പൊതുമരാമത്ത്/ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കടലുണ്ടിക്കടവ് പാലം സന്ദർശിച്ചു

കോഴിക്കോട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലം പൊതുമരാമത്ത്/ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. കാലപ്പഴക്കം കൊണ്ട് ബലക്ഷയം വന്ന പാലത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവുവും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു.

പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യത്തെ യോഗത്തിൽ തന്നെ കടലുണ്ടിക്കടവ് പാലത്തിൻ്റെ ബലക്ഷയം ചർച്ച ചെയ്തിരുന്നുവെന്നും അതിൻ്റെ തുടർച്ചയായാണ് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാലം കുറ്റമറ്റ രീതിയിൽ ബലപ്പെടുത്താനാകുമോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടാനും മന്ത്രി നിര്‍ദ്ദേശിച്ചു. അറ്റകുറ്റപ്പണികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും രണ്ട് ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment