ഹൂസ്റ്റൺ എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂര്‍ണ്ണമെന്റിനു ഉജ്ജ്വല തുടക്കം

ഹൂസ്റ്റൺ: ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ ആരംഭിച്ച ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഉത്ഘാടന വേദിയിൽ രണ്ടു വിശിഷ്ടാതി ഥികൾ! ലോസ് ആഞ്ചലസ്, സോൾ, ബാർസിലോണ, അറ്റ്ലാന്റ എന്നീ നഗരങ്ങളിൽ യഥാക്രമം 1984, 1988, 1992,1996 വർഷങ്ങളിൽ നടന്ന ഒളിംപിക്സ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച, 800 മീറ്ററിൽ ഇന്ത്യക്കു അഭിമാനനേട്ടങ്ങൾ സമ്മാനിച്ച, ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച ട്രാക്ക് ആൻഡ് ഫീൽഡിലെ താര രാജകുമാരി ഷൈനി എബ്രഹാമും ( ഷൈനി വിൽ‌സൺ) ഭർത്താവും നീന്തൽ മല്സരത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയുമായ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിൽസൺ ചെറിയാനുമായിരുന്നു ആ വിശിഷ്ടാതിഥികൾ. ഹൂസ്റ്റണിൽ സ്വകാര്യവശ്യത്തിനു ഹൃസ്വസന്ദർശനത്തിനെത്തിയതാണ്.

ഷൈനി വിൽസണ് 1985 ൽ അർജുന അവാർഡും 1998ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. വിൽസൺ ചെറിയാൻ 2015 ൽ കേരളത്തിൽ നടത്തപ്പെട്ട 35 – മത് ദേശീയ ഗെയിംസിന്റെ മിഷൻ മേധാവിയായും സേവനം അനുഷ്ഠിച്ചു. രണ്ടു പേരും നിരവധി തവണ ഏഷ്യൻ ഗെയിംസുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു സ്വർണ്ണ വെള്ളി മെഡലുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ചു.

ജൂണ്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക് ഹൂസ്റ്റൺ ബാഡ്മിന്റൻ സെന്ററിൽ നടന്ന പ്രഥമ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഉത്ഘാടന ചടങ്ങിൽ പ്രസിഡണ്ട് ഫാ. ഐസക് ബി. പ്രകാശ് അധ്യക്ഷത വചിച്ചു. റവ. റോഷൻ.വി. മാത്യൂസ് പ്രാരംഭ പ്രാർത്ഥന നടത്തി. 40 വർഷം പിന്നിടുന്ന ഹൂസ്റ്റൺ എക്യൂമെനിക്കൽ പ്രസ്ഥാനം ജനോപകാരപ്രഥമായ 40 ഇന പരിപാടികൾക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്നു അച്ചൻ പറഞ്ഞു. സ്പോർട്ട്സ് കോർഡിനേറ്റർ റവ. ഫാ.ജെക്കു സഖറിയ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി എബി മാത്യു സ്വാഗതവും പ്രോഗ്രാം സെക്രട്ടറി ഷാജി പുളിമൂട്ടിൽ നന്ദിയും അറിയിച്ചു. .

തുടർന്ന് കോവിഡ് പ്രതിസന്ധി മൂലം മുടക്കം വന്ന ഐസിഇസിഎച് സ്പോർട്സ് ടൂര്ണമെന്റുകൾ ഔപചാരികമായി ഷൈനി വിൽ‌സൺ ഉത്ഘാടനം ചെയ്തു. വിവിധ കായികാനുഭവങ്ങൾ പങ്കിട്ട ഷൈനി 1992 ലെ ബാർസിലോണ ഒളിംപിക്സിൽ ഇന്ത്യയുടെ ത്രിവർണ പതാകവാഹകയായ ആദ്യ വനിത പദവി അലങ്കരിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് പറഞ്ഞു.

ആദ്യത്തെ ഷട്ടിൽ സെർവ് ചെയ്തു ടൂർണമെന്റ് മെഗാ സ്പോൺസറായ അലക്സ് പാപ്പച്ചന് നൽകി കൊണ്ട് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉത്ഘാടനം വിൽസൺ ചെറിയാൻ നിർവഹിച്ചു. സംഘടനയുടെ മെമെന്റോ പ്രസിഡണ്ട് ഷൈനി വിൽസണ് ഫാ. ഐസക് പ്രകാശ് നൽകി. ഫാ. ജോൺസൻ പുഞ്ചക്കോണം വിൽസൺ ചെറിയാനെ പൊന്നാട അണിയിച്ചു.

ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഡബിള്‍സിന്റെ ആദ്യപാദ മത്സരങ്ങള്‍. ജൂണ്‍ ആറാം തീയതി ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയാണ് ആവേശകരമായ കലാശപ്പോരാട്ടങ്ങള്‍.

ചാമ്പ്യന്‍മാര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി ആണ് സമ്മാനം. കൂടാതെ വ്യക്തിഗത മികവിനുള്ള ട്രോഫികളുമുണ്ട്. ബെസ്റ്റ് പ്ലെയര്‍, റൈസിങ്ങ് സ്റ്റാര്‍ എന്നിവര്‍ക്കും ട്രോഫികള്‍ നല്‍കും.അലക്‌സ് പാപ്പച്ചന്‍ (എം.ഐ.എച്ച് റിയാലിറ്റി) ആണ് മെഗാ സ്‌പോണ്‍സര്‍. ചരിവുപറമ്പില്‍ ഫാമിലിയാണ് ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍മാര്‍. ജോസ് ചെത്തിപ്പറമ്പില്‍ ആന്‍ഡ് ഫാമിലി, ഷാജിപ്പാന്‍, ഓഷ്യാനസ് ലിമോസിന്‍ ആന്‍ഡ് റെന്റല്‍സ് എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് വിനോദ് വാസുദേവൻ, മാധ്യമപ്രവർത്തകരായ സൈമൺ വാളച്ചേരിൽ, ഡോ.ജോർജ് കാക്കനാട്ട്, റെനി കവലയിൽ, ജീമോൻ റാന്നി, ലിഡാ തോമസ് തുടങ്ങിയവരും സംബന്ധിച്ചു.

ഫാ. ഐസക് ബി പ്രകാശ്, ഫാ. ജോൺസൻ പുഞ്ചക്കോണം, ഫാ. ജെക്കു സക്കറിയ, എബി മാത്യു, റെജി കോട്ടയം, ബിജു തോമസ്, രാജൻ അങ്ങാടിയിൽ, ഡോ.അന്നാ ഫിലിപ്പ്, ജോജോ തുണ്ടിയിൽ, നൈനാന്‍ വീട്ടിനാല്‍, ജോണ്‍സണ്‍ ഉമ്മൻ, അനിത് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

Print Friendly, PDF & Email

Related News

Leave a Comment