മെമ്മോറിയൽ ദിനത്തിൽ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവർ തിങ്കളാഴ്ച ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. വിവിധ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച അമേരിക്കന്‍ യോദ്ധാക്കളെ ആദരിക്കുന്നതിനായി മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് ‘മെമ്മോറിയല്‍ ഡേ’ അഥവാ സ്മാരക ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ സ്മാരക ദിനം ഇന്ന് (മെയ് 31) തിങ്കളാഴ്ചയായിരുന്നു.

ജോ ബൈഡന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലെ എന്നിവരും വാഷിംഗ്ടണിന് തൊട്ടടുത്തുള്ള സെമിത്തേരിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിച്ചു.

“നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വിലപ്പെട്ട സേവനം നൽകിയ യോദ്ധാക്കളെ നമ്മള്‍ ഓര്‍ക്കണം,” മുതിർന്ന സൈനികരെയും സേവന അംഗങ്ങളുടെ കുടുംബങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പറഞ്ഞു.

ഡെലവെയർ ആർമി നാഷണൽ ഗാർഡിൽ മേജറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ മകൻ ബ്യൂവിന്റെ മരണത്തിന്റെ ആറാം വാർഷിക ദിനം കൂടിയായിരുന്നു മെയ് 30. 2015 ൽ ക്യാൻസർ ബാധിച്ച് മരിക്കുന്നതിന് മുമ്പ് ഇറാഖിലെ യുഎസ് സേനയില്‍ മേജര്‍ ആയിരുന്നു ബ്യൂ.

“നഷ്ടം എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് എനിക്കറിയാം. അത് നിങ്ങളുടെ നെഞ്ചിന്റെ ഉള്ളകം എത്രത്തോളം നീറിപ്പുകയുന്നുണ്ടെന്നും എനിക്കറിയാം,” ബൈഡന്‍ പറഞ്ഞു.

യഥാർത്ഥത്തിൽ അലങ്കാര ദിനം (Decoration Day) എന്നറിയപ്പെട്ടിരുന്ന ഇത് ആഭ്യന്തര യുദ്ധത്തിനുശേഷമുള്ള വർഷങ്ങളിൽ ആചരിക്കുകയും 1971 ൽ ഔദ്യോഗിക ഫെഡറൽ അവധി ദിനമായി മാറുകയും ചെയ്തു. പല അമേരിക്കക്കാരും ശ്മശാനങ്ങളോ സ്മാരകങ്ങളോ സന്ദർശിച്ച് കുടുംബസംഗമങ്ങൾ നടത്തി പരേഡുകളിൽ പങ്കെടുത്ത് സ്മാരക ദിനം ആചരിക്കുന്നു. അനൗദ്യോഗികമായി, ഇത് വേനൽക്കാലത്തിന്റെ ആരംഭമായി അടയാളപ്പെടുത്തുന്നു.

1865 ലെ വസന്തകാലത്ത് അവസാനിച്ച ആഭ്യന്തരയുദ്ധം, യുഎസ് ചരിത്രത്തിലെ ഏതൊരു സംഘട്ടനത്തേക്കാളും കൂടുതൽ ജീവൻ അപഹരിക്കുകയും തന്മൂലം രാജ്യത്ത് ആദ്യത്തെ ദേശീയ ശ്മശാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

1860 കളുടെ അവസാനത്തോടെ, വിവിധ പട്ടണങ്ങളിലെയും നഗരങ്ങളിലെയും അമേരിക്കക്കാർ വീരമൃത്യു വരിച്ച ഈ സൈനികർക്ക് വസന്തകാല ആദരാഞ്ജലികൾ അർപ്പിക്കാൻ തുടങ്ങി. അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ശ്ംശാനങ്ങളിലും ശവകുടീരങ്ങളിലും പുഷ്പങ്ങളാൽ അലങ്കരിക്കുകയും പ്രാർത്ഥന ചൊല്ലുകയും ചെയ്തു.

ഈ പാരമ്പര്യം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് വ്യക്തമല്ല. നിരവധി വ്യത്യസ്ത സമുദായങ്ങൾ സ്വതന്ത്രമായി അനുസ്മരണ സമ്മേളനങ്ങൾക്ക് തുടക്കമിട്ടിരിക്കാം. 1865 ൽ കോൺഫെഡറസി കീഴടങ്ങി ഒരു മാസത്തിനുള്ളിൽ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ മുമ്പ് അടിമകളായിരുന്ന ഒരു കൂട്ടം ആളുകൾ സ്മാരകദിന അനുസ്മരണങ്ങൾ സംഘടിപ്പിച്ചുവെന്ന് ചരിത്ര രേഖകളില്‍ പറയുന്നു. എന്നാല്‍, 1966 ൽ ഫെഡറൽ സർക്കാർ ന്യൂയോർക്കിലെ വാട്ടർലൂ സ്മാരക ദിനത്തിന്റെ ഔദ്യോഗിക ജന്മസ്ഥലമായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷം മെമ്മോറിയല്‍ ദിന ആഘോഷങ്ങളോ യാത്രകളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം അമേരിക്കക്കാർ മഹാമാരിക്കു മുമ്പുണ്ടായിരുന്ന സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.

ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും 1.8 ദശലക്ഷത്തിലധികം ആളുകൾ യുഎസ് വിമാനത്താവളങ്ങളിലൂടെ കടന്നുപോയി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം യാത്രകൾ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രാവൽ ഗ്രൂപ്പ് എഎഎ അറിയിച്ചു. 37 ദശലക്ഷം അമേരിക്കക്കാർ തങ്ങളുടെ വീടുകളില്‍ നിന്ന് കുറഞ്ഞത് 80 കിലോമീറ്റർ (50 മൈൽ) യാത്ര ചെയ്യുമെന്നും, അവരില്‍ ഭൂരിഭാഗവും റോഡു മാര്‍ഗം യാത്ര ചെയ്യാനാണ് താല്പര്യം കാണിക്കുന്നതെന്നും എഎഎ പറയുന്നു. ഗ്യാസോലിന്റെ വില കുതിച്ചുയര്‍ന്നിട്ടും റോഡു മാര്‍ഗമുള്ള യാത്രയാണ് കൂടുതലും പേര്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment