അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു

ഡാളസ്: വാരാന്ത്യത്തില്‍ അമേരിക്കയില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു. 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാരാന്ത്യം പെട്രോള്‍ പമ്പുകളില്‍ ഈടാക്കുന്നത്. ഒരു ഗ്യാലന്‍ പെട്രോളിന്റെ വില 2.53 ഡോളറില്‍ നിന്നും 3.04 ഡോളറായി വര്‍ദ്ധിച്ചു. പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് പെട്രോളിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്.

കാലിഫോര്‍ണിയയില്‍ 4.18 ഡോളറും, വാഷിംഗ്ടണ്‍ ഡിസിയില്‍ 3.17 ഡോളറുമാണ്. പെട്രോള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്‌സസിലും വില വര്‍ധിച്ചിട്ടുണ്ട്. മൂന്നു ഡോളറിനടുത്താണ് ശരാശരി വില.

കൊളോണിയല്‍ പൈപ്പ് ലൈന്‍ കമ്പനി സൈബര്‍ അറ്റാക്കിനു വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും അവധി വാരവുമാണ് പെട്രോളിന്റെ വില പെട്ടെന്ന് ഉയരാന്‍ ഇടയായതെന്ന് എഎഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒക്‌ലഹോമ സംസ്ഥാനത്ത് വില വര്‍ധിച്ചിട്ടില്ല എന്നു മാത്രമല്ല 4 സെന്റിന്റെ കുറവും ഉണ്ട്. .

34 മില്യണ്‍ ആളുകള്‍ ഈ വാരാന്ത്യം യാത്ര ചെയ്യുമെന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52% വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ വ്യാപനം ശക്തമായതിനാല്‍ മെമ്മോറിയല്‍ ഡെ പോലുള്ള അവധി ദിനങ്ങളില്‍ വാഹനങ്ങള്‍ കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല.

ദേശീയ ശരാശരി അനുസരിച്ച് പെട്രോളിന്റെ വില 3.06 ഡോളറാണ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 1.04 ഡോളര്‍ വര്‍ദ്ധനവ്.

Print Friendly, PDF & Email

Leave a Comment