ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാർ നിലപാട് വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ളത്: ഫ്രറ്റേണിറ്റി മൂവ്മെന്റ്.

ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി ജില്ലാ വൈസ്. പ്രസിഡന്റ്‌ സജീർ ടി. സി എം. കെ രാഘവൻ എം. പി ക്ക് നിവേദനം സമർപ്പിക്കുന്നു. ജില്ലാ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ സമീപം

കോഴിക്കോട് : ആർ. എസ്. എസ് ഏജന്റ് പ്രഫുൽ പട്ടേലിന്റെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള ഭരണഘടനാവിരുദ്ധ അടിച്ചമർത്തലിനെതിരെ ലക്ഷദ്വീപ് നിവാസികളുടെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ്.

ആർ. എസ്. എസ് ഏജന്റ് പ്രഫുൽ പാട്ടേലിനെ ലക്ഷദ്വീപിൽ നിന്നും പിൻവലിക്കുക, തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ പാർലമെന്റ് അംഗങ്ങളെ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കൾ സന്ദർശിച്ചു. കെ. മുരളീധരൻ എം. പി യെ ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമ്മൽ ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ എന്നിവർ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ ആവശ്യമായ നടപടികൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എം. കെ. രാഘവൻ എം. പി യെ ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടി. സി സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, നോർത്ത് മണ്ഡലം കൺവീനർ അനീഷ് ബക്കർ എന്നിവർ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഫ്രറ്റേണിറ്റി മണ്ഡലം തലത്തിലും ക്യാമ്പസ്‌ യൂണിറ്റുകളിലും നടത്തിവരുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി പ്രവർത്തകർ രാഷ്‌ട്രപതി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ എന്നിവർക്ക് ഇമെയിൽ അയച്ചു. ആയിര കണക്കിന് ഇമെയിലുകൾ ആണ് പ്രവർത്തകർ അയച്ചത്. ക്യാമ്പസ്‌ യൂണിറ്റുകളിൽ ലക്ഷദ്വീപ് സ്വദേശികളെയും സാമൂഹ്യ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഓൺലൈൻ സംഗമങ്ങൾ നടത്തി.

ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വ്യത്യസ്ത സോഷ്യൽ മീഡിയ ക്യാമ്പയിനുകളും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment