Flash News

ഷാര്‍ജയിലെ വിനോദ സഞ്ചാര മേഖലയില്‍ ഷുറൂഖിന്റെ മുന്നേറ്റം; 197 ദശലക്ഷം ദിര്‍ഹംസിന്റെ ബീച്ച് വികസന പദ്ധതി അനാവരണം ചെയ്തു

June 1, 2021

വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് വേ​ഗം കൂട്ടുന്ന പുതിയ ബീച്ച് വികസനപദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). ഖോർഫക്കാൻ തീരത്തെ ‘അൽ ലുലുയ’ ബീച്ച്, ഷാർജ ന​ഗരത്തോട് ചേർന്നുള്ള ‘അൽ ഹിറ’ ബീച്ച് പദ്ധതികളാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്. വിനോദവും സാഹസികതയും സമ്മേളിക്കുന്ന ലോകോത്തോര നിലവാരത്തിലുള്ള സഞ്ചാരാനുഭവങ്ങളും സൗകര്യങ്ങളും ഈ ബീച്ചുകളിലുണ്ടാവും.

ഷാർജ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഷുറൂഖ് എക്സിക്യുട്ടിവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പുതിയ പദ്ധതികൾ അനാവരണം ചെയ്തത്. യുഎഇ നിവാസികൾക്കും സഞ്ചാരികൾക്കുമെല്ലാം ഒരുപോലെ ഉല്ലാസപ്രദമാകുന്ന സാംസ്കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അം​ഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപാടുകൾ പിൻപറ്റിയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മർവാൻ ബിൻ ജാസിം അൽ സർക്കാൽ വിശദീകരിച്ചു.

“ഷാർജയുടെ സമ​ഗ്രവളർച്ച ലക്ഷ്യമാക്കി, ഷുറൂഖ് ആവിഷ്കരിക്കുന്ന സുസ്ഥിര വികസനപ്രവർത്തനങ്ങളുടെ ഭാ​ഗമാണ് പുതിയ ബീച്ച് വികസന പദ്ധതികൾ. യുഎഇ നിവാസികൾക്കും അഭ്യന്തര-വിദേശ സന്ദർശകർക്കുമെല്ലാം പുത്തൻ അനുഭവം പകരുന്ന ലോകോത്തരനിലവാരത്തിലുള്ള കേന്ദ്രങ്ങളാവും ഇത്. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യവും സുരക്ഷയും ഇവിടെ ഉറപ്പ് വരുത്തും. വിനോദസഞ്ചാര മേഖലയിലെ പുതിയ അടയാളപ്പെടുത്തലാവുന്നതോടൊപ്പം തന്നെ യുവസംരഭകർക്കും നിക്ഷേപകർക്കുമെല്ലാം ഇടമൊരുക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്” – പദ്ധതികൾ അനാവരണം ചെയ്യവേ മർവാൻ അൽ സർക്കാൽ പറഞ്ഞു.

പ്രകൃതിദത്തമായ ഖോർഫക്കാന്റെ കിഴക്കൻ തീരത്ത് 110 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് അൽ ലുലുയ ബീച്ച് പദ്ധതിയൊരുങ്ങുന്നത്. 1.6 കിലോമീറ്റർ നീളത്തിലുള്ള തീരവികസനത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും സാഹസിക സഞ്ചാരികൾക്കുമെല്ലാം അനുയോജ്യമായ ധാരാളം സഞ്ചാരാനുഭവങ്ങളൊരുങ്ങും. ട്രംപോളിൻ, ഊഞ്ഞാലുകൾ, മിനി സ്വിമ്മിങ് പൂൾ, കളിസ്ഥലങ്ങൾ തുടങ്ങിയ വിശേഷങ്ങളോടൊപ്പം കുട്ടികൾക്ക് സുരക്ഷിതമായി നീന്തിത്തുടിക്കാവുന്ന, ആഴം കുറഞ്ഞ തീരവും ഇവിടെയുണ്ടാവും. മരത്തടികൾ പാകിയ നടപ്പാതകളും കുടുംബങ്ങൾക്ക് ഒരുമിച്ച് വിശ്രമിക്കാവുന്ന കേന്ദ്രങ്ങളും തീരത്തിന്റെ മനോഹാരിത കൂട്ടും.

സമീപത്തുള്ള സുഫെ മലയുമായി ബന്ധിപ്പിച്ചുള്ള സാഹസിക വിനോദങ്ങളാവും ഈ തീരത്തെ ഏറ്റവും ആകർഷകഘടകങ്ങളിലൊന്ന്. ബീച്ചിനോട് ചേർന്നുള്ള മലകളിലൂടെയുള്ള ട്രക്കിങ്, ക്യാംപിങ്ങ്, മൗണ്ടൻ സൈക്ലിങ് അനുഭവങ്ങളോടൊപ്പം മലമുകളിൽ നിന്ന് തീരം വരെ നീണ്ടുനിൽക്കുന്ന സിപ് ലൈൻ ആക്റ്റിവിറ്റിയുമുണ്ടാവും. അതിഥികളുടെ സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നൽകിയാണ് ഈ വിനോദങ്ങളൊരുക്കുക. സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച്, കടൽത്തീര കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് രുചി നുണയാനുള്ള ഭക്ഷണശാലകൾ, കഫേകൾ, തുറസ്സായ സിനിമാ തീയറ്റർ, ജിം തുടങ്ങി മറ്റനേകം അനുഭവങ്ങളും ബീച്ച് വികസനപദ്ധതിയുടെ ഭാ​ഗമായൊരുങ്ങും. ഈ വർഷം ആദ്യത്തോടെ ആരംഭിച്ച നിർമാണ പ്രവൃത്തികൾ 2022 നവമ്പർ മാസത്തോടെ പൂർത്തിയാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഖോർഫക്കാൻ തീരത്തിന്റെ മുഖച്ഛായ തന്നെ മാറും.

ഷാർജ ന​ഗരത്തിനടുത്ത്, അറേബ്യൻ ​ഗൾഫിന് അഭിമുഖമായാണ് അൽ ഹിറ ബീച്ചൊരുങ്ങുന്നത്. 87 ദശലക്ഷം ദിർഹംസ് ചെലവഴിച്ചാണ് 3.6 കീലോമീറ്റർ നീളമുള്ള തീരത്തിന്റെ വികസനം. മൂന്നര കിലോമീറ്ററോളം നീളമുള്ള ജോ​ഗിങ് ട്രാക്ക്, പൂന്തോട്ടങ്ങൾ, സൈക്ലിങ് ട്രാക്ക്, ഫുട്ബോൾ കോർട്ടുകൾ, ഫുഡ് ട്രക്കുകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, പ്രാർഥനകേന്ദ്രം തുടങ്ങി അതിഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാവും. 700 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഈ തീരത്തൊരുക്കുന്നുണ്ട്.

നിലവിൽ ഭാ​ഗികമായി സന്ദർശകർക്ക് തുറന്നിട്ടുള്ള അൽ ഹിറ ബീച്ചിൽ കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ചെറുഭക്ഷണശാലകൾ, കരകൗശലവിപണന സ്റ്റാളുകൾ എന്നിവയൊരുക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ ആരംഭിച്ച ബീച്ച് വികസനപ്രവൃത്തി ഈ വർഷം ഒക്ടോബറോടെ പൂർത്തീകരിച്ച് പൂർണമായും സന്ദർശകർക്കായി തുറക്കും.

പുതിയ ബീച്ച് വികസനപദ്ധതികളോടൊപ്പം നിലവിൽ പ്രവർത്തനക്ഷമമായ ഖോർഫക്കാൻ ബീച്ചിന്റെ രണ്ടാംഘട്ട വികസനവും ഷുറൂഖ് പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഷാർജയുടെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുന്ന സുസ്ഥിര വികസനപദ്ധതികൾ, സാമ്പത്തിക-തൊഴിൽ മേഖലകൾക്കും കൂടുതൽ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top