൾ. എങ്ങനെയെങ്കിലും നാട്ടിൽ ചെന്ന് അമ്മയെ കാണണം, അതുകൊണ്ടു എന്തും സഹിക്കാമെന്നു വച്ചു, എയർ ഇന്ത്യയുടെ പൈലറ്റിൽ വിശ്വാസം അർപ്പിച്ചു കണ്ണടച്ച് ഇരുന്നു.

ഒരു എയർ ഹോസ്റ്റസും ആ വഴിക്കു വന്നില്ല. ഇനി ഏതാണ്ട് 14 മണിക്കൂർ പോകണം. പ്‌ളെയിൻ പറന്നുയരാൻ തുടങ്ങിയപ്പോൾ മുന്നിൽ ഇരുന്ന കുട്ടി സീറ്റിൽ ചവിട്ടോടു ചവിട്ട്, ഡ്രില്ലിങ് മെഷീൻ പോലെ വൈബ്രേഷനും ഒപ്പം അലർച്ചയും. കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മ ദയനീയമായി എന്നെ നോക്കി. സാരമില്ല എന്ന രീതിയിൽ ഞാൻ കൈകാണിച്ചു. പക്ഷെ അത് 14 മണിക്കൂറും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കും എന്ന് ജന്മത്തിൽ നിരുവിച്ചില്ല. ഇടയ്ക്കു ബാത്ത്‌റൂമിൽ പോകാൻ നേരത്തു കുട്ടിയെ ഒന്ന് നോക്കണേ എന്ന് എന്നോട് പറഞ്ഞപ്പോൾ എന്താ പറയുക എന്നറിയില്ല, സമ്മതിച്ചു. എന്തായാലും ഒരു ജീവിതത്തിലെ വിഷമം മുഴുവൻ ഒന്നിച്ചനുഭവിച്ചതുപോലെ ആയിരുന്നു ആ നരക യാത്ര. ഇറങ്ങാൻ നേരത്തു അസുഖമുള്ള കുട്ടിയെ നെഞ്ചോട് ചേർത്തു പിടിച്ചു പൊറുക്കണം എന്നു എന്റെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ ആ അമ്മയുടെ സഹനത്തിന്റെ കനൽ തിരിച്ചറിഞ്ഞു. ‘അമ്മ മാത്രമാണ് നേര്, അതുമാത്രമാണ് സത്യം മനസ്സിൽ വിതുമ്പി. എന്റെ അമ്മയും ആരോടെങ്കിലും എനിക്കുവേണ്ടി ക്ഷമ ചോദിച്ചിട്ടുണ്ടാവണം.

കൊച്ചിക്കുള്ള കണക്ഷൻ ഫ്ലൈറ്റ് കിട്ടാൻ അടുത്ത 4 മണിക്കൂർ. ഡൽഹി എയർപോർട്ട് വിജനം, കടകളും ആളുകളും തീരെയില്ല, എയർകണ്ടിഷനും പ്രവർത്തിക്കുന്നില്ല, പുക നിറഞ്ഞു നിന്നിരുന്ന ഡൽഹിയുടെ പുറത്തെ അന്തരീക്ഷവും, ഈറനായ അകത്തെ അന്തരീക്ഷവും ഏതാണ്ട് ചുടലക്കാട്ടിൽ ചെന്നുപെട്ടപോലെ. ഏതായാലും അവിചാരിതമായി കണ്ടുമുട്ടിയ പ്രതീപ്നായർ ഒപ്പം ഉണ്ടായിരുന്നത് ആശ്വാസമായി. കൊച്ചിക്കുള്ള ഫ്ലൈറ്റും നിറയെ ആളുകൾ. എല്ലാവരും അടുത്തിരിക്കുന്നവരെ ഭയത്തോടെയാണ് കാണുന്നത്. അറിയാതെ ആരെങ്കിലും ചുമച്ചാലോ തുമ്മിയാലോ പിന്നെ തലയും മൂടി ഒറ്റ ഇരുപ്പാണ്. കൊച്ചിയിൽ ചെന്നപ്പോൾ പെട്ടി വരാൻ കുറെയേറെ വൈകി, കാലദോഷത്തിന്റെ കണക്കിൽ അതും കൂടി കൂട്ടി. കോവിഡ് നെഗറ്റീവ് റിപ്പോർട്ട് മുകളിൽ വച്ച് കെട്ടിയിട്ട് കൊച്ചി എയർപോർട്ടിൽ യാതൊരു പ്രയോജനവും ഉണ്ടായില്ല. ടെമ്പറേച്ചർ എടുത്തു ഫോൺ നമ്പറും വാങ്ങി നേരെ വെളിയിൽ പോകൂ എന്ന് ശൂന്യാകാശ സഞ്ചാരിയെപ്പോലെ ഉള്ള ചിലർ വിരൽ ചൂണ്ടി നീക്കിവിട്ടു.

എന്തിനാ ഇത്രയും പെട്ടികൾ, പെട്ടികൾ തനിയെ എടുത്തു വയ്‌ക്കണം എന്നാണ് നിയമം, സാറെ ഒന്ന് സഹകരിക്കണം എന്ന് അച്ചടി ഭാഷയിൽ. ഏതായാലും അതിനുള്ള ത്രാണി ഇല്ലാഞ്ഞതിനാൽ റിയാസ് കയ്യിൽ ഗ്ലവുസ് ഒക്കെഇട്ടു പെട്ടി ഒരു വിധത്തിൽ വണ്ടിയിൽ കയറ്റി വച്ചു. പിറകിൽ ഇരിക്കണം എന്നാണ് നിയമം, ഒക്കെ നോ പ്രോബ്ലം എന്ന് പറഞ്ഞു പിറകിൽ കയറി. ഡ്രൈവർ സീറ്റിനു പിറകു വശത്തെ ഭാഗം കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടിയിരിക്കയാണ്. രണ്ടു സൈഡിൽ നിന്നും തുറന്നിട്ട ഗ്ലാസ്സിലൂടെ രാവിലത്തെ ഹ്യൂമിഡിഫൈഡ് കാറ്റ് അടിച്ചു കയറി ഒട്ടും ശ്വാസം വിടാനാവാത്ത അവസ്ഥ. എയർകണ്ടീഷൻ ഉപയോഗിക്കാൻ പാടില്ലത്രേ, ഇനി അടുത്ത നാല് മണിക്കൂർ പന്തളത്തു എത്തുമ്പോഴേക്കും എണ്ണയിൽ വറത്തുകോരിയ എത്തിക്കയപ്പം പോലെയാകും എന്നതിൽ തർക്കമില്ല. ഇടയ്ക്കു ഒന്ന് നിറുത്തു, ഒരു കാപ്പി കുടിക്കണം എന്നുണ്ട്. എവിടെ കേൾക്കാൻ? “ഇവിടുത്തെ വെള്ളവും ഒന്നും കുടിക്കാൻ പറ്റില്ല”. കൂടുതൽ നിർബന്ധിച്ചപ്പോൾ ഒരു കടയുടെ മുന്നിൽ നിറുത്തി ഒരു ബോട്ടിൽ വാട്ടർ വിൻഡോയില്‍ കൂടി നിക്ഷേപിച്ചു റിയാസ് വണ്ടി അടിച്ചുവിടുകയാണ്. ഒരു പരുവത്തിനു വീടിന്റെ മുന്നിൽ കൊണ്ടു നിറുത്തിയിട്ടു നാളെ കാണാം എന്ന് പറഞ്ഞു ഓടിപ്പോയി. എന്താ കഥ! അമ്മയെ കാണാനുള്ള ആഗ്രഹത്തിൽ ഇതൊക്കെ നിസ്സാരം എന്ന് എഴുതിത്തള്ളി. പ്രവാസികളാണ്‌ ഈ കേരളം മുഴുവൻ കോവിഡ് വിതരണം ചെയ്യുന്നത് എന്നാണ് കേരളത്തിലുള്ളവർ വിശ്വസിച്ചിരുന്നത് എന്നു തോന്നുന്നു.

ഒരുവിധത്തിൽ രാവിലെ വീട്ടിലെത്തി, ഒരു കാപ്പി കുടിക്കണം എന്ന് കൊതിച്ചു, ആരും വീട്ടിൽ ഇല്ല, കൈയ്യിൽ കൊണ്ടുവന്നിരുന്ന ബോട്ടിൽ വാട്ടറും സ്നാക്കുമായി ചില ഏകാന്ത ദിനങ്ങൾ കടന്നുപോയി. പത്രം എടുക്കാൻ വെളിയിൽ ഇറങ്ങിയാൽ പുലിവരുന്ന പോലെ നാട്ടുകാരും അയൽക്കാരും ഓടി ഒളിക്കും. ഫോണിൽകൂടി പോലും വിളിക്കില്ല അതിലൂടെ അമേരിക്കൻ കോവിഡ് പടർന്നാലോ?. പിറ്റേ ദിവസം റിയാസ് വിളിച്ചു, കാപ്പിയും ബ്രേക്ക്ഫാസ്റ്റും വാതിലിനു പുറത്തു വച്ചിരിക്കുന്നു. “കഴിച്ചു കഴിഞ്ഞു പാത്രം പുറത്തു വച്ചാൽ മതി”, അങ്ങനെയാവട്ടെ, അല്ലാതെ തരമില്ലല്ലോ. അങ്ങനെ ചില ദിവസങ്ങൾ കടന്നു. അയൽക്കാരനായ സുഹൃത്ത് ജോസ് ഭക്ഷണം വെളിയിൽ കൊണ്ടുവച്ചിട്ടു വിളിച്ചു പറയാറുണ്ട്. ‘മരണത്തിന്റെ മൊത്ത വിതരണക്കാരനായ’ അമേരിക്കക്കാരനെ അപ്പോൾ എങ്ങനെ നാട്ടുകാർ കാണുന്നു എന്ന് അറിഞ്ഞപ്പോൾ നടുങ്ങാതിരുന്നില്ല.

രണ്ടും കൽപ്പിച്ചു ഏകാന്തതയുടെ ഇടയിലേക്ക് കടന്നുവന്ന ഒരു ആത്മാർത്ഥ മിത്രം മാത്രം. പക്ഷേ കക്ഷിക്ക്‌ പകൽ രണ്ടെണ്ണം പൂശണം ഡ്യൂട്ടി ഫ്രീ സാധനം വല്ലതും ഉണ്ടോ എന്നറിയണം. “എന്നാലും ഈ അമേരിക്കക്കാർക്ക് എന്ത് പറ്റി? ഇത്രയധികം ആളുകൾ ന്യൂയോർക്കിൽ മരിക്കുന്നു? അവിടുത്തെ സംവിധാനങ്ങൾ ഒക്കെ വെറും പൊളിയാണെന്ന് ഇപ്പോഴാ മനസ്സിലാകുന്നത്. ഇവിടെ നമ്മുടെ ഷൈലജ ടീച്ചർ എന്താ പ്രവർത്തനം!! അവരെ അമേരിക്കയിൽ കൊണ്ടുപോയി അവിടുത്തെ കാര്യങ്ങൾ ഒന്ന് ശരിയാക്കിക്കൂടേ? ഇവിടെ ഒരുത്തനെയും വെളിയിൽ വിടില്ല, എത്ര കൃത്യമായ അടയാളപ്പെടുത്തൽ! ” സുഹൃത്ത് വാചാലനായി, ഒന്നും പറയാനാവാതെ ഞാൻ കുഴങ്ങി.

ഇടയ്ക്കു പ്രാഥമീക ആരോഗ്യകാര്യ സംരക്ഷകനും ഡിസ്ട്രിക്ട് പോലീസ് ഡിപ്പാർട്മെന്റിൽനിന്നും അന്വേഷണങ്ങൾ ഉണ്ടായി. അമ്മ വൈക്കത്തു ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിലാണ്, ഏക മകനായ ഞാൻ അമേരിക്കയിൽ നിന്നും എത്തി കാണാനുള്ള ശ്രമമാണ് എന്ന് പറഞ്ഞപ്പോൾ, ഒരു കോവിഡ് ടെസ്റ്റ് എടുത്തിട്ട് ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്തിട്ട് പൊയ്ക്കൊള്ളാൻ അനുമതി തന്നു. അങ്ങനെ വൈക്കത്തു അടുത്തുള്ള കുഗ്രാമത്തിൽ ആണെങ്കിലും അമേരിക്കൻ പേരിൽ അറിയപ്പെടുന്ന സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അമ്മയെ കാണാൻ അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടർ അനുവാദം തന്നു. “അമ്മ അറിയുമോ ഇതാരാണ്?” ഡോക്ടർ അമ്മയോട് ചോദിച്ചു. ഞാൻ മാസ്ക് മാറ്റി മുഖം കാട്ടി, “ഇത് എന്റെ മോനാ”, ‘അമ്മ സന്തോഷത്തോടെ പറഞ്ഞു. അതുവരെ ഒന്നും മിണ്ടാതെ കിടന്ന ‘അമ്മയുടെ സംഭാഷണത്തിൽ ഡോക്ടർ അത്ഭുതപ്പെട്ടു. എന്റെ ഹൃദയത്തിൽ ഒരുകോടി പുഷ്പങ്ങൾ വിരിഞ്ഞു. അമ്മയുടെ പിന്നെയുള്ള രോഗശമനം ഡോക്ടറെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. മകന്റെ സാന്നിധ്യം നന്നായി അതുകൊണ്ടു അടുത്ത് ഉണ്ടായിരിക്കണം എന്ന് ഡോക്ടറും പറഞ്ഞു. അപ്പോഴേക്കും ആശുപത്രി ബിൽ ലക്ഷങ്ങൾ കടന്നിരുന്നു. ചില സുഹൃത്തുക്കൾ വഴി കുറച്ചു പണം മാത്രമായിരുന്നു അതുവരെ അടച്ചത്. അതുകൊണ്ടു ബാക്കി പണം അടക്കാനായി ഹോസ്പിറ്റൽ ബിസിനസ് ഓഫീസിൽ ചെന്നു, അപ്പോഴാണ് പുതിയ പ്രശ്നം.

നിങ്ങൾ പണം അടച്ചോളൂ , പക്ഷെ ഇന്ന്തന്നെ ഇവിടുന്നു പോകണം. നിങ്ങൾ അമേരിക്കയിൽ നിന്നും വന്നിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ, പതിനാലു ദിവസം കൊറന്റൈൻ കഴിഞ്ഞു കോവിഡ് ടെസ്റ്റ് കഴിഞ്ഞു വന്നാൽ മതി. അപ്പോൾ അമ്മയെ ആരുനോക്കും? ആരാണ് ബില്ല് കൊടുക്കുക? അതൊന്നും ഞങ്ങൾക്കറിയണ്ട, പണം അടച്ചിട്ടു പോയ്‌കൊള്ളൂ, അത് ഹോസ്പിറ്റൽ മേധാവിയുടെ അന്ത്യശാസനം ആയിരുന്നു. അയാളും ഹോസ്പിറ്റൽ നഴ്സിംഗ് മേധാവിയുമായി ചർച്ച നടത്തിയിട്ടാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. വിസിറ്റിംഗ് സമയത്തു അമ്മ എന്നും എന്നെ പ്രതീക്ഷിച്ചിരുന്നു അതുകൊണ്ടു ഞാൻ കാണാമറയത്തുള്ള ഒരു അതിഥി മുറിയിൽ താമസിച്ചു ദിവസവും അനുവദിക്കുന്ന സമയത്തു എല്ലാ സുരക്ഷാ ക്രമീകരണങ്ങളൂം നോക്കി അമ്മയെ കാണാനും പുരോഗതി അറിയാനും നിരന്തരം നീട്ടികൊണ്ടിരുന്ന ലക്ഷങ്ങളുടെ ബില്ല് അടച്ചുകൊണ്ടിരിക്കാനും ശ്രദ്ധിച്ചു. പെട്ടന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

“മാഡം വിളിക്കുന്നു” എന്ന് സെക്യൂരിറ്റി അറിയിച്ചു. ആരാപ്പോ ഈ മാഡം? “അറിയില്ലേ, ഇവിടുത്തെ നഴ്‌സിംഗ് സൂപ്രണ്ട്?”. ഓ, എത്തിയേക്കാം. മാഡം എത്തി, അതൊരു ഒന്നര വരവായിരുന്നു!, ഒരു എഴുന്നെള്ളത്ത് എന്ന് പറഞ്ഞാൽ തെറ്റില്ല. ഓറിയന്റൽ ക്യൂൻ പോലെ അണിഞ്ഞൊരുങ്ങി ഒരു പരിവാരവുമായിട്ടാണ് മാഡം കടന്നുപോയത്, പോലീസ് വേഷത്തിൽ അവിടെ മൂക്കിനും മൂലയിലും നിന്നിരുന്ന എല്ലാ സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഭയന്ന് വിറച്ചു സലാം അടിച്ചു നിൽക്കുന്നു. എലിവേറ്റർ വഴി അവർ മുകളിലേക്ക് പോയപ്പോൾ കടൽപ്പരപ്പിൽനിന്നും ഹംപ്ബാക്ക് തിമിംഗലം താഴേക്ക് ഊളിയിട്ടു പോകുമ്പോളുള്ള ഒരു ബ്രീച്ച്!!!.

മാഡത്തിനെ കാണാൻ അവരുടെ മുറിയിലേക്ക് സെക്യൂരിറ്റി ഓഫീസർ കൊണ്ടുപോയി. നിങ്ങൾ ഇവിടെ എന്തെടുക്കുകയാ മാഡം എന്നോട് അലറി. എന്റെ സർവ്വ നിയന്ത്രണങ്ങളും കൈവിട്ടു. അതേ സ്വരത്തിൽ അൽപ്പം എല്ലാവരും കേൾക്കതന്നെ പ്രതികരിച്ചു, മര്യാദ ഇല്ലെങ്കിൽ ഞാനും മര്യാദ കാണിക്കില്ല, എന്റെ അമ്മയെ ഇവിടെ അനാഥയായി വിട്ടിട്ടു ഞാൻ പോകണോ? എനിക്ക് കോവിഡ് ഇല്ല എന്ന് ഉറപ്പുവരുത്തുന്ന മെഡിക്കൽ ഓഫീസർ റിപ്പോർട്ട് അടക്കമുള്ള എല്ലാ രേഖകളും അവരുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു. ആദ്യമായിട്ടാണ് അവർ ആരുടെയെങ്കിലും ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നത് എന്ന് തോന്നി. “നിങ്ങൾ അമേരിക്കാരൻ ആണെന്ന ബോധത്തിലായിരിക്കും ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത്” ഞാൻ അമേരിക്കക്കാരൻ ആണെന്ന് ആരോടും പറഞ്ഞിട്ടില്ല. അൽപ്പം മര്യാദയായി രോഗികളുടെ കുടുംബത്തോട് ഇടപെടുക. ഇത്രയും നല്ല രീതിയിൽ ഒരു ആശുപത്രി നിർമ്മിക്കാൻ ശ്രമിച്ച അമേരിക്കയിൽ നിന്നും എത്തിയ കർമ്മ യോഗി നിങ്ങളെ ഓർത്തു ലജ്ജിക്കയില്ലേ? ഒരു വിധത്തിൽ ആരോ ഇടപെട്ടു മാഡത്തിന്റെ പോലീസ് ചോദ്യം ചെയ്യലിൽ നിന്നും ഒഴിവായി.

അമ്മക്ക് അൽപ്പം ഭേദം ആയ നിലയിൽ ഒരു അമേരിക്കൻ സുഹൃത്ത് ആരംഭിച്ച ആശുപത്രിയിൽ ശിശ്രൂഷിച്ചിട്ടു, ആരോഗ്യം ഒന്നുകൂടി സ്റ്റെഡി ആയിട്ടു വീട്ടിൽ കൊണ്ടുപോകാം എന്നു തീരുമാനിച്ചു. വീടിനടുത്തായിരുന്നതിനാലും ആശുപത്രിയിൽ അൽപ്പം സ്വാതന്ത്ര്യം ഉള്ളതിനാലും മികച്ച പരിചരണവും ലഭിച്ചു. അമ്മയുടെ 90 -ആം ജന്മദിനം ആശുപതിയിലെ ജീവനക്കാരോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം ആഘോഷിച്ചു. അമ്മ ബോധപൂർവം കൂദാശകൾ ഒക്കെ കൈകൊണ്ടു, ചില ചാരിറ്റികൾ ചെയ്തു, ട്യൂബ് ഫീഡിങ്ങിൽ നിന്നും മാറ്റി നേരിട്ട് ഭക്ഷണം കഴിച്ചുതുടങ്ങി. രാത്രിയാകുമ്പോൾ എന്നാൽ മോൻ പോയ്ക്കോളൂ നാളെ വന്നാൽ മതി എന്ന് പറഞ്ഞു തുടങ്ങി. അമ്മയെ വീട്ടിലേക്കു കൊണ്ടുവന്നു ശിശ്രൂഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ബെഡും സഹായികളെയും ക്രമീകരിച്ചു. അപ്പോഴേക്കും എനിക്ക് തിരികെ പോകാനുള്ള സമയം അടുത്തു.

യാത്ര തിരിക്കുന്ന രാത്രി ആശുപത്രിയിൽ നിന്നും ഒരു അത്യാവശ്യകോൾ, എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി നോക്കിയപ്പോൾ അമ്മക്ക് കോവിഡ് പോസിറ്റീവ്. അമ്മക്ക് മാത്രം എങ്ങനെ? ഒപ്പം നിന്ന മറ്റാർക്കും കിട്ടിയില്ല അതുകൊണ്ടു ഒന്നുകൂടി നോക്കൂ. വീണ്ടും ടെസ്റ്റ് പോസിറ്റീവ്, “എത്രയും വേഗം വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുക”. ആരു കൊണ്ടുപോകും? ഏതു ആംബുലൻസ്? എങ്ങോട്ട് ? ചോദ്യങ്ങൾ മാത്രം. ആരോടും ചോദിക്കാനും ആർക്കും സഹായിക്കാനും പറ്റുന്നില്ല. ഏതോ ആശുപത്രി ജീവനക്കാരിൽനിന്നും കോവിഡ് അമ്മയിലേക്കു പകർന്നതാണെന്നു പിന്നീട് അറിഞ്ഞു. കോവിഡ് ആണെങ്കിലും ആളുകൾ കഴിവതും ജോലിക്കു പോകും, വീട്ടിൽ ഇരുന്നാൽ പണം ലഭിക്കില്ലല്ലോ. ഒന്നിൽ കൂടുതൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാരും ഉണ്ട്.

ആകെ കുഴഞ്ഞുമറിഞ്ഞു കാര്യങ്ങൾ. രാവിലെ പ്രത്യേക സംവിധാനം ഒരുക്കി തിരുവല്ലയിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് അമ്മയെ മാറ്റി. അവിടെ കോവിഡിന്റെ കൊടികുത്തിയ ആശുപത്രിയായതിനാൽ ആരെയും കൂടെ നിറുത്താൻ സമ്മതിച്ചില്ല. അമ്മയെ അവരെ ഏൽപ്പിച്ചു വീട്ടിൽ എത്തി. ഒരു സമാധാനവും കിട്ടുന്നില്ല. രാവിലെ ഡോക്ടർ വിളിച്ചു ഫോണിലൂടെ അമ്മ ഭക്ഷണം കഴിക്കുന്നതു കാണിച്ചു. ഒരൽപം ആശ്വാസം ആയി, ഐസിയുവിൽനിന്നും സാധാരണ മുറിയിലേക്ക് മാറ്റുകയാണെന്നു പറഞ്ഞു.

പിറ്റേ ദിവസം രാവിലെ തന്നെ ഡ്യൂട്ടി ഡോക്ടർ വിളിച്ചു, അമ്മച്ചിയുടെ കണ്ടീഷൻ അത്ര ശരിയല്ല, ” അടുത്തെവിടെയെങ്കിലും ഉണ്ടോ?” ഇല്ല, ഞാൻ വീട്ടിലാണ്, മറ്റെങ്ങും കയറ്റി ഇരുത്താൻ ഈ ഗതികെട്ട അമേരിക്കക്കാരനെ ഇപ്പോൾ ആരും സമ്മതിക്കുന്നില്ല. സഹോദരിയുമൊപ്പം ആശുപത്രിയിലേക്ക് പോകാനുള്ള ക്രമീകരണം ചെയ്തുകൊണ്ടിരുന്നപ്പോൾ ആശുപത്രിയിൽ നിന്നും വിളിഎത്തി, “അമ്മ പോയി, ധരിപ്പിക്കാനുള്ള വസ്തങ്ങളുമായി എത്തുക”. തലേദിവസം അമ്മ ഭക്ഷണം കഴിക്കുന്നത് കണ്ടതാണ്, കോവിടിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു, അന്ത്യസമയത്തു കൈപിടിച്ചിരിക്കാനോ ചുംബനം നൽകാനോ ഒന്നും സാധിച്ചില്ല, കൈയ്യിൽ കിട്ടിയിട്ട് കൈവിട്ടതുപോലെ. എല്ലാ ശക്തിയോടും പ്രാർത്ഥനയോടും അമ്മയെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. വിധിയുടെ മുന്നിലെ ബലഹീനത, തടസ്സപ്പെടുത്താനാവാത്ത അനിവാര്യത ഒക്കെ പൂർണ്ണമായി ബോധ്യപ്പെട്ടു. എത്രയൊക്കെ ശ്രമിച്ചാലും നടക്കേണ്ടത് നടക്കുകതന്നെ ചെയ്യും, ജീവിതം അത് നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

പുതിയ അവസ്ഥയിൽ പുതിയ പ്രശ്നങ്ങൾ. ഭയം കൊണ്ടായിരിക്കും അളിയനും രണ്ടു സുഹൃത്തുക്കളും അല്ലാതെ വേറെ ആരും എന്നോടും സഹോദരിയോടുമൊപ്പം കൂടെനിൽക്കാൻ തയ്യാറല്ല. മരണവീട്ടിൽ ചെയ്യേണ്ട കർമ്മങ്ങൾ ഒന്നും നിർവഹിക്കാൻ ആരും കടന്നുവന്നില്ല, ഭക്ഷണം പോലും ഞങ്ങൾ തന്നെ ഉണ്ടാക്കേണ്ടിവന്നു. സംസ്കാരം അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി, പള്ളിയിലെ ആദ്യത്തെ കോവിഡ് മരണമാണ്. വർഷങ്ങൾക്കു മുൻപ് വളരെ താഴ്ത്തി ബലപ്പെടുത്തി പണിതിരുന്ന കല്ലറയിൽ അടക്കാൻ അധികാരികൾ അനുവദിച്ചു, പക്ഷേ മറ്റാരും എതിർക്കരുത്. മണ്ണിൽ സംസ്കരിച്ചുകഴിഞ്ഞാൽ വൈറസ് മണ്ണിലൂടെ കിണറിലെ വെള്ളത്തിൽ കലർന്നു പകരാനുള്ള സാധ്യതകൾ ഒക്കെ പള്ളിക്കമ്മറ്റിക്കാർ വളരെ സങ്കീർണമായി ചർച്ച ചെയ്തുകൊണ്ടിരുന്നു. അപ്പോൾ പിന്നെ ദഹിപ്പിക്കുക, അല്ലാതെ മാർഗ്ഗമില്ല, അതിനുള്ള ക്രമീകരണം അന്വേഷിച്ചു. എട്ടടി താഴ്ചയിൽ നന്നായി ട്രീറ്റ് ചെയ്ത കല്ലറയിൽ അടക്കികൊള്ളാൻ ഒടുവിൽ അധികാരികളും പള്ളിക്കമ്മറ്റിയും അനുവദിച്ചു.

ആംബുലൻസുമായി എത്താനാണ് ആശുപത്രിയിൽ നിന്നും അറിയിപ്പ് ഉണ്ടായത്. ഒരുവിധത്തിൽ ഒരു ആംബുലൻസ് തരപ്പെട്ടു. എന്നാൽ ആരാണ് സഹായിക്കുക? സുഹൃത്തുക്കളോ ബന്ധുക്കളോ പള്ളിക്കാരോ കൂടെവരാൻ തയ്യാറല്ല. അപ്പോൾ ഡി.വൈ.എഫ്.എ സഖാക്കൾ മുന്നോട്ടു വന്നു, “കൂടെവരാൻ എത്രപേർ വേണം? അവർക്കുവേണ്ട പേർസണൽ പ്രൊട്ടക്ഷൻ കിറ്റ് ശരിയാക്കികൊള്ളൂ”. ആശ്വാസമായി, ഞാൻ ഒരു വോട്ടില്ലാത്ത കോൺഗ്രസ് അനുഭാവിയായിരുന്നൂട്ടുകൂടി സഖാക്കൾ സഹായത്തിനെത്തി എന്നത് മറക്കാനാവില്ല. പിറ്റേ ദിവസം അവർ നാലുപേർ ഒപ്പം വന്നു ആശുപത്രി മുതൽ സംസ്കാരം കഴിയുന്നതുവരെ താങ്ങും തണലുമായി ഒപ്പം നിന്നതു നന്ദിയോടെ കുറിക്കട്ടെ. അവർ യാത്ര പറഞ്ഞു പോകുമ്പോൾ ഒരു തുക കവറിലിട്ടു കൊടുത്തു, അവർ ചെറുചിരിയോടെ അത് സ്വീകരിച്ചില്ല. ഇത് ഞങ്ങൾ പാർട്ടിക്കുവേണ്ടി നടത്തുന്ന സൗജന്യ സന്നദ്ധ സേവനം ആണ്, അതിൽ ഒരാൾ മെഡിക്കൽ ഡോക്ടർ, മറ്റുള്ളവർ സ്വന്തം ബിസിനെസ്സ് ഒക്കെയുള്ള ചെറുപ്പക്കാരായിരുന്നു. എന്തുകൊണ്ടാണ് പിണറായി സർക്കാരിന്റെ രണ്ടാം വരവ് എന്നതിന്റെ പൊരുൾ പിടികിട്ടി.

ആംബുലൻസുമായി പള്ളിവളപ്പിൽ എത്തിയപ്പോൾ പള്ളിയിലുള്ള സംസ്കാര ശിശ്രൂഷ കഴിഞ്ഞു അച്ചൻ തയ്യാറായി നിന്നിരുന്നു. നേരിട്ട് സെമിത്തേരിയിലേക്കു പോയി അവിടെയുള്ള കല്ലറയിൽ പെട്ടിതാഴ്ത്തി വയ്ക്കുന്നതിനു മുൻപ് അച്ചൻ അന്ത്യകർമ്മങ്ങൾ വളരെ വേഗം നിർവഹിച്ചു. അവസാന ചുംബനം നല്കാനാവാതെ മുഖം ഒന്നുകൂടി കാണാൻ സാധിക്കാതെ മറ്റൊരു മൃതശരീരം പോലെ ഹെഡ്സ്റ്റോണിലുള്ള കുരിശിൽ തൂങ്ങിപ്പിടിച്ചു നിന്നു. നിലവിളികൾ കേൾക്കാതെ അമ്മ മണ്ണിലേക്ക് താഴ്ത്തപ്പെട്ടപ്പോൾ സ്വന്തം ദുർബലത ബോധ്യപ്പെട്ടു.

തലയിൽ തുണിയും ഇട്ടു കണ്ണടച്ചു അമ്മച്ചി എന്നും സന്ധ്യാപ്രാർത്ഥനക്കൊപ്പം പാടുന്ന പ്രീയപ്പെട്ട ഗാനം അറിയാതെ മനസ്സിൽനിന്നും ഉതിർന്നു. “കൂടെ പാര്‍ക്ക നേരം വൈകുന്നിതാ,കൂരിരുള്‍ ഏറുന്നു പാര്‍ക്ക ദേവാ”. മനസ്സിന്റെ പരുക്കുകൾ, സ്നേഹത്തിന്റെ കരുതലുകൾ, കഠിനമായ അസ്വസ്ഥത, തീവ്രമായ സ്നേഹയാത്രയുടെ ഒടുക്കം അങ്ങനെ ഓർമ്മകൾ മാത്രം ഒപ്പം ചേരുന്ന വഴിയമ്പലത്തിൽവച്ചു വിടപറഞ്ഞു.

കോവിഡ് കൂട്ടികൊണ്ടുപോയ എത്രയെത്ര അമ്മമാർ, എത്രയെത്ര സഹോദരങ്ങൾ, എണ്ണമില്ലാത്ത മുഖങ്ങൾ നെടുവീർപ്പുകളുടെ കുമിളകൾ പൊന്തിവരുമ്പോൾ കാലത്തിൻറ്റെ ഓളങ്ങൾ അവയെ തീരങ്ങളിലേക്കു പായിക്കും.

“Death is not the greatest loss in life, The greatest loss is what dies inside us while we live” – Norman Cousins.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top